ഭക്തർ ബോംബർ വിമാനങ്ങളും വിമാനവാഹിനി കപ്പലുകളും എ.കെ 47 ഉം ഒക്കെ ഉപയോഗിച്ച് പരസ്പരം യുദ്ധം ചെയ്യുമ്പോൾ പാവം ദൈവങ്ങൾ തുരുമ്പിച്ച വാളും മുനയൊടിഞ്ഞ കുന്തവുമായി നാണിച്ച് പൊന്തക്കാട്ടിൽ ഒളിക്കുന്നു….!
അതിമോഹങ്ങൾ ഒന്നുമില്ല!
ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടല്ലേ?
അതിന് അനുസരിച്ചുള്ള ചെറിയ ചെറിയ അപ്ഡേഷനുകൾ?
കുതിരവണ്ടിക്ക് പകരം ഒരു ബെൻസ്? ഈ-ക്ലാസ് ആയാലും മതി!
കുതിരയ്ക്ക് പകരം ഒരു ബുള്ളറ്റ്?
കഴുതയ്ക്ക് പകരം ഒരു മോപ്പഡ്?
പരുന്തിന് പകരം ഒരു യുദ്ധവിമാനം?
മയിലിന് പകരം ഒരു ചേതക്ക് ഹെലികോപ്റ്റർ?
ന്താ പറ്റില്ല ല്ലേ…?
ശ്രീ.സനൽ ഐപിഎസ്സ് എന്റെ ഒരു കഥാപാത്രം ഒരു ഭാവനാ സൃഷ്ടി മാത്രമാണ്! സനൽ ഇടപഴകിയ പ്രേതങ്ങളും!
മുണ്ടക്കയം എന്ന സ്ഥലമുണ്ട് അവിടെ സനൽ എന്ന പേരുകാർ ധാരാളം ഉണ്ടാവും അവിടെ പെയിന്റിംഗ് പണി ചെയ്യുന്ന സനലുമാരും ഉണ്ടാവും!
സനലും സനലിന്റെ പ്രേതാനുഭവങ്ങളും വസ്തുതയാണ് എന്ന് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാൻ ഇത്രയും ധാരാളം മതി!
എല്ലാ വിശ്വാസങ്ങളും ഇതേ പോലെയാണ്!
ഹിന്ദു ദൈവമാണോ ക്രിസ്ത്യൻ ദൈവമാണോ മുസ്ലീം ദൈവമാണോ ശരിക്കും ഒർജിനൽ ദൈവം?
എല്ലാം ഒന്നാണ് ദൈവം ഒന്നേയുള്ളു എങ്കിൽ പുനർജന്മ\മോക്ഷ സിദ്ധാന്തമാണോ അതോ ഉയിർപ്പ് സ്വർഗ്ഗനരക സിദ്ധാന്തമാണോ ശരി?
എല്ലാ ദൈവങ്ങൾക്കും അവർക്ക് ഉള്ള വിശ്വാസികളെക്കാൾ അവരെ അവിശ്വസിക്കുന്നവരാണ് കൂടുതൽ! അപ്പോൾ ഏതാണ് ശരി?
അപ്പോൾ ആ മണ്ടൻ കഥകളേയും പൊട്ടത്തരങ്ങളേയും വിഡ്ഡിത്ത ഓഫറുകളേയും തള്ളി അവയിൽ കൂടി പറഞ്ഞു തരുന്ന നന്മകൾ മാത്രം സ്വീകരിച്ചു വെറും മനുഷ്യനായി ജീവിക്കുക അല്ലേ അഭികാമ്യം?
വിശ്വസിച്ചോളൂ…. ആകാശമാമന്മാർ അപ്പാപ്പം തരുമെന്ന ആ അന്ധത മാറ്റി വിശ്വാസത്തെ വെറും വിശ്വാസമായി കണ്ട് സഹജീവികൾക്ക് സഹായവും നന്മയും ചെയ്ത് മതങ്ങളിലും വലുത് മാനുഷികം ആണ് എന്ന ബോദ്ധ്യത്തോടെ മനുഷ്യരായി ജീവിക്ക്…..
സീയൂസ്, പൊസിഡോൺ, ഹെർമീസ്, അഥീന, അപ്പോള, നെപ്ട്യൂൺ, ജുപ്പീറ്റർ, ഒഡിൻ, തോർ തുടങ്ങി ആയിരക്കണക്കിന് ദൈവങ്ങൾ ചത്തൊടുങ്ങി. അതുപോലെ തന്നെ നമ്മുടെ നിലവിലുള്ള ദൈവങ്ങളും ഒരു നാൾ മരിക്കും എന്ന വിശ്വാസത്തോടെ നമുക്കും വിശ്വസിക്കാം… വിശ്വാസങ്ങളെ വെറും വിശ്വാസങ്ങളായി എടുത്ത് വെറുതേ വിശ്വസിക്കാം…
⁃ സ്നേഹപൂർവ്വം
⁃ സ്വന്തം സുനിൽ