ചുവപ്പും തവിട്ടുനിറവും കലര്‍ന്ന മണ്‍പ്പരപ്പിലൂടെ നടന്ന് ചെമ്മണ്‍തിട്ടയും വള്ളിപ്പടര്‍പ്പും ചാടി കടന്ന് ഞങ്ങളെത്തിയത് ക്ഷേത്രത്തിന്റെ മതില്‍കെട്ടിനരികെയായിരുന്നു…
അപ്പോഴും വിക്രമേട്ടന്‍ എന്റെ കൈയ്യിലെ പിടുത്തം വിട്ടിരുന്നില്ല..!
മതിലോരത്തുകൂടെ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ജിജ്ഞാസയും കൗതുകവുമായിരുന്നു..
കരിംപച്ച നിറത്തില്‍ പൂപ്പല്‍ പൊതിഞ്ഞ കല്‍മതില്‍ ചിലയിടങ്ങളില്‍ പൊളിഞ്ഞടര്‍ന്ന് വീണിരുന്നു..
മതിലോരത്ത് മുള്‍ചെടികളും കൂവളവും പുല്ലുകളും വളര്‍ന്ന് കാടുപിടിച്ചിട്ടുണ്ട്..
ക്ഷേത്രത്തിലേയ്ക്ക് കടക്കുന്ന വാതില്‍ക്കലെത്തിയപ്പോള്‍ വിക്രമേട്ടന്‍ നിന്നു..
” ദേ..ഈ കഴയിലൂടെയാണ് ഉള്ളിലേയ്ക്ക് കടക്കുന്നത്..”
ഒരാള്‍ക്ക് മാത്രം കടക്കാന്‍ പറ്റാവുന്നത്ര വീതി കുറഞ്ഞ കഴയാണ്.. കഴയുടെ കനമുള്ള മരകട്ട്ളപ്പടി ദ്രവിച്ച് നശിച്ചിരിക്കുന്നു..
വിക്രമേട്ടന്‍ എന്റെ കൈപിടിച്ചുകൊണ്ട് വാതിലിനടുത്തേയ്ക്ക് നീങ്ങിയപ്പോള്‍
ഞാന്‍ പറഞ്ഞു ,
” വിക്രമേട്ടാ…. മതിലിനകത്തേയ്ക്ക് കടക്കേണ്ടാ.. ഇവിടെ നിന്ന് കണ്ടാല്‍ മതി..”
വാതില്‍ക്കല്‍ നിന്ന് ഞാന്‍ മതിലകത്തേയ്ക്ക് എത്തി നോക്കി..
കരിങ്കല്ലില്‍ നിര്‍മ്മിച്ച വൃത്താകൃതിയിലുള്ള തറ.. അതിനു മീതെ ചെങ്കല്‍കൊണ്ട് തീര്‍ത്ത ശ്രീകോവില്‍.. ചെങ്കല്‍ ചുമര് കാലപ്പഴക്കത്താല്‍ നിറം മങ്ങി വികൃതമായിരിക്കുന്നു..
പുകപിടിച്ച പോലെ കറുത്തുപോയ മേല്‍ക്കൂരയുടെ ഓടുകള്‍ പലതും ഉടഞ്ഞ് വീണിരിക്കുന്നു..