” അതൊക്ക അവിടെ ചെല്ലുമ്പോള്‍ കാണിച്ചു തരാം..
നിനക്ക് പേടിയാണെങ്കില് വരേണ്ട.. ”
” വിക്രമേട്ടന്‍ കൂടെയുണ്ടല്ലോ.. അതോണ്ട് പേടിയൊന്നുമില്ല.. പക്ഷേ അമ്മൂമ്മയെങ്ങാനും അറിഞ്ഞാല്‍ അപ്പൊതന്നെ എന്നെ വീട്ടിലേയ്ക്ക് ഓടിക്കും.. ഊം.നാളെ അമ്മയുടെ കണ്ണുവെട്ടിച്ച് വരാന്‍ നോക്കാം..”..
”’ വല്ലഭൂ..വരുമ്പോ തോര്‍ത്ത് എടുക്കണേ..
കുളത്തിലൊന്ന് മുങ്ങികുളിക്കാം…”’
.. പിറ്റേന്ന് , ഊണ് കഴിഞ്ഞ് പതിവുള്ള ഉച്ചമയക്കത്തിലാണ് അമ്മൂമ്മ..
അമ്മായി അടുക്കളഭാഗത്തെ കളത്തില്‍ നെല്ല് ചിക്കുന്നുണ്ട്..
അമ്മായിയെങ്ങാനും എന്നെ അന്വേഷിച്ചാലോ !.. പിന്നത്തെ കഥ പറയണോ !..
എന്താപ്പോ ചെയ്യ ?!….
ഒരു നുണ കാച്ചുക തന്നെ !….
അമ്മായിയുടെ അടുത്ത് ചെന്ന് ഞാന്‍ പറഞ്ഞു,
” അമ്മായി.. ഞാന്‍ വിക്രമേട്ടന്റെ അടുത്തേയ്ക്കൊന്ന് പോണു ട്ടോ.. അവിടെ കുറേ കഥാപുസ്തകങ്ങളുണ്ട്.. അതെടുത്തിട്ട് വരാം.!”’
”’ ഊം.. പോയ്ക്കോളൂ.. പക്ഷേ വറെ എവിടേം പോകാന്‍ പാടില്ല !..
ഉണ്ണിയ്ക്ക് അറിയാലോ അമ്മൂമ്മയെ.”’
തോര്‍ത്ത് അരയില്‍ ചുറ്റികെട്ടി ഞാന്‍ പടിഞ്ഞാമ്പുറത്തേയ്ക്ക് നടന്നു..
പറമ്പോരത്ത് വിക്രമേട്ടന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു…
എന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് വിക്രമേട്ടന്‍ പറമ്പിന്‍ തട്ടുകളിലൂടെ പടിഞ്ഞാറേ ചെരുവിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങി..
പല വിധത്തിലുള്ള മരങ്ങളും ചെടികളും നിറഞ്ഞ പറമ്പാണത്…
ഉച്ച നേരത്തും മഴകാര്‍ പോലെ നിഴല്‍ പരന്ന പറമ്പിലൂടെ നടന്നും പിന്നെ ഓടിയും ഇറങ്ങുമ്പോള്‍ ഞങ്ങടെ കാലുകള്‍ക്കടിയില്‍ ഞെരിയുന്ന കരിയില ശബ്ദം കേട്ടാവാം ഏതോ പക്ഷികള്‍ അങ്കലാപ്പോടെ ചിലച്ച് മരങ്ങളില്‍ നിന്നും മരങ്ങളിലേയ്ക്ക് പറന്നകന്നു..!