എന്റെ മാത്രം 1 [ ne-na ]

Posted by

നവീനെ വിളിക്കാനായി ഫോൺ ബാഗിൽ നിന്നും എടുത്ത് നിവർന്ന് നോക്കുമ്പോഴാണ് അവൻ വേഗതയിൽ നടന്നു വരുന്നത് കണ്ടത്. അവർക്ക് പോകാനുള്ള ബസും അവന്റെ തൊട്ടു പിന്നാലെ ഉണ്ട്.
ബസ് അവന്റെ അടുത്ത് എത്തിയപ്പോൾ മുന്നിൽ പോകുന്ന കാർ കാരണം ബസ് ഒന്ന് വേഗത കുറച്ചു. ഈ സമയം കൊണ്ട് നവീൻ ബസിൽ ചാടി കയറുകയും ചെയ്തു.
അവൻ ഒഴിഞ്ഞു കിടന്ന ഒരു സീറ്റിലേക്ക് ഇരുന്നപ്പോഴേക്കും ബസ് സ്റ്റോപ്പിൽ നിർത്തി.
ബസിലേക്ക് കയറിയ പല്ലവി ദേഷ്യം നിറഞ്ഞ മുഖത്തോടെ നവീന്റെ അടുത്ത് വന്നിരുന്നു.
അവളുടെ മുഖഭാവം കണ്ട നവീൻ എന്ത് പറ്റി എന്ന് മുഖം കൊണ്ട് ആഗ്യത്തിൽ ചോദിച്ചു. നവീന്റെ തുടയിൽ ഇറുക്കി ഒരു നുള്ളായിരുന്നു അവളുടെ മറുപടി.
നവീൻ പെട്ടെന്ന് അവളുടെ കൈ തട്ടി മാറ്റി തുടയിൽ തടവിക്കൊണ്ട് ചോദിച്ചു.
“നിനക്കെന്താടി?”
എടുത്തടിച്ചപോലെ അവൾ പറഞ്ഞു.
“കുന്തം.”
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ഭാവത്തിൽ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“നിനക്ക് ഓടിക്കൊണ്ടൊരിക്കുന്ന ബസിൽ തന്നെ ചാടി കയറണം അല്ലെ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“ഓഹ്, അതാണോ കാര്യം.. അതിനു ഇപ്പോൾ ഒന്നും പറ്റിയില്ലല്ലോ.”
അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.
“നീ ഇങ്ങനെ നോക്കി കൊല്ലാതെ. ഞാൻ ഇനി ഇങ്ങനെ ചെയ്യൂല്ല. പോരെ?”
അവൾ മറുപടി ഒന്നും പറഞ്ഞില്ല.
“ഞാൻ ഒരു കാര്യം പറയട്ടെ?”
അവൾ അവന്റെ മുഖത്തേക്ക് എന്താ എന്ന ഭാവത്തിൽ നോക്കി.
“നിനക്ക് ദേഷ്യം വരുമ്പോൾ സൗന്ദര്യം കൂടും. മുഖമൊക്കെ ചുവന്ന് തുടുത്ത്എന്ത് ഭംഗിയാണെന്നോ കാണാൻ.”
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ ഗൗരവ ഭാവം ഒരു പുഞ്ചിരിയിലേക്ക് വഴിമാറി. മുഖത്ത് ഒരു നാണ ഭാവവും നിറഞ്ഞു.
“അയ്യടി. അത് പറഞ്ഞപ്പോൾ അവളുടെ നാണം കണ്ടില്ലേ.”
“പോടാ പട്ടി..”
അത് കേട്ട് അവന്റെ മുഖത്തു ഒരു ചിരി തെളിഞ്ഞു.
അപ്പോഴേക്കും അടുത്ത സ്റ്റോപ്പിൽ എത്തിയിരുന്നു. അവിടെ നിന്നും കയറിയ അവരുടെ കോളേജിൽ പഠിക്കുന്ന രണ്ടു പെൺപിള്ളേർ പല്ലവിയുടെ അടുത്ത് വന്ന് നിന്ന് അവളോട് എന്തൊക്കെയോ സംസാരിച്ചു. പല്ലവിയും അവരോടു എന്തൊക്കെയോ പറഞ്ഞു ചിരിച്ചു. തിരക്ക് കൂടിയപ്പോൾ അവർ രണ്ടുപേരും മുന്നോട്ട് നീങ്ങി നിന്നു.
“കൂട്ടുകാരുടെ എണ്ണം അങ്ങ് കൂടിവരുകയാണല്ലോ..”
അതിനു മറുപടിയായി പല്ലവി പുഞ്ചിരിച്ചു.
തമാശയായി അവൻ വീണ്ടും ചോദിച്ചു.
“ഒരുപാട് കൂട്ടുകാരൊക്കെ ആകുമ്പോൾ എന്നെ മറക്കുമോ നീ?”
ഒരു നിമിഷം പല്ലവി അവന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി. ശേഷം കൈയിൽ ഇരുന്ന മൊബൈൽ മടിയിലേക്ക് വച്ച ശേഷം അവന്റെ വലതു കരം ഇരു കൈകൾക്കുള്ളിലേക്കും അമർത്തികൊണ്ടു അവൾ പറഞ്ഞു.
“ആരൊക്കെ എന്റെ ലൈഫിൽ വന്നാലും നീ കഴിഞ്ഞേ എനിക്ക് മറ്റാരും ഉള്ളു.”
അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ആത്മാർത്ഥത നവീന് ശരിക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
“ഡി, നീ ഇങ്ങനെ സീരിയസ് ആകാതെ. ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *