അജുവിനെ അവരുടെയൊപ്പം താമസിപ്പിച്ചു, സ്വന്തം മകനെയെന്ന പോലെ അവർ അജുവിനെ സ്നേഹിച്ചു, സംരക്ഷിച്ചു…..അജുവിന് ഒരു ചെറിയ അസുഖം വരുന്നത് പോലും അവരെ ഒരുപാട് വേദനിപ്പിച്ചിരുന്നു….. ഒരിക്കൽ ഒരു പനി വന്ന് അജു കിടപ്പിലായപ്പോൾ രാവും പകലും അനിത അവനു കൂട്ടിരുന്നു കൊണ്ട് ശുശ്രൂഷിച്ചു….. നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി കിടന്നിരുന്ന അജുവിനെ വാത്സല്യത്തോടെ തഴുകിയ അനിതയുടെ കൈത്തലത്തിൽ മുഖം ചേർത്ത് അവൻ പൊട്ടി കരഞ്ഞു……
“”എന്തിനാ മോൻ ഇപ്പൊ കരഞ്ഞേ….. അമ്മയെ ഓർമ്മ വന്നോ…..?? സാരല്ല്യട്ടോ….ഒരിക്കലും നിന്റെ അമ്മയ്ക്ക് പകരമാകാൻ എനിക്ക് സാധിക്കില്ല….. പക്ഷെ നിനക്ക് എന്നെ നിന്റെ അമ്മയെപ്പോലെ തന്നെ കാണാം…സങ്കടപ്പെടണ്ടട്ടോ…മോൻ ഉറങ്ങിക്കോ…..”’
അനിത അവനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു…നിറഞ്ഞു തുളുമ്പിയ അജുവിന്റെ മിഴികൾ തുടച്ച അനിത അവന്റെ നെറുകയിൽ ചുംബിച്ചു കൊണ്ട് മുടിയിഴകളിൽ തഴുകിയുറക്കി……രവിയും അനിതയും അനുമോളും പകർന്ന സ്നേഹത്തണലിൽ അജു തന്റെ നഷ്ട്ടങ്ങൾ സമ്മാനിച്ച വേദനകൾ വിസ്മരിച്ചു കൊണ്ട് ജീവിക്കാൻ തുടങ്ങി….. ഞാൻ സ്വന്തം വീട്ടിൽ തന്നെ താമസിച്ചോളാം എന്നും ഒരു മതിലിനപ്പുറമെങ്കിലും നിങ്ങളുടെ കൺവെട്ടത്ത് തന്നെ ഞാൻ ഉണ്ടാകുമെന്നും അജു പറഞ്ഞെങ്കിലും രവിയും അനിതയും അവരുടെ അരികിൽ നിന്നും പോകാൻ അജുവിനെ അനുവദിച്ചില്ല……
വർഷങ്ങൾ കടന്നു പോയി രവിയുടെയും അനിതയുടെയും മൂത്ത മകനായും അനുമോളുടെ ചേട്ടനായും അജു വളർന്നു……പഠിത്തം കഴിഞ്ഞ് അജു നാട്ടിലെ തന്നെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്…..ഒരു വിവാഹത്തിനായി രവിയും അനിതയും പലപ്പോഴും അജുവിനെ നിർബന്ധിച്ചെങ്കിലും ഓരോരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ് അവൻ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു…..അനുമോളെ ഡിഗ്രിക്കായി നഗരത്തിലെ കോളേജിൽ ചേർത്തു…..ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അനുമോളെ അവർ ഹോസ്റ്റലിലാക്കി……അതോടെ ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ വരാറുള്ള അനുമോളുമായുള്ള അവരുടെ ഫോൺ വിളികളുടെ എണ്ണം കൂടി….. എന്നാൽ ദിവസങ്ങൾ കടന്നു പോകവേ അനുമോൾക്ക് തന്നോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും എന്തൊക്കെയൊ മാറ്റങ്ങൾ ഉള്ളതായി അജുവിന് അനുഭവപ്പെട്ടു….ഇത്രയും കാലം ഉണ്ടായിരുന്ന ഒരു ചേട്ടനോടെന്ന പോലെയുള്ള അനിയത്തിക്കുട്ടിയുടെ സംസാരവും ഇടപഴകലുമല്ല ഇപ്പോൾ കുറച്ചു നാളായി അനുമോൾ തന്നോട് പ്രകടിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ അജുവിന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി….സാഹോദര്യബന്ധത്തിന്റെ പവിത്രതയും നിയന്ത്രണവും മറികടന്നുള്ള അനുമോളുടെ പെരുമാറ്റം അജു പലപ്പോഴും കർശനമായി വിലക്കി……എന്നാൽ അതും ഫലം കാണാതെ വന്നതോടെ അജു പതിയെ ബോധപൂർവ്വം അനുമോളിൽ നിന്നും അകലുവാൻ തുടങ്ങി……
അജു തന്നോട് കാണിക്കുന്ന അകൽച്ച അനുമോളെ ഒരുപാട് വിഷമിപ്പിച്ചു…..പല തവണയും അവൾ അജുവിനോട് അടുക്കുവാനും മനസ്സ് തുറന്നു സംസാരിക്കുവാനും ശ്രമിച്ചപ്പോൾ അജു ഒഴിഞ്ഞു മാറി…..എല്ലാം രവിയോടും അനിതയോടും തുറന്നു പറയാൻ അജു മനസ്സ് കൊണ്ട് തയ്യാറായതാണെങ്കിലും പിന്നെ അവരെ വിഷമിപ്പിക്കേണ്ടന്നു കരുതി അവൻ ആ ഉദ്യമത്തിൽ നിന്നും പിന്മാറി…….തനിക്കും അനുമോൾക്കും ഇടയിൽ സംഭവിച്ച വിള്ളലുകൾ രവിയുടെയും അനിതയുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനും അജു ശ്രമിച്ചു……….പഠിത്തം പൂർത്തിയാക്കി തിരിച്ചു വീട്ടിൽ എത്തിയ ദിവസം അനു ആദ്യം കാണാൻ ചെന്നത് അജുവിനെയായിരുന്നു….. തന്റെ സ്വന്തം വീട്ടിലെ