പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Posted by

അതെല്ലാം ഞാനെപ്പൊഴേ മറന്നു….. ഇപ്പോൾ നമ്മുടെ കുടുംബം അതാണ് എന്റെ ലോകം…. അച്ഛനറിയാമല്ലോ എനിക്ക് ഈ നാട്ടിൽ അധികം ബന്ധങ്ങളില്ല ….. നിങ്ങൾ നാലുപേരും ഇല്ലെങ്കിൽ എനിക്കും ഇവിടെ ഒരു കാര്യവുമില്ല….. അതാണ് സത്യം…. എന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിലെ പൊട്ട ചിന്തകൾ അച്ഛനെ വിഷമിപ്പിച്ചു എങ്കിൽ മാപ്പ്…. അച്ഛനതോർത്ത് വിഷമിക്കരുത്… അതെല്ലാം എന്റെ അറിവില്ലായ്മ മാത്രമാണ്…. മരിച്ചുപോയ അമ്മയെ ഒരു തോറ്റുപോയ അമ്മയായെ എനിക്ക് ഇപ്പോൾ കാണാൻ കഴിയുന്നുള്ളൂ…. എന്റെ ഈ പ്രായത്തിൽ ചിന്തിക്കുന്നത് ശരിയാണോ എന്നറിയില്ല…… എങ്കിലും എന്ത് കാരണങ്ങളുടെ പേരിലായാലും ‘അമ്മ കാണിച്ച സാഹസത്തിന് ഒരു ശരിയും എനിക്ക് കണ്ടെത്താനാവുന്നില്ല…. പരിഹരിക്കുവാൻ കഴിയാത്തത് ഒന്നുമില്ല എന്ന് അത്രയും വിദ്യാഭ്യാസമുള്ള അമ്മക്കെന്തേ മനസ്സിലായില്ല എന്നതാണ് അത്ഭുതം…. ?

എന്റെ വാക്കുകളിലെ ആത്മാർത്ഥത അച്ഛന് അല്പം ആശ്വാസം പകർന്നത് പോലെ തോന്നിച്ചു…. അദ്ദേഹം കുനിഞ്ഞിരുന്ന തല ഒന്ന് വെട്ടിച്ചു …..

ഉണ്ണീ …. അച്ഛൻ നിവർന്നു…. എന്തൊക്കെയോ ആലോചിച്ച് തീരുമാനിച്ചതുപോലെ മെല്ലെ പറഞ്ഞു….

എനിക്ക് രണ്ട് കാര്യങ്ങൾ പറയാനുണ്ട്…. ഒന്ന് ശ്രീദേവിയുടെ കാര്യം….. നീയിപ്പോൾ ചൂണ്ടിക്കാണിച്ച ഒരു വശം അവളുമായി ബന്ധപ്പെട്ട് ഉയരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല……. ഇതിന് മുൻപ് ആരിൽ നിന്നും ഉയർന്നിട്ടുമില്ല….. ഇപ്പോൾ നിന്നിൽ നിന്നും ഇങ്ങനെയൊരു ചോദ്യമുണ്ടായപ്പോൾ ഞാൻ അമ്പരന്നു എന്നത് ശരിയാണ്….. പക്ഷെ അക്കാര്യത്തിൽ മാത്രം നീ നിന്റെ അമ്മയെ മനസ്സിലാക്കിയത് ശരിയായ വഴിയിലല്ല …. എന്നെയും…. അക്കാര്യങ്ങളിലെല്ലാം നിന്റെ അറിവ് പരിമിതമാണ് … അതെല്ലാം നിന്റെ മുമ്പിൽ ഇപ്പോഴും മൂടി വച്ചിരിക്കുകയാണ്…. ഇത്തരം ഒരു ചോദ്യം ഉയരുന്നത് സത്യത്തിൽ എന്നെ ഒരു വിധത്തിലും ബാധിക്കരുതാത്തതാണ്…. കാരണം ഞാനും ശ്രീദേവിയും തമ്മിലുള്ള ബന്ധം ഒരിക്കലും ശരീരബദ്ധമല്ല…. പതിനെട്ട് വയസ്സോളം പ്രായമുള്ള നിന്നോട് ഒളിക്കുന്നില്ല…. ഞങ്ങൾ തമ്മിൽ ഇതുവരെ ശാരീരികമായ ഒരു ബന്ധവുമില്ല എന്നതാണ് സത്യം…. ആരെയും വിശ്വസിപ്പിക്കാനല്ല…. നീയറിയാൻ മാത്രം പറഞ്ഞതാണ്…. ഒരു മുസ്ലീമിനെ സ്നേഹിച്ച് നാടുവിട്ട നായർ സ്ത്രീ… രണ്ട് പെൺമക്കളെയും സമ്മാനിച്ച് അവന്റെ കാര്യം കഴിഞ്ഞ് കൂടുതൽ സൗകര്യങ്ങൾ തേടി പോയപ്പോൾ…. സംരക്ഷിക്കാൻ ആരുമില്ലാത്ത…. ജനിപ്പിച്ചവരോ കൂടപ്പിറപ്പുകളോ പോലും തിരിഞ്ഞ് നോക്കാത്ത ഒരാൾക്ക് ……. ഒരു അദ്ധ്യാപിക എന്നത് പോലും വിസ്മരിച്ച് നമ്മുടെ നാട്ടിലെ സദാചാര തെമ്മാടികൾ നടത്തിയ കയ്യേറ്റങ്ങളിൽ നിന്ന് സുരക്ഷിതമായി താമസിക്കാൻ ഒരിടവും ബന്ധവും …….. അതാണ് ഞങ്ങളുടെ വിവാഹ ജീവിതം…. അതിൽ ഞങ്ങൾ സംതൃപ്തരാണ്….

ഇത്തവണ ഞടുങ്ങിയത് ഞാനായിരുന്നു…. മറച്ച് വെക്കാതെ ഞാൻ അച്ഛാ എന്ന് വിളിച്ചുപോയി……

ഞടുങ്ങണ്ട ഉണ്ണീ അതാണ് സത്യം…… ഒരു പക്ഷെ സുധക്ക് മാത്രം തിരിച്ചറിഞ്ഞിട്ടുണ്ടാവുന്ന സത്യം…. എന്നും മക്കളായ തങ്ങളുടെ കൂടെ മാത്രം കിടന്നുറങ്ങുന്ന അമ്മയുടെ വൈവാഹിക ജീവിതത്തിന്റെ രഹസ്യം തിരിച്ചറിയാനുള്ള പ്രായം അവൾക്ക് ഉണ്ടല്ലോ….?

Leave a Reply

Your email address will not be published. Required fields are marked *