” ഒന്നിങ്ങോട്ടിറങ്ങുന്നുണ്ടോ….!”
അമ്മ പട്ടിണി കിടക്കാൻ പോവാണ് എന്ന ചിന്ത എന്റെ ശബ്ദമുയർത്തി. എരിഞ്ഞുകൊണ്ടിരുന്ന ദേഷ്യം അതിനൊരു കാരണവുമായി.
എന്റെ ശബ്ദമുയർന്നതും അമ്മ ഒന്ന് ഞെട്ടി… ആ കണ്ണുകൾ വീണ്ടും നിറഞ്ഞു.
എന്താണ് ചെയ്തത് എന്ന ബോധം വന്നതും ഞാനാകെ വല്ലാതായി….
” അമ്മേ സോറി…. ദേഷ്യത്തിൽ അറിയാണ്ട് പറഞ്ഞുപോയതാ… വാ വല്ലതും കഴിക്കാം…. എനിക്ക് കുഴപ്പൊന്നുല്ല…. അവര് വല്ലോം പറഞ്ഞെന്നുവച്ച് അമ്മയെന്തിനാ പട്ടിണികിടക്കണേ… ”
പിന്നെയും ഒത്തിരി നിർബന്ധിച്ചപ്പോൾ അമ്മ പുറത്തിറങ്ങി. ഞങ്ങൾ ഹോട്ടലിനകത്തേക്ക് കയറി. അമ്മ ചെന്ന് മുഖമൊക്കെ കഴുകിവന്നപ്പോഴേക്കും ഞാൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നു.
എന്നെപ്പറ്റിയോർത്ത് അമ്മക്ക് ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല. വെറുതേ പാത്രത്തിൽ വിരലിട്ട് ഇളക്കി മറ്റെന്തോ ചിന്തയിലാണ് അമ്മ. ഇടക്ക് എന്നെ ഭോധിപ്പിക്കാനെന്നോണം ഒന്നോ രണ്ടോപിടി കഴിച്ചാലായി.
അത് കണ്ടുവെങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ബില്ലും പേ ചെയ്ത് അവിടന്നിറങ്ങി നേരെ ഫ്ലാറ്റിലേക്ക് തന്നെ ചെന്നു.
അതിനിടക്ക് അമ്മയുടെ ഫോൺ ഒത്തിരി തവണ റിങ് ചെയ്യുന്നുണ്ടായിരുന്നു.
പാർക്കിങ്ങിൽ വണ്ടിവച്ച് ഞങ്ങൾ മുകളിലേക്ക് കയറി. അമ്മ ഒന്നും മിണ്ടാതെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് കയറിപ്പോയി. അല്ലി ജിൻസിയുടെ ഒപ്പമായിരുന്നതിനാൽ ഞാൻ അവളുടെ ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിച്ച് അവിടെ കാത്ത് നിന്നു.
അല്ലിയാണ് വന്ന് കതക് തുറന്നത്. അവളെന്നെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.
” എന്തായേട്ടാ വേഗമ്മന്നെ…. ”
അവൾ സംശയത്തോടുകൂടിത്തന്നെ എന്നോട് ചോദിച്ചു.
” ഒന്നുമില്ല… ”
ഒറ്റവാക്കിൽ മറുപടിയൊതുക്കി ഞാൻ അകത്തേക്ക് കയറി.
രംഗം അത്ര പന്തിയല്ല എന്ന് തോന്നിയതിനാൽ ആവണം അല്ലി പിന്നെയൊന്നും ചോദിച്ചില്ല. അവൾ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തിരിച്ച് പോയി.
അവിടെ ഹാളിലേ സോഫയിൽ ഇരിക്കുന്ന ജിൻസിയുടെ മുഖത്ത് ഒരു തെളിച്ചമില്ല. അതിന്റെ കാരണം ഏറക്കുറെ എനിക്കൂഹിക്കാൻ പറ്റുന്നുണ്ട്.
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.
ജിൻസിയെന്നെ മുഖമുയർത്തിയൊന്ന് നോക്കി.
” അഭിയുടെ കല്യാണമാണ്…. അവളെന്നോട് ഒരുവാക്ക് പോലുമ്പറഞ്ഞില്ല… “