“നീ നിന്റെ പെണ്ണിൻറെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലം ഏത് എന്ന ചോദ്യം?”
രാകേഷ് ഉത്തരമായി വിദൂരതയിലേക്ക് നോക്കി. അപ്പോൾ മറുതീരത്ത് നിന്ന് ഇടയപ്പെൺകുട്ടിയുടെ പാട്ട് കേൾക്കാൻ തുടങ്ങി.
പ്രണയവും വിരഹവും തുളുമ്പി നിറഞ്ഞ പാട്ട്.
“അവൾക്ക് എന്തോ വിഷമമുണ്ട് എന്ന് തോന്നുന്നു മമ്മി,”
രാകേഷ് അവളിൽ നിന്ന് നോട്ടം മാറ്റാതെ പറഞ്ഞു.
“ഹെർ സോങ് ഈസ് സോ മെലാങ്കളിക്…സോ പെയിൻഫുൾ…”
“അവൾ തനിച്ചായിരിക്കാം മോനു…”
“ഞാനും തനിച്ചല്ലേ? എനിക്കാ പെയിൻ ഇല്ലല്ലോ?”
“നീ തനിച്ചോ?’
ഊർമ്മിള അവന്റെ തോളിൽ പിടിച്ചു.
“അപ്പോൾ ഞാനും പപ്പായുമോ?”
രാകേഷ് ഒന്നും പറഞ്ഞില്ല.
“നിനക്ക് പ്രേമിക്കാൻ സമയമായി…”
പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവർ പറഞ്ഞു.
“അതാണ് തനിച്ചാണ് എന്നൊക്കെ തോന്നുന്നത്…”
കഴിഞ്ഞ വർഷമാണ് മമ്മി അത് പറഞ്ഞത്. ശിവാലിക് കൊടുമുടിയുടെ ചുവട്ടിൽ ഒരുപാടാഗ്രഹിച്ച് കിട്ടിയ അവധിക്കാലമാഘോഷിക്കുമ്പോൾ. പപ്പാ കൂടെവന്ന കുടുംബ സുഹൃത്തുക്കളോടൊപ്പം കൂടാരത്തിനകത്ത് വല്ലപ്പോഴും മമ്മി അനുവദിക്കുന്ന മദ്യപാന ഉത്സവം തിമർത്ത് ആഘോഷിക്കുകയായിരുന്നു അപ്പോൾ.
മമ്മി പാഞ്ഞത് ശരിയാണ്.
ഇപ്പോൾ തനിക്ക് ഏകാന്തത തോന്നുന്നില്ല.
പ്രണയം ഒരു ഉത്സവമായി തനിക്ക് ചുറ്റും പാറിക്കളിക്കുകയാണ്. പ്രണയത്തിൻറെ നിറങ്ങൾ തനിക്ക് ചുറ്റും നൃത്തം ചെയ്യുകയാണ്.
യെസ്! ഐം നോട്ട് എലോൺ ബിക്കോസ് ഐം ഇൻ ലവ്….
അയാൾക്ക് വിളിച്ചു കൂവണമെന്ന് തോന്നി.
“സാർ,”
എരിവേനലിൽ കുളിരായി പെയ്തിറങ്ങിയ ആ പെൺ ജലധാരയെ മനസ്സിലും ബോധത്തിലും നിറച്ച് മുമ്പോട്ട് നടന്ന രാകേഷ് ആ വിളി കേട്ടില്ല.
“സാർ!”
വീണ്ടും വിളിയൊച്ച.
ങ്ഹേ? എവിടെയാണ് താൻ?
രാകേഷ് ചുറ്റും നോക്കി.
ഈശ്വരാ, താൻ ഇപ്പോൾ ക്യാമ്പ് ഓഫീസിനകത്താണ്!
ഇവിടെ എത്തിച്ചേർന്ന കാര്യം താൻ അറിഞ്ഞേയില്ല!
“സാർ!”