അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അസഹ്യമായ വേദന…. അവൻ നാലുപാടും നോക്കി സഹായത്തിനായി ആരെയും കണ്ടില്ല….. കാൽ അനക്കാൻ ആകാതെ കുറച്ചു സമയം കൂടി അവൻ അതേ ഇരിപ്പ് ഇരുന്നു…. അതിനു ശേഷം പതിയെ കാൽ വലിച്ച് വലിച്ച് അവൻ അടുത്തുള്ള ഓലപ്പുരയിലേക്ക് കയറി…. അവിടെയുള്ള കയറുവരിഞ്ഞ കട്ടിലിൽ അവൻ കാൽ നീട്ടി വച്ചിരുന്നു….. പതിയെ തടവുമ്പോളും സഹിക്കാൻ പറ്റാത്ത വേദന… അവിടെ നിന്നും എഴുന്നേറ്റു പോകാൻ പറ്റില്ലന്ന് അവന് ഉറപ്പായി…. എന്തെങ്കിലും ഒരു സഹായത്തിനായി അവൻ ചുറ്റും പരതി…. അവസാനം അവന്റെ കൈയിൽ കിട്ടിയത് ചാരായക്കുപ്പിയാണ്….

“ദേവന്മാർ പോലും ഉപയോഗച്ചിരുന്ന ആത്യന്തികമായ വേദന സംഹാരിയല്ലേ…. ഒന്ന് കുടിച്ച് നോക്കുന്നതിൽ തെറ്റുണ്ടോ??…”
വേദനയ്ക്കിടയിലും അവൻ ആ കുപ്പിയിൽ നോക്കി പറഞ്ഞു…

” യേ… തെറ്റുണ്ടാകില്ല…. ഇനി എന്തെങ്കിലും പ്രശ്നമാകുമോ… ”
അവൻ സ്വയം ചോദിച്ചു….

അവസാനം മദ്യം തന്നെ വിജയിച്ചു….. അടപ്പ് തുറന്ന് ഒരു കവിൾ വായിലേക്ക് കമത്തി…. ഒരു തീ ഗോളം ഉള്ളിലൂടെ പോകുന്നത് പോലെ അവൻ തോന്നി…. ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തു…. എങ്കിലും അവസാനം വേദനയ്ക്ക് അൽപ്പം ആശ്വാസം കിട്ടിയത് പോലെ അവന് തോന്നി…. അങ്ങനെ പതിയെ പതിയെ ഒരു കുപ്പി മുഴുവൻ കുടിച്ച് അവൻ കട്ടിലിലേക്ക് വീണു….

സുന്ദരമായ ഒരു ദ്വീപ്…. തിരമാലകൾ തീരത്തെ ചുംബിച്ചുകൊണ്ടിരിക്കുന്നു…. തിരയോളങ്ങളുടെ ശബ്ദം കേട്ട് അവൻ പതിയെ കണ്ണു തുറന്നു…. നോക്കെത്താ ദൂരമുള്ള മണൽ പരപ്പിൽ കിടക്കുകയായിരുന്നു അവൻ…. ചാടി എഴുന്നേറ്റ് ദേഹത്തു പറ്റിയ പൂഴിമണ്ണെല്ലാം തട്ടി കുടഞ്ഞു കളഞ്ഞു…. ചുറ്റും ആരെയും കാണുന്നില്ല…. കുറ്റിക്കാടുകൾ മാത്രം പരിഭ്രാന്തനായി അവൻ എങ്ങോട്ടെന്നില്ലാതെ ഓടി…. അവസാനം ഒരു പാറക്കല്ലിൽ തട്ടി പൂഴി മണ്ണിലേക്ക് വീണു…. വീണ്ടും ഒരു വിധം അവൻ എഴുന്നേറ്റു…. എവിടെനിന്നോ ഒരു സ്ത്രീ ശബ്ദം…. അവൻ ചുറ്റും നോക്കി…. ഒരു സ്ത്രീ ഏതോ മരച്ചുവട്ടിലെ പാറപുറത്ത് ഇരിക്കുന്നു…. അവൻ അങ്ങോട്ടേക്ക് ഓടി ….. നിലാവിന്റെ വെളിച്ചത്തിൽ അവൻ ആ സ്ത്രീ രൂപത്തെ കണ്ടു…. അതേ അതൊരു മത്സ്യകന്യകയാണ്…. ആ കരിനീലകണ്ണുകൾ അവനെ വശീകരിക്കുന്നു….
‘ എന്നെ പ്രാപിക്കു….ഞാൻ നിന്റേതാണ്…. നിന്റേത് മാത്രം… ‘
മത്സ്യകന്യക അവനോടു മൊഴിഞ്ഞു….

സമയം കടന്നു പോയി…. ദിഗന്തങ്ങൾ പൊട്ടുമാറ് ആകാശം നിലവിളിച്ചു…. പേമാരി പെയ്തു വീണു….. അവൻ ചാടി എഴുന്നേറ്റു….. ഇപ്പോൾ മത്സ്യകന്യക കൂടെയില്ല….. തിരമാലകൾ ഉയർന്നു പൊങ്ങുന്നു…. ഒരു ദാവണിക്കാരി പെൺകുട്ടി മഴ നനഞ്ഞ് സമുദ്രത്തിൽ നോക്കി നിൽക്കുന്നു….. ഇന്ദു…. അവൻ അലറിക്കൊണ്ട് അങ്ങോട്ടേക്ക് ഓടി ചെന്നു…. അടുക്കും തോറും അവൾ അകന്നുകൊണ്ടിരിക്കുന്നു…. വീണ്ടും വീണ്ടും അവൻ ഓടി…. അവസാനം ഒരു മിന്നൽ പിണർ അവളെയും ചാമ്പലാക്കി കടന്നുപോയി….

“ഇന്ദൂ…..”
അലറിക്കൊണ്ട് അവൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു…. താൻ എവിടെയാണ് എന്താണ് എന്ന് മനസ്സിലാക്കാൻ അവന് കുറച്ചു സമയം വേണ്ടി വന്നു …. കൈയിലെ ചാരായക്കുപ്പി നിലത്തേക്ക് ഇട്ട് അവൻ ദേഹത്തു തൊട്ടു നോക്കി…. മൊത്തം നനഞ്ഞിരിക്കുന്നു…. രണ്ടും കൈയും കൊണ്ട് കണ്ണ് തിരുമി നോക്കിയപ്പോൾ മുൻപിൽ ഇന്ദു…..

അവളും ആകെ നനഞ്ഞിട്ടുണ്ട്…. മുടി വാരിക്കെട്ടി വച്ചിരിക്കുന്നു…. ധാവണിയുടെ തുമ്പ് ഇടുപ്പിൽ ചുറ്റി വച്ച് രണ്ടു കൈയും പിണച്ചു കെട്ടി അവനെ നോക്കി നിൽക്കുകയാണ്…. ആ മുഖത്തു മിന്നി മറഞ്ഞത് രൗദ്രമാണെന്ന് മനസ്സിലാക്കാൻ അവന് അധിക സമയം വേണ്ടി വന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *