തട്ടത്തിൻ മറയത്ത് [Aadhi]

Posted by

” നീയെങ്ങോട്ടാ ഈ രാത്രിയിൽ ?? ” അച്ഛന്റെ ശബ്ദം ഇരുട്ടിൽ നിന്നും കേട്ടു..

” അത്..ഉറക്കം വരുന്നില്ല… ഞാൻ ഒന്ന് പുറത്തുപോയിട്ട് വരാം… ” ഞാൻ വേഗം ഇറങ്ങി റൂമിലെത്തി ഹന്നയെ തട്ടിവിളിച്ചു, അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ചുണ്ടിൽ കൈവെച്ചു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു ഞാൻ അവളുടെ കൈപിടിച്ച് കാറിനടുത്തേക്ക് കൊണ്ടുപോയി..

” എങ്ങോട്ടാ ഇപ്പൊ?? ”

” നീ വാ… കേറ്,, ” കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു… എങ്ങോട്ട് പോവണം എന്ന് ഒരു ഐഡിയ ഇല്ല.. അന്ന് ആദ്യമായിട്ട് ബാംഗ്ലൂർ അവളെയും കൊണ്ട് കറങ്ങാൻ ഇറങ്ങിയ പോലെ.. അതെ… ബാംഗ്ലൂർ !! സമയം നോക്കിയപ്പോൾ 11 കഴിഞ്ഞിട്ടുണ്ട്, ബന്ദിപ്പൂർ റോഡ് അടച്ചുകാണും, ഞാൻ കുട്ട വഴി ബാംഗ്ലൂരിലേക്ക് ഓടിച്ചു.

” ഇങ്ങക്ക് എന്നെ എന്ന് മുതലാ ഇഷ്ടായത്?? ” ഹന്നയുടെ ചോദ്യം ആണ്…

” അറിയില്ല… ആദ്യമായി കണ്ടപ്പോഴേ എവിടോ കണ്ട മുഖം ആയി തോന്നി… ”

” അത് ഇങ്ങളെ പണ്ടത്തെ കാമുകീന്റെ മുഖം ഓർമ വന്നോണ്ടാവും…” അവൾ ഒന്ന് നിർത്തി..

” ശെരിക്കും ഞാൻ ഓൾടെ അനിയത്തി ആയോണ്ടാണോ ന്നെ ഇഷ്ടപ്പെട്ടത്?? ” അവൾ ചോദ്യരൂപത്തിൽ എന്നെ ഒന്ന് നോക്കി…

” അറിയില്ല.. പക്ഷെ ഓൾടെ അനിയത്തി അല്ലെങ്കിലും ഞാൻ ചെലപ്പോ ഈ മൊഞ്ചത്തിനെ ഇഷ്ടപ്പെട്ടേനെ… പിന്നെ ഷെൽഹ, ഓളിന്റെ കാമുകി മാത്രം അല്ലായിരുന്ന്.. ഇന്റെ ബെസ്റ്റ് ഫ്രണ്ട് കൂടി ആയിരുന്ന്.. അതോണ്ട് നമ്മൾ തമ്മിലുള്ള കാര്യം പെട്ടെന്ന് നടന്നു…” ഞാൻ ഇടതു കൈ കൊണ്ട് അവളെ ഒന്ന് ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഞങ്ങൾ തമ്മിലുള്ള അകലം ഒന്ന് കുറഞ്ഞപോലെ…

” നീ വേണമെങ്കിൽ ഒറങ്ങിക്കോ.. സീറ്റ് ബെൽറ്റ് ഇട്ടോ.. ഞാൻ എത്തുമ്പോ വിളിക്കാ… ”

” എങ്ങണ്ടാ ഈ രാത്രിക്ക്?? ”

” പറയാ…ഇയ്യോറങ്ങിക്കോ… ” അവൾ സീറ്റ് ബെൽറ്റ് ഇട്ട്, വിൻഡോയിലേക്ക് തല ചായ്ച്ചു വെച്ച് ഉറങ്ങാൻ തുടങ്ങി.. ഞാൻ മ്യൂസിക് പ്ലേയർ ഓൺ ചെയ്തു.. സിഡി ഇടുന്ന ടൈപ്പ് ആണ്.. അതിലൂടെ പണ്ടത്തെ നസീറിന്റെയും സത്യൻെറയും ഒക്കെ പ്രേമഗാനങ്ങൾ.. അച്ഛന്റെയും അമ്മയുടെയും മനോഹരമായ പ്രണയനിമിഷങ്ങൾ ചിലപ്പോൾ ഇതിനുള്ളിലാവാം… ഞാൻ ഒരു പുഞ്ചിരിയോടെ ഡ്രൈവ് ചെയ്തു.. ബാംഗ്ലൂർ ടൗണിൽ കേറി എയർപോർട്ട് റോഡിലൂടെ ഞാൻ വണ്ടി വിട്ടു, നേരം അഞ്ചര ആവുന്നതേ ഉള്ളൂ… നന്ദി ഹിൽസിലേക്ക് വണ്ടി കേറിത്തുടങ്ങി..തിരക്ക് ഒന്നും കാണുന്നില്ല. വണ്ടി പാർക്കിങ്ങിൽ ഇട്ടു ഹന്നയെ തട്ടി വിളിച്ചു.

അവളെ എണീപ്പിച്ചു മുകളിലേക്ക് നടന്നു.. ഞങ്ങളെ പോലെ കുറച്ചു കപ്പിൾസൊക്കെ ഉണ്ട്.. നല്ല വ്യൂ കിട്ടുന്ന ഒരു സ്ഥലം നോക്കി ഇരുന്നു. അവൾ എന്നിലേക്ക് ചാരി ഇരുന്നു.. തണുത്ത കാറ്റ് വീശുന്നുണ്ട്.. പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നുമില്ലാത്തത് കൊണ്ട് ഒരു ജാക്കറ്റ് പോലും എടുത്തിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *