ഞാൻ കിട്ടിയ ഗ്യാപ്പിനു അവളുടെ അടുത്തേക്ക് നീങ്ങി . പാന്റ്സിന്റെ പോക്കെറ്റിൽ കയ്യിട്ടു പത്തു രൂപ എടുത്തു അവൾ ചിരിയോടെ കച്ചവടക്കാരനു നേരെ നീട്ടി.പിന്നെ അയാൾ കൊടുത്ത നെല്ലിക്ക കടിച്ചു ഒരു കണ്ണ് ചിമ്മി , വിറയ്ക്കുന്ന മിഴികളുമായി അടുത്തേക്ക് വരുന്ന എന്നെ നോക്കി..
അവളുടെ ആ ഭാവവും കയ്യിലിരിക്കുന്ന നെല്ലിക്കയും കണ്ടപ്പോൾ എന്റെ വായിലും വെള്ളമൂറി . അവളതു കടിച്ചു ആ പുളിപ്പും ഉപ്പുരസവും ആസ്വദിച്ച് ചവച്ചു കൊച്ചു കുട്ടികളെ പോലെ അയാളുമായി എന്തൊക്കെയോ സംസാരിച്ചു..ഭാഷ ഏതാണെന്നു തമ്പുരാനറിയാം..
ഞാൻ അടുത്തേക്ക് ചെന്നതും അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി ..
ഞാൻ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പാക്കി അവളോട് ചേർന്ന് നിന്നു , ഉള്ള കാര്യം പതിയെ പറഞ്ഞു .
“ഒരു 3000 വേണം..കയ്യിലുണ്ടാവോ ?’
ഞാൻ ചിരിയോടെ തിരക്കി..
അവളെന്നെ സംശയത്തോടെ നോക്കികൊണ്ട് നെല്ലിക്ക വീണ്ടും കടിച്ചു ചവച്ചു. ഞാനതിലേക്ക് ശ്രദ്ധിക്കുന്നത് കണ്ടെന്നോണം ബാക്കി അവൾ എനിക്ക് നേരെ നീട്ടി..
കച്ചവടക്കാരൻ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതത്ര വിഷയമുള്ള കേസ് അല്ല. ഞാൻ ആ നെല്ലിക്ക വാങ്ങി ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കി ഒന്നാകെ വായിലേക്കിട്ടു ചവച്ചു .
“നിനക്കെന്തിനാ പൈസ “
അവൾ കൈ ഉന്തുവണ്ടിയിൽ നിന്നൊരു കടലാസെടുത്തു അതിൽ തുടച്ചുകൊണ്ട് ഗൗരവത്തിൽ ചോദിച്ചു .
“അതൊക്കെ ഉണ്ട്…മഞ്ജുസിന്റെല് ഉണ്ടോ ഇല്ലേ..അത് പറ “
ഞാൻ ഒറ്റ ശ്വാസത്തിൽ നെല്ലിക്ക ചവച്ചുകൊണ്ട് തന്നെ പറഞ്ഞു .
“പൈസ ഒക്കെ ഉണ്ട്..പക്ഷെ കാർഡ് ആണ് “
അവൾ ജാക്കെറ്റ് നേരെയിട്ടു , പുറകിലെ ജീൻസിന്റെ പോക്കറ്റിലേക്ക് കൈനീട്ടികൊണ്ട് പറഞ്ഞു . അത് കേട്ടതും എനിക്ക് ആശ്വാസമായി.
“ആഹ്..അതെങ്കി അത്..എളുപ്പം താ ..”
ഞാൻ തിടുക്കം കൂട്ടി..
“ഹാ..ഇതെടുക്കട്ടെ…”
അവൾ ശുണ്ഠി എടുത്തു..പിന്നെ ജീൻസിന്റെ പോക്കെറ്റിൽ നിന്ന് ഹോൾഡറോട് കൂടിയ എ.ടി.എം കാർഡ് പുറത്തെടുത്തു ആരും കാണാതെ എന്റെ കയ്യിലോട്ട് വെച്ച് തന്നു..
“പിന്നെ ആവശ്യം കഴിഞ്ഞ ഇങ്ങു തന്നോണം..”