തുഷാർ അമ്പരന്നു പോയി. ഇന്നലെ രാത്രി താൻ അടിച്ചു തകർത്തു വന്നതാണ്. അവളെ ആര് കടത്തിക്കൊണ്ട് പോയി.? എങ്ങോട്ട് കടത്തിക്കൊണ്ട് പോയി.? എന്താണ് ഇത്ര പൊടുന്നനെ സംഭവിച്ചത്.? അവന് ഒന്നും വ്യക്തമായില്ല. എവിടെയാണ് വീഴ്ച്ച പറ്റിയത്.?
“ഒന്ന് റോബിനെ വിളിക്കൂ. അവളെ എങ്ങിനെയെങ്കിലും കണ്ടെത്തിയേ പറ്റൂ. കാരണം ഫാക്ടറിയിൽ ആരാണ് അവളെ ഹെല്പ് ചെയ്തിരുന്നത് എന്ന് അവൾക്ക് മാത്രേ അറിയൂ. അവർ എങ്ങാനും സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ കോടികളുടെ തോട്ടം കത്തിച്ചാമ്പലാകും.” തുഷാർ ഭീതിയോടെ പറഞ്ഞു. ജോർജ് വേഗം മൊബൈൽ എടുത്ത് റോബിനെ വിളിക്കാൻ തിടുക്കപ്പെട്ടപ്പോൾ ഡെന്നീസ് പരിഹസിച്ചു.
“ആരെയാ വിളിക്കുന്നെ. കാലനെയോ? ” അവൻ ജോർജ്ന്റെ കൈയിൽ നിന്ന് മദ്യം പിടിച്ചു വാങ്ങി വായിലേക്ക് കമിഴ്ത്തി. തലയൊണ് കുടഞ്ഞിട്ട് താൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ വായും പൊളിച്ചിരിക്കുന്ന മൂവരെയും നോക്കി.
“എടോ മണ്ടന്മാരെ. നിങ്ങളൊക്കെ എന്ത് കള്ളക്കടത്തു കൊന്തന്മാരാടോ? സ്വന്തം വാടകകൊലയാളി ചത്തു പോയ കാര്യം പോലും അറിയാത്ത മരക്കഴുത്തകൾ.” ഡെന്നീസ് വെറുപ്പോടെ പരിഹസിച്ചു. തന്റെ സുഖ ജീവിതത്തിനു മുകളിലേക്ക് പടിയിറക്കത്തിന്റെ മൂടൽമഞ്ഞ് പൊതിഞ്ഞത് അയാളെ നിരാശനാക്കിയിരുന്നു. ലക്ഷങ്ങൾ വരുമാനവും എല്ലാ സുഖസൗകര്യങ്ങളും പെണ്ണുങ്ങളും തന്നിൽ നിന്ന് കൈമോശം വന്നിരിക്കുന്നു എന്ന തിരിച്ചറിവ് അയാളുടെ ആത്മാരോഷത്തെ ഉണർത്തി.
“എന്ത്.. റോബിൻ മരിച്ചു പോയെന്നോ. അവൻ ആരാണെന്ന് തനിക്ക് വല്ലോം അറിയുമോ. പത്തുപേരെ പിണ്ണാക്ക് പൊടിക്കും പോലെ കൈകാര്യം ചെയ്യുന്നവനാ റോബിൻ. അവനെ കൊന്നുകളയാൻ മാത്രം ആരാ.” ജോർജ് ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റ് ആക്രോഷിച്ചു.