രണ്ടാമത്തെ കാര്യം നീ പറഞ്ഞത് തന്നെയാണ്….. സാവിത്രിയുടെ സാഹസം….. അതിനൊരിക്കലും ഞാനോ എന്റെ സ്വഭാവമോ ഒരു കാരണമല്ല എന്ന് നീ മനസ്സിലാക്കുക… അവളങ്ങിനെ ഒരു തീരുമാനം എടുത്തത് സംബന്ധിച്ച് നിന്റെ അഭിപ്രായം ആണ് ശരി ….. എന്തായിരുന്നു എങ്കിലും എനിക്ക് പരിഹരിക്കുവാൻ കഴിയുമായിരുന്നു….. അവൾ സ്വയം ചിന്തിച്ച് കൂട്ടിയ അപരാധങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമായിരുന്നില്ല….. എനിക്കത് ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയുമായിരുന്നു…… അതൊന്നും ഒരു തെറ്റല്ലെന്ന് എന്നേ എനിക്കറിയാമായിരുന്നു….. ഇനി അഥവാ ആണെങ്കിൽ തന്നെ ആ തെറ്റ് ഞാനെത്രയോ മുമ്പേ ക്ഷമിച്ചതാണ്…. പക്ഷെ ഒരു നിമിഷത്തെ എടുത്ത് ചാട്ടം സൃഷ്ടിച്ച കുഴപ്പങ്ങൾ നമുക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കി……
അപ്പോൾ അച്ഛനറിയാമോ…. അമ്മയെന്തിനാണത് ചെയ്തതെന്ന്…?
അറിയാം…..
ആന്റിക്കോ ….?
ഇല്ല….. നിനക്കറിയേണ്ടേ ….?
അമ്മ … ഞാനൊന്ന് വിതുമ്മി…. അറിവില്ലാത്ത പ്രായത്തിൽ എന്തിനോ എന്നെ വിട്ട് പോയി…. അത് മാത്രമാണ് സത്യം…. അത് ഒരുവശത്ത് സൃഷ്ടിച്ച ശൂന്യതക്ക് ഇനി ഒന്നും പരിഹാരമല്ല…. മാത്രമല്ല….. എന്താണ് അമ്മയുടെ ആ എടുത്ത് ചാട്ടത്തിന്റെ കാരണമെന്നത് ഇപ്പോൾ എനിക്കൊരു പ്രശ്നമേയല്ല….. എത്രക്കൊക്കെ ന്യായീകരിക്കുവാനുള്ള കാരണങ്ങളുണ്ടായാലും ആ ജീവനില്ലാതായി എന്നതാണ് പ്രധാനം….. ഒരു എട്ട് വയസ്സുകാരൻ അവന്റെ ഏറ്റവും വേണ്ടപ്പെട്ട സമയത്ത് അമ്മയില്ലാതായി പോകുക എന്ന ഭീകരത അനുഭവിക്കുക….. അതിന് ഇനി എന്തിന്റെ പുറത്തായാലും സ്വന്തം ‘അമ്മ തന്നെ കാരണമാകുക എന്ന യാഥാർഥ്യം മാത്രമാണ് ….. അതാണ് എന്റെ മുന്പിലുള്ളത്…. അതിന്റെ കാരണങ്ങൾ എന്നത് ഒരു പ്രശ്നമല്ല… അതിനാൽ തന്നെ അറിയണമെന്ന നിർബന്ധവുമില്ല….. എന്നാലും ഒരിക്കൽ എനിക്കതറിയണമെന്ന് ഒരു തോന്നൽ വന്നാൽ ….. അല്ലെങ്കിൽ നമ്മുടെ ജീവിതം അത്തരം ഒരു സാഹചര്യത്തിൽ തട്ടി മുടങ്ങി നിന്നാൽ അന്ന് അത് നമുക്ക് സംസാരിക്കാം….
ഞാനൊന്ന് നിർത്തി…. അച്ഛൻ നെടുവീർപ്പോടെ മുഖം തുടച്ചു….. പിന്നെ പോകാമെന്ന് പറഞ്ഞ് വണ്ടിയെടുത്തു…. തുടർന്നുള്ള യാത്രയിൽ അച്ഛൻ നിശ്ശബ്ദനായിരുന്നു…. ഇടക്കിടെ നെടുവീർപ്പുകളും…. മൂളലുകളും…. എന്തോ കടുത്ത ചിന്തയിൽ ആണെന്ന് തോന്നി…. ഞാൻ ശല്യപ്പെടുത്തുവാൻ പോയില്ല…. പെങ്ങന്മാരുടെ ശീലങ്ങളുടെ പകർന്നാട്ടം……………
എന്റെ മനസ്സും ചിന്താകുലമായിരുന്നു….. പൂർണ്ണബോദ്ധ്യത്തോടെ അല്ലെങ്കിലും …. വായിൽ നിന്ന് വീണ ഒരു സംശയം…. അതിന്റെ ഉത്തരം…. അച്ഛനെ കുറിച്ച് ഇപ്പോഴോ .. ഇനിയെപ്പോഴെങ്കിലുമോ ഉണ്ടാകാനിടയുള്ള വലിയ കുറ്റാരോപണത്തിൽ നിന്നാണ് മോചിപ്പിച്ചത്…. ആ ഭാഗം ഇപ്പോൾ തൂവെളിച്ചം പോലെ പരിശുദ്ധമായി മാറിയിരിക്കുന്നു….. എങ്കിലും…. അഛന്റെയും ആന്റിയുടെയും ജീവിതം എന്റെ മുൻപിൽ ഒരു പ്രഹേളിക ആയി മാറി…..മറ്റുള്ളവരുടെ മുൻപിൽ ഭാര്യയും ഭർത്താവും…..