അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

” അവനോ…. നിനക്കൊന്നും ബോധമില്ലേ??… അവനെപ്പോലെ ഒരു ആഭാസൻ ആ നാട്ടിൽ വേറെ ഇല്ലന്ന് നീ തന്നല്ലേ എന്നോട് പറഞ്ഞത്…. എന്നിട്ടിപ്പോ…. എന്താടാ…. സ്വന്തം അനുജത്തി അല്ലല്ലോ…. അനാഥയല്ലേ…. അതുകൊണ്ട് ആർക്കെങ്കിലും എറിഞ്ഞു കൊടുക്കാമെന്നാണോ….നാണമുണ്ടോ നിനക്ക്??… സമ്മതിക്കില്ല ഞാൻ…. ”
അവൻ ദേഷ്യം അടക്കാൻ വയ്യാതെ ഓരോന്ന് വിളിച്ചു പറഞ്ഞു…” ഇഷ്ടമുണ്ടായിട്ടല്ലടാ…. തോൽപ്പിച്ചു കളഞ്ഞടാ
അവൾ നമ്മളെ…. അവൾ ഗര്ഭിണിയാടാ…. എന്തൊക്കെ ചെയ്തിട്ടും അവൾ ആരാണെന്ന് പറഞ്ഞില്ല…. അവസാനം അവൻ വന്ന് പെണ്ണുചോദിച്ചപ്പോളാ അറിയുന്നേ…. ഇതല്ലാതെ വേറൊരു വഴിയുമില്ല…. എന്ത് ചെയ്യാനാടാ ഞാൻ…. ”

ഒരു പേമാരി പോലെയാണ് അവൻ പറഞ്ഞ വാക്കുകൾ ഉള്ളിലേക്ക് പതിച്ചത്…. അവന്റെ കയ്യിൽ നിന്നും മൊബൈൽ താഴെ വീണു ചിന്നി ചിതറി….. കണ്ണിൽ വെള്ളം ഉരുണ്ടുകൂടി…. താഴെ വീണു പൊട്ടിയ ഫോണിന്റെ ഡിസ്‌പ്ലേയിൽ അപ്പോളും അവളുടെ ചിരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ കാണാമായിരുന്നു…. ഇന്ദു….. ഇന്ദുട്ടി…

തളർന്നതു പോലെ അവൻ കസേരയിൽ ഇരുന്നു…കണ്ണിൽ ഇരുട്ട് കയറുന്നത് അവനറിയുന്നുണ്ടായിരുന്നു… വെളിച്ചത്തെ മറച്ചുകൊണ്ട് അന്ധകാരം അവനിൽ പടർന്നു കഴിഞ്ഞിരുന്നു…. അത് അവനെ ഓർമകളിലേക്ക് തിരിച്ചെത്തിച്ചു…..

നാലു വർഷങ്ങൾക്ക് മുൻപ് ഒരു പ്രഭാതം…
“ടിക്കറ്റ്…. ടിക്കറ്റ്‌….ടിക്കറ്റ് കിട്ടാത്തവരുണ്ടോ…. ”
സുഖകരമായ നിദ്രയിൽ നിന്നും അമലിനെ ഉണർത്തിയത് കണ്ടക്ടറുടെ കോലാഹലമായിരുന്നു…. അവൻ പുറത്തേക്ക് നോക്കി…. നല്ല മഞ്ഞ്…. മരങ്ങൾക്കിടയിലൂടെ മലയിലൽ അതിങ്ങനെ പെയ്തിറങ്ങുന്നു…. ഷട്ടർ തുറന്നപ്പോൾ തണുപ്പ് അകത്തേക്ക് അരിച്ചിറങ്ങി…. കൈകൾ അവൻ ഒന്നുകൂടി ശരീരത്തിലേക്ക് ചേർത്തു പിടിച്ചു…. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അമ്മയെ വിളിച്ചു….

” ഹലോ….. ഞാൻ എത്താറായമ്മേ…. ആ… ഒരാഴ്ച കഴിഞ്ഞേ വരൂന്ന് പറഞ്ഞതല്ലേ… പിന്നെ എന്താ ഒരു ചോദ്യം… മ്മ് ശരി…. ”

അപ്പോളേക്കും ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു…. ബസ്സിൽ നിന്നും ഇറങ്ങിയപ്പോളേ അവനെ കാത്ത് നിൽക്കുന്ന അരവിന്ദിനെ അവൻ കണ്ടു…. അവർ രണ്ടുപേരും കോളേജിൽ ഒരുമിച്ചാണ്….. അവനെ കണ്ടപാടെ അരവിന്ദ് ഓടി അടുത്തേക്ക് വന്നു….

” എന്റെ പൊന്നളിയാ…. പെണ്ണുങ്ങളെ വീട്ടിൽ നിന്ന് എവിടെങ്കിലും വിടാൻ ഇത്രയും പ്രശ്നമില്ലല്ലോടാ…. നിന്റെ കാര്യം അതിലും കഷ്ടമാണല്ലോ…. എന്റെ ചേച്ചിയുടെ കല്യാണത്തിന് നീ ഒന്ന് വരാൻ എത്ര പ്രാവശ്യം ഞാൻ നിന്റമ്മയെ വിളിക്കച്ചൂന്ന് വല്ല കണക്കുമുണ്ടോ..??.. ”

” ഞാൻ നിന്നോട് ആദ്യമേ ഇതൊക്കെ പറഞ്ഞതല്ലേ…. അച്ഛൻ വല്യ താല്പര്യം ഉണ്ടായിട്ടല്ല…. എന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാ ഇത്രെയെങ്കിലും പറ്റിയത്…. ”

” ആ മതി മതി…. വാ പോവാം… അവിടെ കല്യാണ ഒരുക്കങ്ങൾ നടക്കുവാ… അതിനിടയ്ക്കാ ഈ കൊച്ചു വെളുപ്പാൻ കാലത്ത്… നീ വന്നേ…. ”

അവർ രണ്ടുപേരുംകൂടി ബൈക്കിൽ അരവിന്ദിന്റെ വീട്ടിലേക്ക് തിരിച്ചു…. പട്ടണത്തിൽ നിന്നും ഏഴു കിലോമീറ്റർ ഉള്ളിലാണ് അവന്റെ നാട്…. ഒരു കൊച്ചു ഗ്രാമം… ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ അമലിന്റെ കണ്ണുകൾക്ക് വിരുന്നായി… ഇടവഴികളിലൂടെ കയറി അവർ വീട്ടിലെത്തി…

Leave a Reply

Your email address will not be published. Required fields are marked *