“”എന്താ അനന്തു ചോദിച്ചത്…??? “‘
സെലിന്റെ ആ നോട്ടം നേരിടാൻ ആകാതെ ഞാൻ ഒന്ന് പതറി…
കർചീഫെടുത്ത് നെറ്റിയിലെ വിയർപ്പു തുടക്കുന്ന സെലിന്റെ മുഖത്തു അതു വരെയും കാണാത്ത ഭാവമാറ്റം വകവയ്ക്കാതെ ഞാൻ സംസാരിക്കാൻ ശ്രമിച്ചു…
“താൻ എന്തിനാ ഇത്രക്കും വിറക്കുന്നത്… “”
ഞാൻ ജ്യൂസ് ഗ്ലാസ്സ് വീണ്ടും ചുണ്ടോടു ചേർത്തു…
ഒരു വരണ്ട ചിരി എനിക്ക് സമ്മാനിച്ച് സെലിൻ കയ്യിലെ ഗ്ലാസ്സിൽ നിന്നും അല്പം ജ്യൂസ് കൂടി കുടിച്ചു…
“പെട്ടന്ന് അനന്തു അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് disturbed ആയി എന്നുള്ളത് സത്യം…അതു വേറെ ഒന്നും കൊണ്ടായിരുന്നില്ല…ഓഫീസിലെ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞറിഞ്ഞ് നാളെ ഒരു പക്ഷെ അനന്തു ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു…അതു പോലെ തന്നെ സംഭവിച്ചപ്പോൾ ഒന്ന് വല്ലാണ്ട് ആയി.. അത്രേ ഉള്ളു…””
അവളുടെ തണുത്ത മറുപടിക്കു എന്തു പറയണമെന്നറിയാതെ ഞാൻ നിശബ്ദനായി നിന്നു….
“”സ്വവർഗാനുരാഗം കുറ്റമൊന്നുമല്ലല്ലോ…നമ്മുടെ നാട്ടിലെ നിയമത്തിനു എതിരുമല്ല…പിന്നെന്തിനാ ന്യൂക്ലിയർ ബോംബ് ഒളിപ്പിച്ചിട്ടുണ്ടോ?? എന്ന ശൈലിയിൽ ഒരു ചോദ്യം… “”
പെട്ടന്ന് സെലിന്റെ ആ ഉറച്ചവാക്കുകൾ അവിടെ മുഴങ്ങി കേട്ടു..
“”എനിക്ക് എന്റെതായ ഇഷ്ട്ടങ്ങൾ ഉണ്ട്…അതു തീർക്കുന്ന ചില അതിർ വരമ്പുകൾ ഉണ്ട്…അതിനപ്പുറത്തേക്ക് കടന്നു വരാൻ ഞാനാരെയും അനുവദിക്കില്ല… അനന്തുവിനെയും…..””
ചോദിച്ചത് അബദ്ധമായിപ്പോയോ എന്ന് കരുതി ഞാൻ സെലിനെ face ചെയ്യാൻ കഴിയാതെ അവളിൽ നിന്നും മുഖം തിരിച്ചു….
“ഒരു Physical relation നു എന്നെ ഫോഴ്സ് ചെയ്തതിന്റെ പേരിൽ ദീപകുമായി ഞാൻ ബ്രേക്ക് അപ്പ് ആയതും നിന്നെ സംശയിപ്പിച്ചിട്ടുണ്ടാകും അല്ലെ..?? “”
(ദീപക് സെലിന്റെ ബോയ്ഫ്രണ്ട് ആയിരുന്നു… മൂന്നു മാസം മുൻപ് ആണ് അവർ തമ്മിൽ ബ്രേക്അപ്പ് ആയത്…)
കത്തികയറുന്ന സെലിനോട് ഒന്നും പറയാനാകാതെ ഞാൻ പുറത്തു പെയ്യുന്ന മഴയിലേക്ക് കണ്ണും നട്ടു നിന്നു….
“അതാണ് കാര്യമെങ്കിൽ,, അതിപ്പോ ദീപക് എന്നല്ല ആരായിരുന്നാലും അവർ ആഗ്രഹിക്കുന്നത് കിട്ടാൻ പോണില്ല… ‘കാരണം എന്നെ സൂക്ഷിക്കേണ്ടത് ഞാൻ തന്നെയാണെന്ന’ ബോധം വ്യക്തമായുള്ള ഒരു പെണ്കുട്ടിയാണ് ഞാൻ……””
അതു പറയുമ്പോൾ പെട്ടെന്നുള്ള കോപവും സങ്കടവും കാരണം അവളുടെ അധരങ്ങളും കവിളുകളും വിറ കൊള്ളുന്നുണ്ടായിരുന്നു….
“”സെലിൻ നീ ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്തിനാ…നിന്നെപ്പറ്റി ഒരു കാര്യം അറിഞ്ഞപ്പോൾ അതു നിന്നോട് തന്നെ ചോദിച്ചു ക്ലിയർ ചെയ്യണമെന്ന് എനിക്ക് തോന്നി…അല്ലാതെ താൻ മറക്കാൻ ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ വീണ്ടും ഓർമിപ്പിച്ചു നിന്നെ ഡിസ്റ്റർബ് ചെയ്യണം എന്നു ഞാൻ ഒരിക്കലും കരുതിയില്ല…
ഞാൻ ചോദിച്ചത് നിന്നെ വിഷമിപ്പിച്ചുവെങ്കിൽ ഐ ആം റിയലി സോറി… “”
ഞാൻ സെലിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
“താൻ അങ്ങോട്ട് ഇരുന്നേ… “‘
അപ്പോഴും കോപം കൊണ്ട് വിറച്ചിരുന്ന സെലിന്റെ കയ്യിൽ പിടിച്ചു അവളെ ഞാൻ സോഫയിൽ ഇരുത്തി ഞാനും അവളുടെ അടുത്തിരുന്നു…