ആ ചോദ്യം കേട്ടപ്പോൾ നതാഷയുടെ തൊണ്ടയിൽ വാക്കുകൾ കുടുങ്ങി.
സ്വന്തം ജീവിതം ഒരു ബ്ലാക്ക്മെയിലറുടെ കയ്യിൽ ഇരിക്കുമ്പോൾ മറ്റൊരാൾക്ക് എങ്ങനെ ഉപദേശം നൽകും?
നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ)
“വിശ്വാസം… അത്… അത് തകരുന്നത് ഒരു നിമിഷം കൊണ്ടാണ്. ചിലപ്പോൾ നമ്മൾ അറിയാത്ത ചില നിഴലുകൾ നമ്മളെ പിന്തുടരുന്നുണ്ടാകും…”
അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വാക്കുകൾക്കിടയിലെ ദീർഘമായ നിശബ്ദതകൾ ആ ഷോയുടെ താളം തെറ്റിച്ചു.
സ്റ്റുഡിയോയ്ക്ക് പുറത്തുള്ള ടെക്നീഷ്യൻ ഈ ഡോക്ടർക്ക് ഇന്ന് ഇത് എന്തുപറ്റി എന്ന സംശയത്തോടെ നതാഷയെ നോക്കി.
റേഡിയോ സ്റ്റേഷന് താഴെ സെക്യൂരിറ്റി ക്യാബിനിൽ ഇരുന്നു വക്കച്ചൻ റേഡിയോ ഓൺ ചെയ്ത് അട്ടഹസിച്ചു ചിരിക്കുകയായിരുന്നു.
നതാഷയുടെ ആ ഇടറുന്ന ശബ്ദവും ഓരോ വാക്കിലെയും ഭയവും അയാൾ മദ്യലഹരിയെന്നോണം ആസ്വദിച്ചു.
വക്കച്ചൻ: (സ്വയം പറഞ്ഞുകൊണ്ട്) “എന്തൊക്കെ ആടി നീ ഈ വിറച്ചു പറയുന്നത്…ഏഹ്…കേൾക്കട്ടെ…
നിന്റെ ആ ജാഡയൊക്ക എവിടെപ്പോയി ഡോക്ടറേ?
ആ വിറയൽ… അത് നിനക്ക് ഞാൻ തന്ന സമ്മാനമാണ്. മൈക്കിന് മുന്നിലിരുന്ന് നീ പിടയുമ്പോൾ എന്റെ നെഞ്ചിൽ ഇവിടെ പാലാഴി ഒഴുകുകയാണ്!”
അയാൾ ഒരു സിഗരറ്റ് കത്തിച്ചു.
റേഡിയോയിൽ നിന്ന് നതാഷയുടെ ഓരോ ദീർഘശ്വാസവും കേൾക്കുമ്പോൾ അയാൾ തന്റെ മീശ പിരിച്ചു.
അവൾ ഭയക്കുന്നത് തന്നെ ഓർത്താണെന്ന സത്യം അയാളിൽ വലിയൊരു ലഹരിയായി പടർന്നു.
വക്കച്ചൻ:(മനസ്സിൽ)
“ഇന്ന് രാത്രി നീ നാട്ടുകാർക്ക് വേണ്ടിയല്ല സംസാരിക്കുന്നത്…
എനിക്ക് വേണ്ടിയാണ്. ഈ ഷോ കഴിയാൻ ഞാൻ കാത്തിരിക്കുകയാണ്. നീ ആ ചെറുപ്പക്കാരനോട് കാണിച്ചതിനേക്കാൾ വലിയൊന്ന് എനിക്ക് വേണ്ടി കരുതിവെച്ചോ!”