“കുഴപ്പമില്ല, ഞാൻ അല്ലെ കണ്ടേ.”
അവൾ ഒന്ന് മൂളി. എന്നിട്ട് ചോദിച്ചു.
“കണ്ടിട്ട് എന്തേലും പറയാൻ ഉണ്ടോ.”
അവൻ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു.
“ഒടുക്കത്തെ സെക്സി ആയിരുന്നു നിന്നെ കാണാൻ.”
അവളുടെ മുഖത്ത് പെട്ടെന്ന് നാണം മിന്നി മറഞ്ഞു.
“അയ്യേ.. ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ചെറുക്കൻ പറഞ്ഞത് കേട്ടില്ലേ.”
“വേറെ ആരോടും അല്ലല്ലോ നിന്നോട് അല്ലെ പറഞ്ഞെ. എനിക്ക് നിന്നോട് മനസ്സിൽ തോന്നുന്ന എന്തും തുറന്ന് പറയാനുള്ള അവകാശം ഇല്ലേ?”
അവൾ ഒന്ന് മൂളിയ ശേഷം പറഞ്ഞു.
“നിനക്ക് എന്നോട് എന്തും പറയാം.. നിനക്ക് മാത്രേ അതിനുള്ള അവകാശം ഉള്ളു.”
അത് പറയുമ്പോൾ അവളുടെ സ്വരം വളരെയേറെ ആർദ്രം ആയിരുന്നു.
“നിനക്ക് എന്താടി എന്നോട് ഇത്ര സ്നേഹം?”
കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് അവൾ കിടന്നു. എന്നിട്ട് പറഞ്ഞു.
“ആ.. എനിക്ക് അറിയില്ലെടാ.. എന്നാൽ നീ കഴിഞ്ഞിട്ടേ ഇപ്പോൾ എനിക്ക് വേറെ ആരും ഉള്ളു എന്ന് മാത്രം എനിക്കറിയാം.”
പല്ലവി ഒരു സെന്റിമെന്റ മൂഡിലേക്ക് പോകുന്നു എന്ന് തോന്നിയ നവീൻ പെട്ടെന്ന് വിഷയം മാറ്റാനായി ചോദിച്ചു.
“എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം?”
അവളുടെ മുഖത്ത് ആ ചോദ്യം കേട്ടപ്പോൾ തെളിഞ്ഞു.
“സൂപ്പർ ആയിരുന്നെടാ.. ഞാൻ ജീവിതത്തിൽ ഒരിക്കലും ഈ ഒരു ദിവസം മറക്കില്ല. അമ്മയ്ക്കും നിന്നെ ഒരുപാട് ഇഷ്ട്ടം ആയി.”
അത് കേട്ട് അവൻ പുഞ്ചിരിച്ചു.
“ഇനിയും ഞാൻ ഇടക്കൊക്കെ നിന്നെ ഇങ്ങനെ പുറത്തൊക്കെ കൊണ്ട് പോകാം. പക്ഷെ നിന്റെ ‘അമ്മ സമ്മതിക്കുമോ?”
“അതൊക്കെ അമ്മ സമ്മതിക്കും. നിന്നെ അമ്മയ്ക്ക് വിശ്വാസമാ.”
പെട്ടെന്നു എന്തോ ഓർത്തിട്ടെന്നവണ്ണം അവൻ പറഞ്ഞു.
“ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയി.”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്താടാ?”
“ഞാൻ നാളെ രാവിലത്തെ ട്രെയിന് പാലക്കാട് പോകും. ഇനി കോളേജ് ഓപ്പൺ ആകുന്നേണ്ട തലേ ദിവസമേ വരൂ.”
“അതെന്താടാ പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം.”
“മറ്റന്നാൾ പാറുവിന്റെ പിറന്നാളാ.. ക്ലാസ് ഇല്ലാത്തോണ്ട് എന്നോട് അവിടേക്ക് ചെല്ലാൻ അവൾ പറഞ്ഞു.”
പല്ലവി നെറ്റി ചുളിച്ചു.
“ആരാടാ ഈ പാറു.”
“അപ്പയുടെ മോളാടി.. നമ്മളെക്കാളും രണ്ടു വയസ് ഇളയത്.”
“ഓഹ്, അപ്പോൾ മുറപ്പെണ്ണിന്റെ പിറന്നാൾ ആഘോഷിക്കാൻ പോകയാണല്ലേ.”
“അതേല്ലോ.. ബാക്കി കസിന്സും അവിടെ ഉണ്ടാകും. നല്ല രസമായിരിക്കും.”
പല്ലവി ഒന്ന് ഞെളിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.
“പോയി അടിച്ച് പൊളിച്ച് വാ.”