❤️അനന്തഭദ്രം 6❤️ [രാജാ]

Posted by

“”വയറു വേദനിക്കുന്നുണ്ട്…. സഹിക്കാൻ….. സഹിക്കാൻ പറ്റുന്നില്ല….അമ്മേ… “”

വയറിൽ അമർത്തി പിടിച്ചു കൊണ്ട് വേദന സഹിക്കാൻ കഴിയാതെ ഇടറിയ ശബ്ദത്തിൽ അവൾ എന്നോട് പറഞ്ഞൊപ്പിച്ചു……

 

“”പീരിയഡ്‌സ് ആയതാണോ ……??? “”

സംശയമെന്നോണമെങ്കിലുമുള്ള എന്റെ ചോദ്യം കേട്ടപ്പോൾ, അത്രയും നേരം വേദന കൊണ്ട് പുളഞ്ഞ അവളുടെ കണ്ണുകളിൽ ചെറിയൊരു അമ്പരപ്പ് മിന്നിമറയുന്നത് ഞാൻ കണ്ടു….

“നല്ല വേദനയുണ്ടോ…..”

 

“ഹ്മ്മ്…. “‘

 

“”വാ എഴുന്നേൽക്ക്….’”

എഴുന്നേൽക്കാൻ അവൾ ആദ്യമൊന്നു മടിച്ചിരുന്നു….വേദന സഹിക്കാൻ കഴിയാതെ കൂമ്പിയടഞ്ഞ മിഴികൾ പകുതി മാത്രം തുറന്ന് അവൾ ദയനീയമായി എന്നെ നോക്കി…..

 

“”എന്തേ,, പാഡില്ലേ…… “”

അവളുടെ മനസ്സ് വായിച്ചറിഞ്ഞ പോലുള്ള എന്റെ ചോദ്യം കേട്ടിട്ടാവണം വേദന കൊണ്ട് വലിഞ്ഞു മുറുകിയ ആ മുഖത്ത് പിന്നെയും തെല്ലു ആശ്വാസവും ആശ്ചര്യവും തെളിയുന്നത് എനിക്ക് കാണാമായിരുന്നു….പീരിയഡ് സമയത്ത് പെൺകുട്ടികൾക്ക് അസഹനീയമായ വേദനയുണ്ടാകുമെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും തിരിച്ചറിവ് ഉണ്ടായ പ്രായത്തിൽ ആ നോവിന്റെ ആഴം ശരിക്കും ഞാൻ നേരിട്ട് കണ്ട് മനസ്സിലാക്കിയത് ഏട്ടത്തിയിൽ നിന്നാണ്….മുടങ്ങാതെ വന്നെത്തുന്ന മാസമുറയുടെ കാഠിന്യമേറിയ നാളുകളിൽ ഒരു സ്ത്രീ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ എത്രമാത്രമെന്ന് ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ടതാണ്….

“”എന്റെ കയ്യിൽ പിടിച്ച് പതിയെ എഴുന്നേറ്റാൽ മതി…””

അവളെ എഴുന്നേൽപ്പിക്കാൻ നേരെ നീട്ടിയ എന്റെ കൈകളിൽ അവൾ പതിയെ പിടിച്ചു….പതിയെ എന്റെ കൈകളിലെ ഭദ്രയുടെ പിടുത്തം മുറുകുന്നത് ഞാൻ അറിഞ്ഞു…അവൾ എഴുന്നേറ്റു നിന്നു…..

“”വാ വീട്ടിലേക്ക് പോകാം….പതിയെ നടന്നാൽ മതി…””

 

“”അത്… ഇവിടെ വരെ വന്നിട്ട് കാവിൽ വിളക്ക് തെളിയിക്കാതെ പോകുന്നത് എങ്ങനെയാ… എനിക്കിനി അവിടേക്ക് കയറാൻ പറ്റില്ല….അനന്തേട്ടൻ ഈ വിളക്ക് ഒന്നു വയ്ക്കുമോ….. “”

ഭദ്രയെയും കൊണ്ട് അവിടെ നിന്ന് പോകാൻ തുനിഞ്ഞ എന്നെ തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു….ആ ആവശ്യം ഒരിക്കലും എനിക്ക് നിരാകരിക്കാൻ കഴിയുമായിരുന്നില്ല…. ഭദ്രയുടെ കയ്യിൽ നിന്നും എണ്ണയും തിരിനൂലും വാങ്ങി ഞാൻ കാവിനുള്ളിലേക്ക് കയറി….നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ആ തറയിൽ വിളക്ക് തെളിയിച്ചു പ്രാർത്ഥിച്ചു….കാവിനകത്തേക്കു കയറിയില്ലെങ്കിലും, ഭദ്ര പുറത്തു നിന്ന് തൊഴുതു……നേരം സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു……
അധികം താമസിക്കാതെ ഞാൻ ഭദ്രയെയും കൂട്ടികൊണ്ട് അവിടെ നിന്ന് പോന്നു….നല്ല വേദനയുള്ളത് കൊണ്ട് നടക്കാൻ ബുദ്ധിമുട്ടുന്നതിനാലാകാം എന്റെ ഇടത് കൈമുട്ടിനു താഴെ മുറുകെ പിടിച്ച് പതിയെ ആണ് ഭദ്ര നടന്നത്….

മടങ്ങി വരുമ്പോൾ ആണ് ഭദ്രയുടെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും അസ്ഥിത്തറകളിലേക്ക് എന്റെ ശ്രദ്ധ പോയത്….ഞാൻ പതിയെ ഭദ്രയെയും കൂട്ടി അതിനരികിലേക്ക് നടന്നു…..

Leave a Reply

Your email address will not be published. Required fields are marked *