രോഹനെ താൻ പോയി കണ്ടു. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ല.പിന്നെ അയാളുടെ മുന്നിൽവച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു.അപ്പോഴാണയാൾ എല്ലാം പറഞ്ഞത്. തന്റെ മരണമൊഴിവാക്കാനായി അപ്പു ചെയ്ത ത്യാഗം. തേങ്ങിപ്പോയി താൻ.
ദേവപ്രയാഗിലേക്കാണു പോകുന്നതെന്നും ഇനി മടങ്ങിവരില്ലെന്നും രോഹനെ അപ്പു അറിയിച്ചിരുന്നു. ആ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത്.അന്വേഷിച്ചുവരാൻ മറ്റാരുമില്ല. എവിടെ പോയി കണ്ടുപിടിക്കുമെന്നു നിശ്ചയമില്യ, കണ്ടുമുട്ടുമോയെന്നും അറിയില്ല. പ്രതീക്ഷ മാത്രം ബാക്കി.
അഞ്ജലിയെയും കൊണ്ട് ആ കാർ ദേവപ്രയാഗിലേക്കു യാത്ര തുടർന്നു. നദികൾ സംഗമിക്കുന്നിടത്ത് ഒട്ടേറെ ആശ്രമങ്ങളുണ്ടായിരുന്നു.അതിനു മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന സന്ന്യാസിമാരും ബ്രഹ്‌മചാരിമാരും.
അവരിൽ പലരെയും അപ്പുവിന്റെ ചിത്രം കാട്ടി. എന്നാൽ ആർക്കും മനസ്സിലായില്ല.
ഒടുവിൽ ഒരു മലയാളി,കണ്ണൻ, ഒരു ഒറ്റപ്പാലത്തുകാരൻ…അയാൾ ചിത്രം കണ്ട് ഒന്നു ഞെട്ടി.
‘ഇതു അനോഖി ബാബയെപ്പോലിരിക്കുന്നു’ അയാൾ പറഞ്ഞു.
‘അനോഖി ബാബയോ’ അഞ്ജലി അയാളോടു ചോദിച്ചു.
‘അതെ, ബാബ മലയാളിയാണ്.15 വർഷം മുൻപ് ഇവിടെത്തിയതാ. ഇപ്പോ 36ാം വയസ്സിൽ തന്നെ ഇവിടത്തെ ഹരിഗോവിന്ദ് മന്ദിർ ആശ്രമത്തിന്റെ മഠാധിപതിയായി. വലിയ ജ്ഞാനിയാണ്.’
അനോഖി ബാബ തന്റെ അപ്പുവാണെന്നുള്ള പ്രതീക്ഷ അഞ്ജലിക്കുള്ളിൽ നിറഞ്ഞു വന്നു. കണ്ണൻ പറഞ്ഞതനുസരിച്ച് ലക്ഷണങ്ങളെല്ലാം കിറുകൃത്യം. മഞ്ഞിൽ മൂടി നിന്ന പോലെയുള്ള മനസ്സിൽ ഒരു സൂര്യോദയം സംഭവിക്കുന്നത് അവളറിഞ്ഞു.
ഹർഗോവിന്ദ് മന്ദിർ ആശ്രമത്തിലേക്കു കയറുമ്പോൾ അവളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.
അപ്പു, എങ്ങനെയുണ്ടാകും ഇപ്പോൾ, തടിച്ചിട്ടുണ്ടാകുമോ, അതോ മെലിഞ്ഞിട്ടുണ്ടാകുമോ?
അവൻ എന്നെ ഓർക്കുന്നുണ്ടാകുമോ?
ഇനി….ഇനി അവൻ തന്നെ തിരിച്ചറിയാതെയിരിക്കുമോ?
ആയിരം ചോദ്യങ്ങൾ അവളുടെ നെഞ്ചിൽ അലയടിച്ചു.
ആശ്രമത്തിന്റെ ഇടനാഴികളിലൂടെ പ്രാർഥനാഗൃഹത്തിലേക്ക് അവൾ നടന്നു. അവിടെ ഒരുകൂട്ടം വിശ്വാസികളോ സന്ന്യാസിമാരോ ആണെന്നു തോന്നുന്നു.അവർ പ്രാർഥനയ്ക്കായി നിൽക്കുന്നു. അവരെല്ലാം വെള്ളവസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്.
പെട്ടെന്ന് ഒരു മണിശബ്ദം കേട്ടു.കാവി വസ്ത്രം ധരിച്ച ഒരു നീളമുള്ള ആൾ കൈയിൽ വലിയ ഒരു കൂട്ടവിളക്കുമായി ആ കൂട്ടത്തിലേക്കു വരുന്നു.അയാളുടെ കൈയിലെ വിളക്കിൻ കൂട്ടത്തിൽ നിന്നുള്ള തീനാളത്തെ വണങ്ങുകയാണ് കൂടി നിന്നവർ. ഒരു സഹായി കൂടെ നടക്കുന്നു.അയാളുടെ മറവ് കാരണം കൂട്ടവിളക്ക് പിടിച്ചയാളെ ശരിക്കു കാണാൻ സാധിക്കുന്നില്ല.
അഞ്ജലി കുറച്ചുകൂടി മുന്നോട്ടു കടന്നു നിന്നു.
സഹായി കുറച്ചു പിന്നിലേക്കു മാറി.കാവിവസ്ത്രം ധരിച്ച ആ സന്ന്യാസിയെ അഞ്ജലി ശരിക്കും കണ്ടു.