അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

ഇന്ദുവും അമലും നല്ല ചേർച്ചയാണെന്ന് അവർക്ക് നേരത്തെ തോന്നിയിരുന്നു…. പക്ഷെ അത് അമൽ എങ്ങനെ എടുക്കും എന്നുള്ള വിഷമം കൊണ്ടാണ് അവർ ഒന്നും പറയാതിരുന്നത്…. എല്ലാം അറിഞ്ഞുകൊണ്ടു ഇന്ദുവിനെ സ്നേഹിച്ച അമലിനോട് അവരുടെ സ്നേഹം ഇരട്ടിച്ചു…. അവർക്ക് ആകെ തോന്നിയ വിഷമം അമലിന്റെ വീട്ടുകാർ പ്രശ്നം ഉണ്ടാക്കും എന്നുള്ളതായിരുന്നു…. ഇന്ദുവിന്റെ കല്യാണം വലിയ രീതിയിൽ നടത്തുന്നത് അവർ സ്വപ്നം കണ്ടിരുന്നു…. പക്ഷെ അതൊന്നും അവർക്ക് അപ്പോൾ ഉണ്ടായ സന്തോഷത്തെ അകറ്റാൻ പ്രാപ്തമുള്ളതായിരുന്നില്ല….

എല്ലാവരും ഇന്ദുവിന്റെ വരവിനായി ഉമ്മറത്തു തന്നെ കാത്തിരുന്നു…. മാനം കറുത്തു…. അടുത്ത മഴ വീണ്ടും തുടങ്ങി…. ഇന്ദു വരാനുള്ള സമയം കഴിഞ്ഞുപോയിട്ടും അവളെ കണ്ടില്ല…. സമയം വീണ്ടും കടന്നു പോയി…. മഴ വീണ്ടും കരുത്തു പ്രാപിച്ചുകൊണ്ടിരുന്നു….. വരാനുള്ള സമയം കഴിഞ്ഞു മണിക്കൂറുകൾ വീണ്ടും കടന്നു പോയിട്ടും അവളെ കാണാത്തത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ചു….. അമ്മ പേടിച്ചു കരയുമെന്ന അവസ്ഥയിലെത്തി…. ഇനിയും കാത്ത് നിൽക്കുന്നത് ബുദ്ധിമോശമാണെന്ന് തോന്നിയ അമലും അരവിന്ദും മഴയെ വക വയ്ക്കാതെ ബൈക്കുമെടുത്ത് പുറത്തേക്ക് ഇറങ്ങി…. അവർ പടിപ്പുര കടക്കുന്നതിന് മുൻപ് ഇന്ദു വീട്ടു മുറ്റത്തേക്ക് നടന്നു വന്നു….

“അയ്യോ മോളെ…. നിനക്ക് എന്തുപറ്റി….
കരഞ്ഞുകൊണ്ട് അമ്മ അവളെ കെട്ടിപിടിച്ചു…. അവളാകെ നനഞ്ഞിരുന്നു…. വസ്ത്രത്തിൽ മൊത്തം ചെളി പറ്റി പിടിച്ചു കിടന്നിരുന്നു… നെറ്റിയിലും കൈ മുട്ടിലുമായി മുറിവുകൾ…. അമ്മയുടെ മുറവിളി കൂടുതൽ ഉച്ചത്തിലായി…. അരവിന്ദും അമലും തിരിച്ച് ഓടി വന്നു…

” എന്താ ഇന്ദു…. എന്താ പറ്റിയെ…. എന്താ ലേറ്റായത്…..”
അമൽ അവളോട് ചോദിച്ചു….

“അത്…. ഞാൻ…. മഴ… മഴയായിരുന്നു…. പിന്നെ തെന്നി വീണു…. ”
അവൾ എങ്ങനെയോ അത്രയും പറഞ്ഞു… അമ്മ അവളെയും കൊണ്ട് അകത്തേക്ക് പോയി….
അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി…. ഇന്ദുവിനോട് ഒന്നും ചോദിക്കാനോ പറയാനോ ആർക്കും കഴിഞ്ഞില്ല…. അവൾ അന്ന് പിന്നീട് മുറിക്കു പുറത്ത് വന്നില്ലന്നുള്ളതാണ് സത്യം…. എല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു …. ഇന്ദു ഒരിക്കൽ പോലും മുറിയടച്ച് ഇരുന്നിട്ടില്ല….. ആരും അവളെ ശല്യപെടുത്താൻ പോയില്ല…. ശരീര വേദനയാണ് ഉറങ്ങട്ടെയെന്ന് അമ്മ പറഞ്ഞു…. ഏറ്റവും ടെൻഷൻ അമലിനു തന്നെയായിരുന്നു…. പിറ്റേന്ന് തന്നെ എല്ലാം അവളോട്‌ സംസാരിക്കണം എന്ന് അമൽ തീരുമാനിച്ചു …. അതുകഴിഞ്ഞ് അടുത്ത ദിവസം ജോയിൻ ചെയ്യണ്ടതാണ്….. ഇനി അധികം സമയമില്ല….

പിറ്റേന്ന് അമൽ ഉണർന്നപ്പോൾ പതിവ് പോലെയുള്ള ചായ അവിടെ ഉണ്ടായിരുന്നില്ല…. ഇന്ദു ഇന്നും എഴുന്നേറ്റിട്ടുണ്ടാകില്ലന്ന് അവൻ ഊഹിച്ചു….. അവളുടെ റൂമിൽ പോയി അവൻ തട്ടി വിളിച്ചു…. കുറേ നേരം തട്ടി വിളിച്ചതിന് ശേഷമാണ് അവൾ വാതിൽ തുറന്നത്…. ആകെ അവശയായി വല്ലാതെ ഇരിക്കുന്ന അവളെയാണ് അവൻ അവിടെ കണ്ടത്…. പനി പിടിച്ചു കിടന്നപ്പോൾ പോലും ഇങ്ങനെ ഒരു അവസ്ഥയിലായിരുന്നില്ല അവൾ… അവന് അത്ഭുതം തോന്നിപ്പോയി…. ഒപ്പം ഭയവും…. അവൾക്ക് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവന്റെ മനസ്സ് പറഞ്ഞു…. അവൻ എന്തോ പറയാൻ വന്നപ്പോളേക്കും അവനെ മറികടന്ന് അവൾ പോയിരുന്നു….

സമയം വീണ്ടും കടന്നു പോയി…. ഇന്ദുവിനോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ അവന് സാധിച്ചില്ല…. അവൾ അവന് മുഖം കൊടുക്കുന്നത് പോലുമുണ്ടായിരുന്നില്ല….. എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ അവൻ മനസ്സ് ശാന്തമാകാൻ കുളപ്പടവിലേക്ക് നടന്നു…. കുറേ നേരം അവിടെ ഇരുന്ന ശേഷം അവൻ തിരികെ വീട്ടിലേക്ക് നടന്നു…. ഒരു ബഹളമാണ് അവനെ അവിടെ വരവേറ്റത്….

Leave a Reply

Your email address will not be published. Required fields are marked *