“അവള്‍ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയുമോ..” പോലീസുകാരന്‍ ഭീതിയോടെ അവനോടു ചോദിച്ചു.
“അവള്‍ ആരായാലും..ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മോള്‍ ആയാലും എനിക്കൊരു ചുക്കുമില്ല..സാറ് ചെന്നു സാറിന്റെ പണി ചെയ്യ്….”
അവന്‍ നേരെ വന്നു ഹെല്‍മറ്റ് എടുത്ത് ധരിച്ചിട്ട് ബൈക്കിലേക്ക് കയറി. അവിടെ നടന്ന ദൃശ്യങ്ങള്‍ പക്ഷെ പല മൊബൈലുകളില്‍ പകര്‍ത്തപ്പെട്ട വാസു അറിഞ്ഞിരുന്നില്ല. പെണ്ണിന്റെ വണ്ടി പോയതോടെ ചുറ്റും കൂടി നിന്നിരുന്ന ആളുകള്‍ അവനെ കൈയടിച്ച് അനുമോദിച്ചു.
“അവള്‍ക്കിത് അത്യാവശ്യമായിരുന്നു..പണത്തിന്റെ ഹുങ്കില്‍ മദിച്ചു നടക്കുന്ന അവളെ പോലീസുകാര് പോലും ഒന്നും ചെയ്യില്ല എന്ന അഹങ്കാരം..പക്ഷെ ആ ചെറുക്കന്റെ കാര്യം എന്താകുമോ എന്തോ…”
പ്രായമായ ഒരാള്‍ കാറില്‍ ഒപ്പമിരുന്ന ഭാര്യയോട് പറഞ്ഞു. വാസുവിന്റെ ബൈക്ക് തിരക്കിനിടയിലൂടെ കുതിച്ചു പാഞ്ഞു; ഡോണ പോയ വഴിയെ.
“പപ്പാ..മമ്മീ..ദേ ഇത് കണ്ടോ..മൈ ഗോഡ്..ഇറ്റ് ഈസ് അമേസിംഗ്.. അണ്‍ബിലീവബിള്‍.. ”
വണ്ടി പാര്‍ക്ക് ചെയ്തിട്ട് പതിവിലും നേരത്തെ വീട്ടിലെത്തിയ ഡോണ അമിതമായ ആഹ്ലാദത്തോടെ ഓടിക്കയറി വരുന്നത് കണ്ടപ്പോള്‍ പുന്നൂസും റോസ്ലിനും പരസ്പരം നോക്കി. ഈ അടുത്ത സമയത്തെങ്ങും അവളെ ഇത്ര ആഹ്ലാദത്തോടെ അവര്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
“എഫ് ബിയിലും വാട്ട്സ് അപ്പിലും ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു..മൈ ഗോഡ്..ഐ കാണ്ട് ബിലീവ് ഇറ്റ്….”
അവള്‍ മൊബൈല്‍ എടുത്ത് തിടുക്കത്തോടെ ഒരു വീഡിയോ ഓണാക്കി പുന്നൂസിന്റെയും റോസിലിന്റെയും നടുവില്‍ നിന്ന് അവരെ കാണിച്ചുകൊണ്ട് പറഞ്ഞു.