ഒരു ദിവസം ഞാന്‍ വിക്രമേട്ടന് പിടികൊടുക്കാതെ മാവിന്‍ ചോട്ടില്‍ നിന്നും ഓടി.. വേലിയ്ക്ക് അടുത്തെത്തിയപ്പോഴേയ്ക്കും വിക്രമേട്ടന്‍ എന്റെ പിന്നാലെ വന്ന് കെട്ടിപിടിച്ചു..
” അമ്പടാ വല്ലഭൂ.. എന്നെ പറ്റിച്ച് ഓടിയൊളിക്കാംന്ന് കരുത്യോ !”’
വിക്രമേട്ടനോട് ചേര്‍ന്ന് നിന്ന് ഞാന്‍ പടിഞ്ഞാറേ ചെരുവിലേയ്ക്ക് ചൂണ്ടികാട്ടി ,
” നോക്ക് വിക്രമേട്ടാ.. എന്തു രസാ ല്ലേ !”’
പടിഞ്ഞാറേ ചെരുവില്‍ രണ്ടു തട്ടുകളായ് പച്ച പുതച്ച പറമ്പുകള്‍ !
അതിന് താഴെയായി കറുത്ത ഓട് മേഞ്ഞ ദേവീക്ഷേത്രത്തിന്റെ മേല്‍ക്കൂര കാണാം.!..
ചുറ്റും മതിലും കാടും ഏതെന്ന് തിരിച്ചറിയാത്ത വിധം ഇരുള്‍ മൂടിയ പോലെ..
തെക്കുവശത്തെ കുളവും ,കുളത്തിനെ ചുറ്റി കുറ്റികാടുകളും…
ഏതോ ആകര്‍ഷണ വലയത്തില്‍ പെട്ടതുപോലെ ഞാന്‍ അവിടേയ്ക്ക് കണ്ണിമയ്ക്കാതെ നോക്കി നിന്നു..
വിക്രമേട്ടന്‍ എന്റെ തോളില്‍ പിടിച്ച് കുലുക്കി,
” വല്ലഭൂ.. നീയെന്താ അന്തംവിട്ട പോലെ അങ്ങോട്ട് നോക്കുന്നത് ?
വല്ലഭൂന് അങ്ങോട്ട് പോകണംന്ന് തോന്ന്ണുണ്ടോ”’
പെട്ടെന്ന് എന്റെയുള്ളില്‍ നേരിയ ഭയം ചിറകടിച്ചു..
” ങ്ഹേ ..അയ്യോ.. വേണ്ടാ..എനിക്ക് പേടിയാ. അങ്ടൊന്നും പോകരുതെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..!”
” നീ പേടിക്കേണ്ട വല്ലഭൂ.. ഒറ്റയ്ക്കല്ലല്ലോ.. ഞാനില്ലേ കൂടെ ..”
ആ ദേവീക്ഷേത്രത്തേയും കുളത്തേയും ചുറ്റിപ്പറ്റി ഒട്ടേറെ കഥകള്‍ അമ്മൂമ്മ പറയാറുണ്ട്..
പുരാതന ക്ഷേത്രമാണത്..
പ്രസിദ്ധമായ ഒരു ഇല്ലത്തിന്റെ സ്വത്താണ് ക്ഷേത്രം..