ആരോ എന്റെ മുഖം പിടിച്ചു തിരിച്ചപോലെ എനിക്ക് തോന്നീ. ഞാൻ ഞെട്ടിയുണർന്നു. അവൾ എൻറെ അരികിൽ നിൽക്കുന്നു. മുഖത്ത് ഒരു കള്ളനാണം. എനിക്കൊന്നും മനസിലായില്ല. “ഇനി പോയി കുളിക്കു എന്നിട്ടു ഞാൻ ചോറ് വിളമ്പിത്തരാം” എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് അവൾ പുറത്തുപോയി. കവിളിൽ ഒരു നനവ്. ഇനി അവൾ !?. എന്തായാലും ഞാൻ കുളിച്ചു. പറഞ്ഞതുപോലെ അവൾ ചോറും വിളമ്പിത്തന്നു.
എന്താണ് സംഭവിച്ചത് എന്ന് ഒരു ഊഹവുമില്ലാതെ ആ രാത്രി ഞാൻ ഉറങ്ങാൻ കിടന്നു. മൊബൈലിൽ ഏതോ മെസ്സേജ് വന്നിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല. വീണ്ടും വന്നപ്പോൾ ഞാനെടുത്തുനോക്കി. അവളുടെ വക രണ്ടു മെസ്സേജ്.
“എന്നോട് എന്തൊക്കെയാ പറഞ്ഞെന്നു ഓർമ്മയുണ്ടോ ? ”
“ഉറങ്ങിയോ ?”
“ഉറങ്ങിയില്ല” ഞാൻ മറുപടി കൊടുത്തു.
“എന്താ പറഞ്ഞത്..?” ഒന്നുമറിയാത്തവനെപ്പോലെ ഞാൻ ചോദിച്ചു.
അവിടുന്ന് മറുപടിയൊന്നും വന്നില്ല. “ഐ ലവ് യു” എന്ന് ഒരു മെസ്സെജുകൂടി അയച്ചിട്ട് ഞാൻ കാത്തിരുന്നു. മറുപടി ഒന്നും വന്നില്ല. ഉറക്കവും. എന്തെങ്കിലും തെറ്റ് ചെയ്തതായി ഒരിക്കൽപ്പോലും എനിക്ക് തോന്നിയില്ല. പേടിയും തോന്നിയില്ല. അങ്ങനെ ആ രാത്രി കഴിഞ്ഞു.
അടുത്തദിവസം പോകണം. രാവിലെ തന്നെ മാർക്കറ്റിലൊക്കെ പോയി. കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ വാങ്ങി. ബാഗും ഷൂവുമെല്ലാം എടുത്തു വൃത്തിയാക്കി വെയിലത്തുവച്ചു. ഈ തിരക്കിനിടയിൽ അവളെ ശ്രദ്ധിച്ചില്ല. പിന്നെ പകലൊന്നും സംസാരിക്കാൻ അവസരവും കിട്ടിയില്ല. ഏതായാലും രാത്രി മെസ്സേജ് അയക്കാം എന്നൊരു ആശ്വാസം. രാത്രി പാക്കിങ് ഒക്കെ കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ വിചാരിച്ചപോലെ തന്നെ മെസ്സേജ് വന്നു.
“രണ്ടു ദിവസം കഴിഞ്ഞു പോയാൽ പോരെ ?”
ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു, എൻറെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം.