“ഓഫീസിൽ പോകരുത്. ഒറ്റക്ക് വീടിനു പുറത്തേക്ക് ഇറങ്ങി നടക്കരുത്. എത്ര ലേറ്റ് ആയാലും ഞാൻ വരുന്നത് വരെ ഒരിടത്തേക്കും പോകരുത്, ആരുടെ കൂടെയും.” അവൻ കർക്കാശമായി അവളെ ഉപദേശിച്ചു.
“ടോയ്‌ലറ്റിലൊക്കെ പൊയ്ക്കോട്ടേ?” അവൾ അവനെയൊന്നു ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു.
“വേണ്ട.. ഞാൻ വന്നിട്ട് കാലിലിരുത്തി ചെയ്യിക്കാം.” അവൻ കലിപ്പോടെ പറഞ്ഞു.
“ആണോ.. ന്നാ വേഗം വാ ട്ടോ. അത്രേം നേരം ഞാൻ സഹിച്ചു നിന്നോളാ.” അവൾ കൊഞ്ചി. അവൻ വീണ്ടും താടിയിൽ പിടിച്ചു കുലുക്കി.
“ന്നാലും ഇക്കാ, എങ്ങോട്ടാ പോകുന്നത് ന്ന് ഒന്ന് പറയൂ.” അവൾ അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചു കൊണ്ടു ചിണുങ്ങിനിന്നു.
“പോകുന്ന സ്ഥലം അറിയില്ല. സ്റ്റേഷന്റെ അടുത്തേക്ക് വാ, അവിടെ വച്ചു സംസാരിക്കാം. ഒരാൾക്ക് തന്നെ കാണാനുണ്ട് എന്നാണ് അവൻ പറഞ്ഞത്. പോകാതെ പറ്റില്ല, നമ്മുടെ നിലനിൽപ്പിന്റെ വിഷയമാണ്.”
അത് പറഞ്ഞിട്ട് അവൻ ബുള്ളറ്റ് ഒന്ന് റൈസ് ആക്കി. അതിന്റെ പടപട ശബ്ദം ഭിത്തിയിൽ തട്ടി തണുത്ത പ്രഭാത ശാന്തതയിൽ അലയടിച്ചു. അവൾ സങ്കടത്തോടെ തലയിളക്കിയപ്പോൾ അവൻ വണ്ടി മുന്നോട്ടെടുത്തു ഗേറ്റ് കടന്നു ചായത്തോട്ടത്തിലൂടെ അകന്നു പോയി. കണ്ണിൽ നിന്ന് മറയുന്നത് വരെ ശാരിക അവനെ നോക്കി നിന്നു. നിറഞ്ഞു വന്ന കണ്ണുകളിൽ അവനൊരു ജലതിരശീലയ്ക്കപ്പുറം അവ്യക്തമായ ചലച്ചിത്രം പോലെ അപ്രത്യക്ഷമായി.
ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വാഹിദിന്റെ മുഖം മ്ലാനമായിരുന്നു. അവന് ആത്മാർത്ഥമായ കുറ്റബോധം തോന്നി. താൻ ആദ്യമായി ശാരിയോട് നുണ പറഞ്ഞിരിക്കുന്നു. ജീവിതത്തിൽ തന്നെ നുണകളില്ലാത്ത, അഭിനയങ്ങൾ ഇല്ലാത്ത, പൊയ്മുഖം ചുമക്കാത്ത വ്യക്തിയാണ് താൻ. എന്നിട്ടും തന്റെ ജീവനായ, തന്റെ ലോകം തന്നെയായ ഒരു കുഞ്ഞിന്റെ മനസ്സ് മാത്രമുള്ള പെണ്ണിനോട് നുണ പറഞ്ഞിരിക്കുന്നു. ഛെ.! താനെന്തൊരു വ്യക്തിത്വമില്ലാത്ത മനുഷ്യനാണ്. കാണാൻ പോകുന്നത് കിഷോറിനെ അല്ല, എലിസബത്തിനെ ആണെന്ന് അവളോട് പറഞ്ഞാൽ കാര്യങ്ങൾ കൈവിട്ട് പോകും. തന്റെ ഉദ്ദേശങ്ങൾ തീരുമാനം പടി നടക്കില്ല. താനൊരു ചതിയൻ ആണെന്ന് അവൾ വിളിച്ചുകൂവും. താൻ ഒരു കള്ളനോ കൊലപാതകിയോ ചൂതാറ്റക്കാരനോ ആയാൽ പോലും അവൾ തന്നെ ഇതേപോലെ സ്നേഹിച്ചു കൊണ്ടിരിക്കും, പക്ഷേ ഏതെങ്കിലും പെണ്ണിനോട് ഹായ് പേരെന്താ എന്നെങ്ങാനും സൗഹൃദത്തിൽ പോലും ചോദിച്ചാൽ ഈ ലോകം അവൾ കീഴ്മേൽ മറിക്കും. ആ അവളോട് എങ്ങിനെ എലിസബത്തിന്റെ അടുത്തേക്കാണ് പോകുന്നത് എന്ന് പറയും.! അവന്റെ മനസ്സിൽ ചെറിയൊരു വിഷാദം കലർന്നു മുഖത്തു മ്ലാനത പടർന്നു. സ്വതവേ ഊർജ്ജസ്വലനും സന്തോഷവാനുമായിട്ടുള്ള വാഹിദ് ഉന്മേഷമില്ലാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു. ചുരത്തിന്റെ പകുതി ഇറങ്ങിക്കഴിഞ്ഞപ്പോൾ താൻ ശാരിയുമായി ആദ്യമായി പ്രണയം പങ്ക് വച്ചരാത്രിയിൽ ഭക്ഷണം കഴിച്ച കടയുടെ മുന്നിൽ എത്തിയപ്പോൾ അവൻ ബൈക്ക് സൈഡ് ആക്കി ഒരു ചൂട് ചായക്ക് ഓർഡർ കൊടുത്തു.