പ്രാണേശ്വരി 8
Praneswari Part 8 | Author : Professor | Previous Part
“മണ്ണിൽ ഇന്ത കാതൽ ഇൻഡ്രി യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈ ഇൻഡ്രി ഏഴു സ്വരം താൻ പാടുമോ
പെൺമൈ ഇൻഡ്രി മണ്ണിൽ ഇൻബം യേതടാ
കണ്ണയ് മൂടി കനവിൽ വാഴും മാനിട ”
ഇളയരാജ SPB കോംബോ, ആ പാട്ട് എപ്പോ കേട്ടാലും ഒരു പ്രിത്യേക ഫീൽ ആണ്. ഇപ്പൊ പിന്നെ സ്വന്തമായി ഒരു പ്രേമം കൂടി ആയപ്പോ ഇതുവരെ തോന്നാത്ത അർഥങ്ങൾ ഒക്കെ തോന്നുന്നു. എനിക്ക് പണ്ട് തൊട്ടേ ഉള്ള ശീലമാണ് നല്ല പാട്ട് കേട്ടാൽ അറിയാതെ ആ കൂടെ പാടിപ്പോകും, ഞാൻ പതിയെ കണ്ണടച്ച് കാറിൽ ചാരിക്കിടന്നു പതിയെ മൂളി… പാട്ട് നിന്നപ്പോളാണ് കണ്ണ് തുറക്കുന്നത്. പാട്ട് തീരാൻ ആയിട്ടില്ല പിന്നെ എങ്ങനെ ഓഫ് ആയി എന്ന് നോക്കുമ്പോളാണ് എന്നെ നോക്കി ചിരിക്കുന്ന മാളു ചേച്ചിയെ കാണുന്നത്.
“എന്താടി പിശാശേ പാട്ട് നിർത്തിയത്… ”
“ഓ എന്തിനാ പാട്ട് വക്കുന്നത്. നീ പാടുന്നുണ്ടല്ലോ ”
“അത് ഞാൻ ചുമ്മാ പാടിയതല്ലേ, നീ വക്ക് നല്ല പാട്ടാണ് കേക്കട്ടെ ”
“ഡാ ചെക്കാ ഒന്നര മണിക്കൂർ യാത്രയുണ്ട് അവിടെ വരെ വല്ലതും സംസാരിച്ചോണ്ടിരിക്കടാ, അല്ലെങ്കിൽ ഞാൻ ബോർ അടിച്ചു മരിക്കും ”
“ബോർ അടിക്കാതെ ഇരിക്കാനല്ലേ പാട്ട് വക്കാൻ പറഞ്ഞത് ”
“അങ്ങനെ പാട്ട് വെക്കുന്നില്ല, നീ വല്ലതും സംസാരിക്ക് ”
ഞങ്ങൾ ഇത്രയും ഒച്ചയെടുത്തിട്ടും പുറകിൽ നിന്നും ഒരാളുടെ ഒച്ച കേൾക്കാനില്ല, ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങുന്ന ആന്റിയെ ആണ്, അങ്ങനെ ഒരാൾ മാത്രമായ് സുഖിക്കണ്ട എന്ന് ഞാൻ ഉറപ്പിച്ചു. തല പതിയെ രണ്ട് സീറ്റിന്റെയും ഇടയിൽ കൂടെ ഇട്ട് നല്ല ഉച്ചത്തിൽ തന്നെ പേടിപ്പിച്ചു
“ഠോ… ”
ഞാൻ പേടിപ്പിച്ചതും ആൾ ഞെട്ടി ഉണർന്നു
“അമ്മേ… ”
ഞെട്ടി എഴുന്നേറ്റ് നെഞ്ച് തടവുകയാണ് ആന്റി, പിന്നെ എന്നെ നോക്കി ഒരു ദഹിപ്പിക്കലും
“ഡാ നിന്റെ കളി കുറച്ചു കൂടുന്നുണ്ട് കേട്ടോ, എന്റെ നല്ലജീവൻ പോയി ”
“അയ്യടാ അങ്ങനെ ഒറ്റയ്ക്ക് കിടന്നുറങ്ങണ്ട. വീട്ടിൽ ചെന്നിട്ട് രാത്രി കിടന്നുറങ്ങാം. ഇപ്പൊ വല്ലതും സംസാരിച്ച് ഇരിക്കാം ”
“എന്ത് സംസാരിക്കാൻ,… ആ നിന്റെ കോളേജിലെ വിശേഷങ്ങൾ പറ ”
“ഓഹ് കോളേജിൽ എന്ത് വിശേഷം… അങ്ങനെ പോണു ”
“അങ്ങനെ പോയാൽ പോരല്ലോ.നന്നായി തന്നെ പോണം കുറെ കാലം കഴിഞ്ഞു ആലോചിക്കുമ്പോൾ ഓർത്തു വക്കാൻ വല്ലതും വേണം. ”