മോനെ നിങ്ങൾ….
ആന്റി ഭയക്കേണ്ട…. നിങ്ങളുടെ ഉയർന്ന ചിന്തയും കാര്യ പ്രാപ്തിയുമുള്ള മക്കൾ തന്നെയാണ് ഞങ്ങൾ…. അതുകൊണ്ട് തന്നെ അച്ഛൻ അക്കാര്യം പറഞ്ഞപ്പോൾ അവളോട് ആലോചിക്കാതിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല…. അച്ഛനോട് ഇക്കാര്യം ഞാൻ സംസാരിച്ചു…. അച്ഛൻ അർദ്ധ സമ്മതത്തിലാണ് ….. ആന്റിയോട് ഞാൻ സംസാരിക്കുമെന്നും പറഞ്ഞിട്ടുണ്ട്….. ആന്റി അച്ഛനുമായി മനസ്സ് തുറക്കണം….. നിങ്ങൾ സന്തോഷമായിരിക്കുന്നത് ഞങ്ങൾ എത്ര ആഗ്രഹിക്കുന്നു എന്നറിയുമോ…?
അതെ അമ്മേ …. വാതിൽ തുറന്ന് വന്ന സുധയും ദിവ്യയും ഒരേ സ്വരത്തിൽ പറഞ്ഞു…..
സമ്മതിക്കമ്മേ…. അച്ഛനും അമ്മയും സന്തോഷമായി ഇരിക്കുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞങ്ങൾക്കെന്ത് സന്തോഷമാണമ്മേ…? സുധ പറഞ്ഞു…. ‘അമ്മ ഇടക്കിടക്ക് പറയാറുള്ളത് പോലെ അച്ഛന്റെ വലിയ മനസ്സാണ് നമ്മുടെ ജീവിതം … ആ അച്ഛൻ ഇതാഗ്രഹിക്കുന്നുണ്ട് എങ്കിലോ…? അച്ഛന്റെ സ്വഭാവത്തിന് ആരെയും നിർബന്ധിക്കില്ല… സ്വന്തം ഇഷ്ടങ്ങൾ പുറത്ത് കാണിക്കുകയുമില്ല…. പക്ഷേ അച്ഛനതാഗ്രഹിക്കുന്നില്ല എന്ന് എങ്ങിനെ അറിയാം അമ്മെ…. അങ്ങിനെ അച്ഛന് ആഗ്രഹമുണ്ട് എങ്കിൽ അദ്ദേഹത്തോട് നമ്മൾ കാണിക്കുന്ന നന്ദികേടായിരിക്കും അത്…. അമ്മക്ക് മാത്രം പരിഹരിക്കുവാൻ കഴിയുന്ന നന്ദികേട്….
അത് ആന്റിക്കേറ്റ ഒരു പ്രഹരമായിരുന്നു….. അത്തരത്തിൽ ഒരു ചിന്ത എനിക്ക് പറയുവാൻ കഴിയില്ലായിരുന്നു…. അത് സുധക്ക് പറയാൻ കഴിയുന്നതാണ്…. അതവൾ തന്ത്രപൂർവ്വം എടുത്ത് പ്രയോഗിച്ചിരിക്കുന്നു…. മറ്റെല്ലാ വാദങ്ങളെ നിരസിച്ചാലും ഇത് ആന്റിയെ തകർത്ത് കളയും…. ഇനി അൽപം ആശ്വാസമാണ് നൽകേണ്ടത്….
എന്റെ മക്കളേ …. നിങ്ങൾ…. ആന്റി വീണ്ടും കരയാൻ തുടങ്ങി….
ഇല്ലാന്റി …. ആന്റി വിഷമിക്കണ്ട…. അച്ഛനങ്ങിനെയൊന്നും ഒരിക്കലും ചിന്തിക്കില്ല… എങ്കിലും നിങ്ങൾ സന്തോഷമായിരിക്കണം …..അതാണ് ഞങ്ങൾക്ക് ഇഷ്ടം …..
അതല്ല മോനെ .. സുധ പറഞ്ഞതിൽ വലിയ കാര്യമുണ്ട്…. എന്റെ ഈശ്വരന്മാരെ…. ഞാനെന്തൊരു പാപിയാണ്….. എന്റെയും മക്കളുടേയും ജീവൻ രക്ഷിച്ച ആളോട് നന്ദികേട് കാണിക്കുകയേ ….. അദ്ദേഹം ആവശ്യപ്പെടാതെ നൽകേണ്ടവളാണ് ഞാൻ…. നന്ദി മക്കളെ നിങ്ങൾ എന്റെ കണ്ണ് തുറപ്പിച്ചു….. ഇങ്ങിനെ മൂന്ന് മക്കളെ കിട്ടിയതിന് ഞാൻ പുണ്യം ചെയ്യണം….
ആന്റി ദൃഢ ശബ്ദത്തിൽ പറഞ്ഞു….. പിന്നെ അല്പം നാണത്തിൽ ചാലിച്ച ഒരു ചിരി ചിരിച്ചുകൊണ്ട് തല കുനിച്ചു പുറത്തേക്ക് നടന്നു… ഈ ഉറച്ച തീരുമാനം മനസ്സിൽ വന്ന നിലക്ക് ആന്റിക്ക് ഞങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള ചളിപ്പ് എനിക്ക് മനസ്സിലായി
പ്രശ്‍നം പരിഹരിച്ച ആശ്വാസത്തിൽ ഞാനും സുധയും പരസ്പരം നോക്കി ചിരിച്ചു…… നാലുമണി പൂക്കളുടെ വസന്തത്തിനായി കാത്തിരിക്കുന്ന ചിരി…. അതിലെല്ലാം ഉണ്ടായിരുന്നു…. അച്ഛനോടും അമ്മയോടുമുള്ള സ്നേഹം…. ഏതൊക്കെ തരത്തിൽ കുറ്റപ്പെടുത്തിയാലും വിലയിരുത്തിയാലും ലക്ഷ്യം വച്ച നല്ല ഉദ്ദേശത്തിന്റെ വിശുദ്ധി……. എല്ലാം….