കഴിഞ്ഞ ആഴ്ച ഒരു ദിവസം അവർ അവിടെ വീട്ടിൽ വന്നു വിവാഹകാര്യം അവതരിപ്പിച്ചു… ഭദ്ര അന്നവിടെ ഇല്ലായിരുന്നു.. ഇന്നലെ ഞായറാഴ്ച സുദേവുമായി വന്നു അവർ ഭദ്രയെ പെണ്ണ് കണ്ട് പോയി….
അതിനു മുന്നേ തന്നെ ഭാനുമതി ആന്റി ഭദ്രയോടു ഈ ആലോചനയെപ്പറ്റി സംസാരിച്ഛ് അവളുടെ സമ്മതം വാങ്ങിയിരുന്നു…
ഒരു പക്ഷെ ഇത്രയും കാലം നോക്കിയതിന്റെയും വളർത്തിയതിന്റെയും കണക്ക് പറഞ്ഞ് ആ സ്ത്രീ അവളെകൊണ്ട് ആ വിവാഹത്തിനു സമ്മതിപ്പിച്ചു എന്ന് പറയുന്നതാകും ശരി…
എല്ലാം കൊണ്ടും നല്ല ആലോചനയാണ് എന്ന്
സുരേന്ദ്രനങ്കിളിനും ദിനേഷേട്ടനും തോന്നി.. സ്ത്രീധനം ആയിട്ട് ഒന്നും വേണ്ടാ എന്നും കാര്യമായ ബന്ധുജനങ്ങൾ ഒന്നും തന്റെ ഭാഗത്തു ഇല്ലാത്തതിനാൽ അടുത്ത വേണ്ടപ്പെട്ടവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വിവാഹം വളരെ ലളിതമായി നടത്തണം എന്നാണ് സുദേവ് ആവശ്യപ്പെട്ടിരിക്കുന്നത്…
അതും എത്രയും പെട്ടന്ന് തന്നെ…ഇതിലും നല്ലൊരു ബന്ധം ഭദ്രക്ക് വേറെ കിട്ടാൻ ഇല്ല എന്നു അവർക്കും തോന്നി കാണും..
എല്ലാവരും കൂടി അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കുക മാത്രമല്ലേ നിവർത്തിയുള്ളു..’
“ഈ ഒരു വിവാഹാലോചനക്ക് സമ്മതിച്ചതു കൊണ്ടായിരിക്കുമല്ലെ ഞാൻ ഇഷ്ട്ടമാണ് എന്നു പറഞ്ഞപ്പോൾ ഭദ്ര എന്നോട് അങ്ങനെ പെരുമാറിയത്….”‘
മനസ്സിലെ നീറ്റൽ മറച്ചു വച്ചും ഞാൻ ഏട്ടത്തിയോട് ചോദിച്ചു..
അതു മനസ്സിലായതു കൊണ്ടാണെന്നു തോന്നുന്നു ഏട്ടത്തി അരികിൽ വന്നു നിന്ന് എന്റെ തലമുടികളിൽ തഴുകി എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…
“”ആയിരിക്കും മോനെ.. ഒരു നിമിഷം നീ ഭദ്രയുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കിയാൽ അവളുടെ മാനസികാവസ്ഥ നിനക്ക് മനസ്സിലാകും…..എനിക്ക് ഉറപ്പുണ്ട്, ഒരിക്കലും പൂർണമനസ്സോടെ ആയിരിക്കില്ല
ഭദ്ര ഈ വിവാഹത്തിനു സമ്മതിച്ചിട്ടുണ്ടാവുക.. അവളുടെ സാഹചര്യം അതായത് കൊണ്ടാണ്… അല്ലെങ്കിലും അവളെപ്പോലെയുള്ള ഒരു പെൺകുട്ടിയുടെ ഇഷ്ട്ടങ്ങൾക്കും മോഹങ്ങൾക്കും ആരാണ് വില കല്പ്പിക്കുന്നതു.. ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ വിധിക്കപ്പെട്ട ഒരു ജന്മമാണ് അവളുടെതു..
അല്ലാതെ ആ കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയും..എതിർത്താൽ നന്ദികെട്ടവളായി എല്ലാവരും കുറ്റപ്പെടുത്തില്ലേ…”