കരുണൻ രാജാവിന്റെ മുന്നിലിരുന്ന രണ്ടു മിനറൽവാട്ടറിന്റെ കുപ്പിവെള്ളവും സോഡയും മടുമടാ കുടിച്ചിറക്കി. എന്നിട്ട് അവിടിരുന്ന നാലു റോബസ്റ്റാ പഴവും തൊലി പോലും ഉരിയാൻ മെനക്കെടാതെ വിഴുങ്ങി. എന്നിട്ടു നാലുകാലിൽ നിന്നു കിതച്ചു…
( നേരത്തേയുണ്ടായ കാന്താരി എപ്പിസോഡിനു ശേഷം മദ്യത്തിന്റെ കൂടെ എരിവ് കഴിക്കുന്ന പരിപാടി രാജാവ് നിർത്തിയിരുനാനു. പകരം പഴമാക്കി )
പാവം ! കുതിരപ്പുറത്തെങ്ങാനും നിന്നു വീണ് തലയ്ക്ക് ഏതാണ്ടു ഏനക്കേടു പറ്റിയിരിക്കുന്നു !
കാരണം കരുണന്റേയും കുതിരയുടേയും റോളുകൾ പരസ്പരം മാറിപ്പോയിരിക്കുന്നു…
കിതപ്പൊന്നടങ്ങിയപ്പോൾ കരുണൻ നാലുകാലിൽ നിന്നും രണ്ടുകാലിലേക്ക് മാറി.
” എന്റെ മരയ്ക്കാരു മന്ത്രീ… ഈ കുതിരയ്ക്കൊക്കെ വല്ലപ്പോഴും ഇച്ചിരെ പുല്ലും കാടീം കൊടുക്കണം ”
കരുണന് ദേഷ്യം.
” സംഭവം പറ കരുണൻജീ ” ഞാൻ.
” ഒന്നും പറയേണ്ട സാഹിത്യകാരാ. ഞാൻ രഥമോടിച്ച് നേരേ എയർപോർട്ടില് ഒരു തടസ്സവുമില്ലാതെ എത്തിയതാ “
” പിന്നെ ക്യാ ഹുവാ “
” ഒന്നും പറയേണ്ട. നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് കണ്ടം ആണെന്നറിയാമല്ലോ. അവിടെ നിറച്ചും പുല്ലു വളർന്നു നിക്കുവാ. അതു കണ്ടതും കുതിര രണ്ടും രഥത്തിലെ കെട്ടും പൊട്ടിച്ചോടി. പുല്ലു തിന്നാൻ…. പട്ടിണിയല്ലേ… പിന്നെന്തു ചെയ്യാനാ ഞാനും പിറകെ ഓടി. കണ്ടു നിന്നവരെല്ലാം OMKV , OMKV എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചതു കൊണ്ടു രണ്ടിനേം ഒരു വിധത്തിലോടിച്ചിട്ടു പിടിച്ചു…”
” എന്നിട്ടു മറ്റേ കുതിരയെവിടെ ?” മരയ്ക്കാർ.
” ഓ… മ…മ…മ… അല്ലേ അതു വേണ്ടാ. മത്തങ്ങാത്തലയൻ മരയ്ക്കാരു മന്ത്രീ… ഒരെണ്ണത്തിനെ ചുമക്കാൻ പെട്ട പാട് എനിക്കറിയാം… ഏതായാലും മറ്റേതിനെ അവിടെ റൺവേയിൽ കിടന്ന പ്ലെയിനിന്റെ മൂട്ടിൽ കെട്ടിയിട്ടിട്ടുണ്ട്…”
” എന്നിട്ട് ബാക്കി സംഭവം പറ കരുണാ ” ഞാൻ.