ഓർമ്മ വെച്ച കാലം മുതൽ അപ്പൻ എന്ന് കേട്ടാൽ ഭയമായിരുന്നു, ദിവസവും രാത്രിയിലെ മദ്യ സേവ കഴിഞ്ഞ് വന്നു മേരിയെയും എന്നെയും തെറി വിളിക്കാനും തല്ലാനും വരുന്ന ഒരു ദുഷ്ടൻ, അതാണ് അപ്പനെ കുറിച്ചുള്ള എന്റെ മനോഹരമായ ഓർമ്മ. രാത്രിയിൽ അപ്പൻ ഉറങ്ങി കഴിഞ്ഞ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു പാവം, അതാണ് മേരിയെ കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസിലേക്ക് ആദ്യം വരുന്ന ഓർമ്മ (അമ്മച്ചിയെ ഞാൻ ചെറുപ്പം തൊട്ട് മേരി എന്ന് വിളിച്ചു ശീലിച്ചു പോയി, ആ ശീലം മാറ്റാൻ മേരിയും ശ്രമിച്ചില്ല എന്നതാണ് സത്യം). അങ്ങനെ സ്നേഹം എന്ന വാക്കിന്റെ അർത്ഥം എന്തെന്ന് പോലും അറിയാത്ത അപ്പനും സ്നേഹത്തിന്റെ പര്യായം ആയ മേരിക്കും ഒപ്പം ഞാൻ വളർന്നു…………..
പത്താം ക്ലാസ്സ് കഴിഞ്ഞ് പുതിയ സ്കൂളിൽ +1ന് ജോയിൻ ചെയ്ത് ആദ്യ ദിവസമാണ് ഹരിയും വിഷ്ണുവും എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്, “സന്തോഷം” എന്ന വാക്ക് എന്റെ ജീവിത നിഘണ്ടുവിലേക്ക് എഴുതി ചേർത്ത എന്റെ ചെങ്ങായിമാർ.
പുതിയ സ്കൂളിൽ ആദ്യ ദിവസം അല്പം ഭയത്തോടെ കയറി ചെന്ന എന്നെ വിളിച്ച് അടുത്ത് ഇരുത്തിയത് ഹരി ആയിരുന്നു, ഞങ്ങടെ നാട്ടിലെ ഒരേ ഒരു ബാങ്കിലെ മാനേജർ ആയിരുന്നു ഹരിയുടെ അച്ഛൻ അശോകൻ, അങ്ങനെ അവനുമായി സംസാരിച്ച് ഒന്ന് ഫ്രീ ആയി വരുമ്പോഴാണ് കറുത്ത് മെലിഞ്ഞു ചുരുളൻ മുടിയുമായി ഒരു പയ്യൻ ക്ലാസ്സിലേക്ക് കയറി വന്നത്, അവന്റെ മുടി തന്നെ ആയിരുന്നു അവന്റെ ഹൈലൈറ്റ്, ക്ലാസ്സിലേക്ക് കയറിയതും എല്ലാവരും ആ മുടിയനെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി, അവനെ കണ്ട ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങടെ ബെഞ്ചിലെ മൂന്നാമൻ അവൻ തന്നെ ആണെന്ന് എനിക്ക് തോന്നി, എനിക്ക് തോന്നിയത് തന്നെ ആയിരുന്നു ഹരിയുടെ മനസിലും…… ഹരി അവനെയും വിളിച്ച് ഞങ്ങടെ ബെഞ്ചിൽ ഇരുത്തി, ഞങ്ങൾ പരസ്പരം പരിചയപ്പെടുത്തി………………
അത് വെറും തുടക്കമായിരുന്നു, വരാനിരിക്കുന്ന സന്തോഷത്തിന്റെ നല്ല നാളുകളുടെ തുടക്കം, പെട്ടെന്ന് തന്നെ അടുത്ത ഞങ്ങൾ എന്തിനും ഏതിനും ഒരുമിച്ച് നിൽക്കുന്ന നല്ല ഉറ്റ സുഹൃത്തുക്കളായി മാറി, രണ്ട് വർഷത്തെ സ്കൂൾ ജീവിതം ഞങ്ങൾ ശരിക്കും അടിച്ചു പൊളിച്ചു, മേരിയിൽ മാത്രമായി ഒതുങ്ങിയിരുന്ന എന്റെ ജീവിതം ഇടം വലം കൂടെ നിന്ന അവരിലേക്ക് കൂടി വികസിച്ചു……………..
അങ്ങനെ അത്യാവശ്യം സ്കൂൾ ജീവിതത്തിൽ കളിക്കാവുന്ന അലമ്പുകൾ ഒക്കെ കളിച്ച് ഞങ്ങൾ +2 പാസ്സായി, ഞാനും ഹരിയും തട്ടി മുട്ടി പാസ്സ് ആയപ്പോൾ എല്ലാ തരികിട കളികൾക്കും കൂടെ നിന്ന വിഷ്ണു നല്ല മാർക്ക് നേടി പാസ്സായി
+2 പാസ്സായി നിൽക്കുമ്പോഴാണ് എനിക്ക് അപ്പന്റെ കയ്യിൽ നിന്ന് ആദ്യമായി ഒരു സമ്മാനം കിട്ടുന്നത്, അപ്പൻ സമ്മാനമായി തന്നത് അല്ലെങ്കിലും എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ആയിരുന്നു അത്,…….