പന്തല്‍ പോലെ ചാഞ്ഞ് വിരിഞ്ഞ നിറയെ ശിഖരങ്ങളുള്ള നാട്ടുമാവാണത്..
മണ്ണില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ചാഞ്ഞുകിടക്കുന്ന മാവിന്‍ കൊമ്പിലിരുന്ന് ഞാനും വിക്രമേട്ടനും എന്തെല്ലാം വികൃതിത്തരങ്ങളാണെന്നോ
കാണിച്ചു കൂട്ടാറുള്ളത്..!
… ഭാസ്കരമാമന്റേയും സരസമ്മയുടേയും ഇളയ പുത്രനാണ് വിക്രമേട്ടന്‍..
സ്കൂള്‍ അവധികാലത്ത് ഞാന്‍ വല്ല്യമ്മാന്റെ വീട്ടില്‍ പാര്‍ക്കാനെത്തി എന്ന് അറിഞ്ഞാലുടനെ ഓടിയെത്തുന്ന വിക്രമേട്ടന്‍ .. പിന്നെ ഞാന്‍ തിരികെ പോകുംവരെ വിക്രമേട്ടനായിരുന്നു എന്റെ കൂട്ട്..
എന്നേക്കാള്‍ മൂന്നോ നാലോ വയസ്സിന് മൂപ്പുണ്ടെങ്കിലും വിക്രമേട്ടന്‍ എനിക്ക് കളികൂട്ടുകാരന്‍ തന്നെയായിരുന്നു…
ഏറ്പന്ത് കളിച്ചും.ഓടിപ്രാന്തിയും.. ക്രിക്കറ്റും കളിച്ചും… മാവിലും കവുങ്ങിലുമെല്ലാം മത്സരിച്ച് പെടച്ച്കേറിയും.അങ്ങനെയങ്ങനെ
അവധികാലം ഞങ്ങള്‍ക്കൊരു ഉത്സവകാലമായിരുന്നു…!
ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്..
സ്കൂളിലെ വികൃതികളും കഥകളും പറഞ്ഞ് ഇരിക്കുന്ന നേരത്ത് , വിക്രമേട്ടന്‍ വീമ്പോടെ പൊടിമീശ തടവി കാണിച്ച് പറഞ്ഞു,
” നോക്ക് വല്ലഭൂ.. എന്റെ മീശ ..എങ്ങനീണ്ട്
ചെത്തീലേ !”
പുഞ്ചിരിച്ചുകൊണ്ട് ആ മുഖത്തേയ്ക്ക് നോക്കി നില്‍ക്കേ കണ്ണുകള്‍ ഇറുക്കിയടച്ച് തുറന്ന് വിക്രമേട്ടന്‍ കുസൃതിയോടെ ചിരിച്ചു..
ആ കണ്ണുകളിലെ തിളക്കവും വശ്യതയും അന്നാണ് ഞാന്‍ ശ്രദ്ധിച്ചത്..!
രണ്ട് താമരയിതളുകള്‍ക്കിടയില്‍ തിളങ്ങുന്ന വൈഡൂര്യം പോലെ തിളങ്ങുന്ന സുന്ദരമായ കണ്ണുകള്‍ ..