” എന്താ ഹാരിസേ ഈ കാട്ടുന്നത്?? ഓനെ വിടെടാ… “പറഞ്ഞു കൊണ്ട് ഞാൻ ഹാരിസിന്റെ തോളിൽ പിടിച്ചു പിന്നോട്ട് വലിച്ചു.
ഹാരിസ് എന്നേക്കാൾ 2 വയസ്സിനു മൂത്തതാണ്. സാഹിബിന്റെ രണ്ടാമത്തെ മോൻ. ഉപ്പാന്റെ ബിസിനസ് ഒക്കെ നോക്കി നടത്തുന്നു. സാഹിബിനു നാലു മക്കൾ ആണ്, മൂത്തത് രണ്ടെണ്ണം ആണും, ഇളയ രണ്ടെണ്ണം പെണ്ണും. ഇവൻ രണ്ടാമത്തെ ആളാണ്. മൂത്തവൻ ഫർഹാൻ ഇടക്കെ നാട്ടിൽ കാണൂ…ഗൾഫിലെ ബിസിനസ് നോക്കുന്നത് അവനാണ്. പിന്നെ മൂന്നാമത്തേത് ഷെൽഹ, എന്റെ കൂടെ പഠിച്ചതാണ്.. അതിലുപരി എന്റെ പ്രാണൻ ആയിരുന്നു കുറെ കാലം.. പിന്നെ ഒരു നായർ ചെക്കൻ നാട്ടിലെ മുസ്ലിം പ്രമാണിയുടെ മോളെ കല്യാണം കഴിച്ചാൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ ഓർത്തു ഞങ്ങൾ പിരിഞ്ഞു.. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ കൊണ്ട് നടന്ന ആ സ്നേഹം ഞങ്ങൾ രണ്ടും ഞങ്ങളുടെ ഉള്ളിൽ തന്നെ കുഴിച്ചു മൂടി. അല്ലെങ്കിലും എപ്പോഴും തട്ടത്തിൻ മറയത്ത് സംഭവിക്കില്ലല്ലോ.
പെട്ടെന്ന് പിന്നിൽ നിന്ന് വലിച്ചത് കൊണ്ടാവും ഹാരിസിന്റെ കയ്യൊന്നു അയഞ്ഞു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ- ആദി.
” ആദി..നീ ഇതിൽ ഇടപെടേണ്ട, സാഹിബിന്റെ വീടിന്റെ മുന്നിൽ കിടന്ന് ഒരുത്തനും ഷോ കാണിക്കണ്ട. ”
” എടാ..നീയാ വണ്ടി ഒന്ന് മാറ്റി ഇട്ടു കൊടുക്ക്.. എല്ലാർക്കും പോണ്ടേ?? നോക്ക്..ഗേറ്റിന്റെ ഉള്ളിലേക്ക് ഇട്.. അവിടെ സ്ഥലം ഉണ്ടല്ലോ… . ”
” അങ്ങനെ ഈ വണ്ടി മാറ്റിയിട്ട് ആരും പോണ്ട, ഒരു അർജന്റ് കാര്യം നടന്നോണ്ടിരിക്കാണ് അകത്തു. ഒരു പത്തു മിനുട്ട് കൂടി, അത് കഴിഞ്ഞു മാറ്റാം.. നേരത്തെ മാറ്റിയേനെ, അപ്പൊ ഈ നായ്ക്കൾക്ക് ഇവിടെ കിടന്നു ഹോൺ അടിക്കണം…”
ഹാരിസിനോട് പറഞ്ഞാൽ അവനു മനസ്സിലാവില്ല. പണ്ട് മുതലേ ഉള്ള പ്രശ്നം ആണ്, വാപ്പാന്റെ പൈസ കണ്ടു വളർന്നതിന്റെ ആണ്.
” ശരി എന്നാ…ഞങ്ങൾ വെയിറ്റ് ചെയ്യാം… അനീഷേ..വാടാ”
ഞാൻ അവനെയും കൊണ്ട് ബസിലേക്ക് കേറി..ഞങ്ങൾ കയറുന്നതും നോക്കി കുറച്ചു നേരം നിന്നിട്ട് അവൻ വീട്ടിലേക്ക് കേറിപ്പോയി.
ഞാൻ ഫ്രണ്ട് ഡോറിലൂടെ കേറി അക്ബർ ഇക്കയോട് മാറി ഇരിക്കാൻ പറഞ്ഞു.
” ആദി..മോനെ വേണ്ടെടാ… അച്ഛൻ അറിഞ്ഞാൽ പ്രശ്നം ആവും.. ”