ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ [വാത്സ്യായനൻ]

Posted by

തിങ്കളാഴ്ച ലിൻഡ നിഖിലിനെ ഒറ്റയ്ക്ക് സംസാരിക്കാൻ വിളിച്ചു. അവൻ ചെന്നു.

“ഐ ആം സോറി.”

ലിൻഡയാണ് അതു പറഞ്ഞത്. നിഖിലിന് അമ്പരപ്പു തോന്നി. മോശമായി പെരുമാറിയത് താനാണല്ലോ. അവൾ എന്തിന് ഇങ്ങോട്ട് മാപ്പ് പറയണം? അവൻ ഒന്നും മിണ്ടിയില്ല.

“എടാ ഞാൻ നീ വിചാരിക്കുന്ന ടൈപ്പ് പെണ്ണല്ല. എന്നെ പലരും മോശപ്പെട്ട രീതിക്ക് തൊട്ടിടും പിടിച്ചിട്ടും ഒക്കെയുണ്ട്. സ്കൂളിലെ ടീച്ചറും കസിൻസും വരെ. വിഷമം കാരണം ഞാൻ കരഞ്ഞു കരഞ്ഞ് ഉറങ്ങാതെ കിടന്നിട്ടുണ്ട്. അതെല്ലാം പോട്ടെന്നു വെക്കാം. പക്ഷേ നിന്നെ ഞാനൊരു നല്ല ഫ്രൻഡ് ആയിട്ടാ കണ്ടിരുന്നത്. ആ നീയും അങ്ങനെ പെരുമാറിയപ്പം എനിക്ക് വന്ന സങ്കടം എന്തായിരുന്നെന്ന് അറിയാമോ? അതിൻ്റെ റിയാക്‌ഷനിൽ പെട്ടെന്ന് എൻ്റെ കൈ പൊങ്ങിപ്പോയി. ഇനി മേലാൽ നീയെന്നോട് അങ്ങനെയെങ്ങാനും കാണിച്ചാൽ നമ്മുടെ ഫ്രൻഡ്ഷിപ് അവിടെ തീർന്നു. മനസ്സിലായോ?”

ലിൻഡ കൈ കൊണ്ട് കൺകോണിൽ ഉരുണ്ടുകൂടി വന്ന നീർത്തുള്ളി തുടച്ചു.

നിഖിലിന് അന്നത്തെ തൻ്റെ പെരുമാറ്റത്തിൽ അതു വരെ തോന്നിയത് ഒരു നേരിയ കുറ്റബോധം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് കടുത്ത ആത്മനിന്ദയായി മാറി. അച്ഛനില്ലാത്ത പെൺകുട്ടി. തനിക്ക് അറിയാവുന്നതും അല്ലാത്തതുമായ എന്തെല്ലാം വേദനകളായിരിക്കാം അവൾ അനുഭവിച്ചതും ഇപ്പോഴും അനുഭവിക്കുന്നതും. അവളുടെ ഒറ്റപ്പെടൽ മുതലെടുത്ത് അവളെ തൻ്റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നു കരുതിയ താൻ എന്തൊരു നീചനാണ്! തൻ്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടും ഇപ്പോഴും അവൾ അതിനോടുള്ള പ്രതികരണം ഒരു ശാസനയിൽ ഒതുക്കുന്നത് തൻ്റെ സൗഹൃദം അവൾ അത്രക്ക് ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ. ഒന്നും വേണ്ടായിരുന്നു. അവൻ്റെ ശിരസ്സ് താഴ്ന്നു.

“എന്താ?” അവൾ ചോദിച്ചു.

“സോറി പറയേണ്ടത് ഞാനല്ലേ?” നിഖിൽ മുഖം ഉയർത്തി. അവൻ്റെ കൺകോണിലും ഒരു പൊടി നനവ് ഉണ്ടായിരുന്നു.

“ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”

“ഉം?”

“നീ ശരിക്കും എന്നോട് കൂട്ടുകൂടിയത് ഇതിനായിരുന്നോ?”

നിഖിലിന് മറുപടിയില്ലായിരുന്നു. നിമിഷങ്ങളോളം നീണ്ട മൗനത്തിന് ഒടുവിൽ അവൻ ലിൻഡയുടെ മുഖത്തു നോക്കാതെ പറഞ്ഞു, “നീ പറഞ്ഞത് ശരിയാ. ആദ്യമൊക്കെ എനിക്ക് അങ്ങനെ ഒരുദ്ദേശ്യം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എൻ്റെ മനസ്സിൽ നിനക്കൊരു സ്ഥാനമുണ്ട്. ഒരു നല്ല ഫ്രൻഡിൻ്റെ സ്ഥാനം. ഞാൻ ചെയ്തതു തെറ്റാണ്. ഐ ആം സോറി.”

Leave a Reply

Your email address will not be published. Required fields are marked *