” എന്ന ഞാൻ പോയിട്ട് വരാം.” അവൾ ഞങ്ങളോട് രണ്ടുപേരോടുമായി പറഞ്ഞു സൈക്കിൾ എടുത്തു പോവാൻ ഭാവിച്ചു
“ഇനിയിപ്പോ മഴ മാറിയിട്ട് പോവാം, വാ അനു ഇവിടിരിക്കാം.!”
“അയ്യോ വേണ്ട ചേച്ചി, ഇതുവരെ മഴ നനഞ്ഞല്ലേ വന്നത് , ഇനി കുറച്ചുകൂടെയല്ലേ വീട്ടിലേയ്ക്കുള്ളു.” അവൾ ഞങ്ങളോട് യാത്ര പറഞ്ഞു സൈക്കിൾ ചവിട്ടി പോയി,
അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു
അവൾ കണ്ണിൽ നിന്ന് മറയുന്നതു വരെ ഞാൻ നോക്കി നിന്നു
” കേറി വാടാ ദുഷ്യന്ത..” ചേച്ചിയെന്നെ കളിയാക്കി വിളിച്ചു
ഞാൻ അകത്തു കയറി ഒന്ന് കുളിച്ചു വസ്ത്രമെല്ലാം മാറി ,
ഒടുക്കത്തെ വിശപ്പുകാരണം ഞാൻ അടുക്കളയിലിരുന്ന കപ്പ പുഴുങ്ങിയതും കയറ്റി ടി.വി. കണ്ടുകൊണ്ടിരുന്നു ,
പക്ഷെ എന്റെ മനസ് കാരണമില്ലാതെ പിടയ്ക്കാൻ തുടങ്ങിയിരുന്നു , മഴ നനഞ്ഞതിനാൽ ആവാമെന്ന് കരുതി ഞാൻ വേഗം റൂമിൽ കയറി കിടന്നു, കിടന്ന പാടെ ഞാൻ മയക്കത്തിലേക്ക് വീണു
രാത്രി എട്ടരയോടെ വീട്ടിലെ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ എണീറ്റത്, അച്ഛനെ ആരെങ്കിലും വിളിക്കുന്നതാവുമെന്നു കരുതി ഞാൻ തിരിഞ്ഞു കിടന്നു,
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ റൂമിലെ ലൈറ്റ് തെളിഞ്ഞപ്പോഴാണ് ഞാൻ എണീറ്റ് നോക്കിയത്, അമ്മയും ചേച്ചിയും എന്റെ റൂമിൽ നിൽപ്പുണ്ട്, ഉറക്കച്ചടവിൽ ആയതുകൊണ്ടു എന്തിനാണ് അവര് വന്നതെന്ന് എനിയ്ക്കു മനസിലായില്ല
അമ്മ മെല്ലെ എന്റെ കട്ടിലിൽ വന്നിരുന്നു എന്റെ തലമുടിയിലൂടെ കയ്യോടിച്ചു, അമ്മയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞട്ടുണ്ട് ,
ചേച്ചി അപ്പോഴും വാ പൊത്തി പിടിച്ചു വരുന്ന കരച്ചിൽ അടക്കി പിടിക്കുകയാണ്,
എനിയ്ക്കു കാര്യം എന്താണെന്നു മനസിലായില്ല .!
‘അമ്മ മെല്ലെ എന്റെ തലമുടി തടവി, ഞാനും അമ്മയും ചേച്ചിയും കൂട്ടുകാരെ പോലെ ആയിരുന്നു, അതുകൊണ്ടു തന്നെ ഇവരുടെ പ്രവർത്തി എന്നെ ഭയപ്പെടുത്തി
” മോൻ ‘അമ്മ പറയുന്നത് കേട്ട് ഒച്ചപ്പാടൊന്നും വെക്കരുത്,.!” ‘അമ്മ എന്നോട് പറഞ്ഞു
” എന്താമ്മേ..!” ഞാനും കരച്ചിലിന്റെ വക്കോളം എത്തിയിരിന്നു
” അതേ, മോനെ ഇവിടെ ആക്കിയിട്ടു അനു പോയില്ലേ, അവൾക്കു ചെറിയൊരു ആക്സിഡന്റ് സംഭവിച്ചു, അവളുടെ സൈക്കിൾ ഒരു കാറുമായി ചെറുതായി മുട്ടി, മോൻ പേടിക്കുന്ന പോലെ ഒന്നുമില്ല, അവളെ നമ്മുടെ സുധീന്ദ്ര ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയട്ടുണ്ട്..!” ‘അമ്മ ഇതും പറഞ്ഞു എന്നെ അമ്മയുടെ മാറിലേക്ക് അടുപ്പിച്ചു
സത്യത്തിൽ എനിയ്ക്കു എന്ത് പറയണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയിരിന്നു.!