ശ്രീക്കുട്ടി ചായക്കപ്പ് അവന് നേരെ നീട്ടി.
“ഓഹ് താങ്ക്സ് ”
ചായക്കപ്പ് കൈ നീട്ടി വാങ്ങി അരുൺ ചുണ്ടോട് ചേർത്തു.
ചൂട് ചായ ഒറ്റ വലിക്ക് കുടിച്ച ശേഷം അവൻ വീണ്ടും തിരിഞ്ഞു കിടന്നു.
ഒരു നിമിഷം തന്റെ ഭർത്താവിന്റെ പെരുമാറ്റം കണ്ട് അവളൊന്ന് പകച്ചു നിന്നു.
രാവിലെ തന്നെ ഏട്ടന് മുൻപിൽ കുളിച്ചൊരുങ്ങി വന്നു നിന്നത് തന്നെ ഒരു കംപ്ലിമെന്റ്റ് കിട്ടാനായിരുന്നു.
ഒരു കെട്ടിപ്പിടുത്തം കിട്ടുമെന്നും ആ മാറിൽ ഞെരിഞ്ഞമരുമെന്നും അവൾ വൃഥാ ചിന്തിച്ചുപോയി.
തെല്ല് നിരാശയോടെ ശ്രീക്കുട്ടി റൂം വിട്ട് വെളിയിലേക്കിറങ്ങി.
ചിന്താഭാരത്തോടെ ഓരോ സ്‌റ്റെപ്സ് വീതം അവളിറങ്ങി.
സംഘർഷഭരിതമായിരുന്നു അവളുടെ മനസ്.
നടന്നു നടന്നു അടുക്കളയിൽ എത്തിയത് പോലും അവളറിഞ്ഞില്ല.
ചിന്മയിടെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.
അന്നത്തെ ദിവസം മുഴുവൻ ശ്രീക്കുട്ടി അവർക്കൊപ്പം ചിലവഴിച്ചു.
രാവിലെ മുതലേ അരുൺ മറ്റെങ്ങോ പോയിരുന്നതിനാൽ അവനെ അവൾ പിന്നീട് കണ്ടത് പോലുമില്ല.
രാത്രി ആയപ്പോഴായിരുന്നു അവൻ തിരിച്ചു വന്നത്.
വൈകി വന്നതിനു അമ്മയുടെയും അച്ഛന്റെയും അടുത്ത് നിന്നും കണക്കിന് കിട്ടിയ ശേഷം അവൻ അത്താഴം കഴിക്കാനിരുന്നു.
“മോളെ നീ അവന് വിളമ്പിക്കൊടുക്ക് ”
അമ്മ പറഞ്ഞതനുസരിച്ചു ശ്രീക്കുട്ടി അരുണിന് ഭക്ഷണം വിളമ്പികൊടുത്തു.
അവളുടെ മുഖത്തു പോലും നോക്കാതെ അത് മുഴുവൻ കഴിച്ച ശേഷം അവൻ റൂമിലേക്ക് പോയി.
അല്പ സമയം ഹാളിൽ അവർക്കൊപ്പം ചിലവഴിച്ച ശേഷം ശ്രീക്കുട്ടി പതുക്കെ റൂമിലേക്ക് നടന്നു.
എന്തൊക്കെയോ അരുണിനോട് ചോദിക്കണമെന്ന് അവൾ മനസിൽ കണക്ക് കൂട്ടിയിരുന്നു.
റൂമിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറിയതും അവൾ കണ്ടത് ബെഡിൽ ബോധം കെട്ടുറങ്ങുന്ന തന്റെ ഭർത്താവിനെ ആയിരുന്നു.
നിരാശയോടെ ശ്രീക്കുട്ടി ഭിത്തിയിൽ ചാരിയിരുന്നു നിറ കണ്ണുകളോടെ അവനെ നോക്കി.
ഇതോടു കൂടി മനസിൽ ചില സംശയങ്ങൾ അവൾക്ക് ബലപ്പെട്ടു വന്നു.
അരുണേട്ടന്റെ താല്പര്യത്തോടെയല്ല ഈ വിവാഹമെന്ന് അവൾക്ക് തോന്നിത്തുടങ്ങി.
പക്ഷെ ആ ഡയറിയിൽ വായിച്ച പോലെ എന്നും തന്നെ ഓമനിച്ചു നടക്കുന്ന, തന്നെ എങ്ങും ഒറ്റക്കാക്കി പോകാത്ത, എന്നും ഒരുരുള വായിൽ വച്ചു തരുന്ന ആ അരുണേട്ടന് എന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ മനസിൽ അലയടിച്ചുകൊണ്ടിരുന്നു.