നവീൻ ഇരുന്ന ശേഷം അവന്റെ അരികിൽ ബെഞ്ചിന് അറ്റത്തായി അവളെയും പിടിച്ചിരുത്തി.
ആ ഡെസ്കിനു ഇരുവശത്തും ഉണ്ടായിരുന്ന എല്ലാപേരും പല്ലവിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പല്ലവിക്കണേൽ ഒരു ജാള്യതയും.
അത് മനസിലാക്കിയിട്ടെന്നവണ്ണം നവീൻ എല്ലാപേരോടും ആയി പറഞ്ഞു.
“പല്ലവി എന്നോട് ഒരു പരാതി പറഞ്ഞു.. നിങ്ങളെല്ലാപേരും കൂട്ടത്തിൽ കൂട്ടാതെ അവളെ ഒറ്റപ്പെടുത്തുന്നു എന്ന്. അത് ഉള്ളതാണോ?”
പല്ലവി പെട്ടെന്ന് ഞെട്ടി നവീന്റെ മുഖത്തേക്ക് നോക്കി.
ഒരു നിമിഷം അവിടെ നിശബ്ദത നിറഞ്ഞു, പിന്നെ അശ്വതി നിശ്ശബ്ദതക്ക് വിരാമം ഇട്ട് കൊണ്ട് പറഞ്ഞു.
“ഞങ്ങൾ ആണോ അവളോട് മിണ്ടാത്തത്. ആരോടും മിണ്ടാതെ ഇവളല്ലേ ഒറ്റക്ക് എപ്പോഴും മാറി ഇരുന്നിരുന്നത്.”
അത് ശരിയാണെന്ന രീതിയിൽ ബാക്കി ഉള്ളവരും തലയാട്ടി.
പല്ലവി മുഖം താഴ്ത്തി ഇരുന്നു.
നവീൻ പെട്ടെന്ന് പറഞ്ഞു.
“+2 ഞങ്ങൾ ഒരുമിച്ച് പഠിക്കുന്ന സമയം തൊട്ടേ ഇവൾ അങ്ങനെ ആയിരുന്നു. എന്നിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഞാനും പല്ലവിയും കൂട്ടാകുന്നത് തന്നെ. അപ്പോഴാണ് ഇവൾ പറയുന്നത് നിങ്ങൾ എല്ലാരോടും നല്ല കൂട്ടാകണമെന്നൊക്കെ ഇവൾക്ക് മനസുകൊണ്ട് ആഗ്രഹം ഉണ്ട് പക്ഷെ പണ്ട് തൊട്ടേ ഒറ്റക്ക് ഇരുന്ന് ശീലിച്ചത് കൊണ്ട് സംസാരിക്കാൻ ഉള്ളിൽ ഉള്ള ഭയം കാരണം അതിനു കഴിയുന്നില്ലെന്ന്.”
എല്ലാപേരും പല്ലവിയെ തന്നെ നോക്കി. അവൾ അപ്പോഴും തലകുനിച്ച് ഇരിക്കയായിരുന്നു.
അവരുടെ കൂട്ടത്തിൽ ഇതെല്ലം കേട്ടുകൊണ്ടിരുന്ന ആകാശ് പറഞ്ഞു.
“പല്ലവി.. ഈ ഒരു പേടി ചിലർക്കൊക്കെ ഉള്ളതാണ്. എനിക്കും ഉണ്ടായിരുന്നു… നമ്മൾ തന്നെ ശ്രമിക്കാതെ ആ ഭയം മാറുകയില്ല. അതിനു ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം ആണ്. എല്ലാരുമായും എപ്പോഴും അടുത്ത് ഇടപഴകുക. ഒന്നിനെയും ഭയക്കാതെ സംസാരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എന്നും നമ്മൾ മറ്റുള്ളവരിൽ നിന്നും ഒതുങ്ങി പോകും.”
കൂട്ടത്തിൽ എല്ലാപേരും പല്ലവിയുടെ അവസ്ഥ മനസിലാക്കി അവളെ സമാധാനിപ്പിച്ചു സംസാരിച്ചു. പല്ലവിയും പതുക്കെ അവരോടു സംസാരിച്ചു തുടങ്ങി.
നവീൻ പല്ലവിയുടെ കറികൾ എല്ലാപേർക്കും ആയി പകുത്ത് നൽകി. എല്ലാർക്കും കറികളുടെ ടേസ്റ്റിനെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. അത് പല്ലവിക്കും സന്തോഷം നൽകി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവിൽ വളരെ പെട്ടെന്നാണ് മാറ്റങ്ങൾ ഉണ്ടായത്. ക്ലാസ്സിലെ ഒരു ബെഞ്ചിൽ ഒതുങ്ങി കൂടിയിരുന്ന പെൺകുട്ടിയിൽ നിന്നും കോളേജ് മുഴുവൻ പാറി പറക്കുന്ന ഒരു പൂമ്പാറ്റയായി അവൾ മാറി. അവളുടെ മനസ് ആഗ്രഹിച്ചിരുന്ന പോലെ എല്ലാരുമായും കൂട്ടായി. ആരോട് സംസാരിക്കുന്നതിനും ഭയമില്ലാതായി. എന്തുണ്ടായാലും നവീൻ കൂടെ ഉണ്ടാകും എന്നൊരു ധൈര്യം ആയിരുന്നു അവൾക്ക്.
കോളജിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നതിടയിൽ അവൾ നവീൻ വരാറുള്ള ദിശയിലേക്ക് നോക്കി സ്വയം പറഞ്ഞു.
“ഇവൻ ഇത് എവിടെ പോയി കിടക്കയാണ്. ബസ് വരാനും സമയമായി.”