ഓഹോ! അപ്പോൾ ആദ്യത്തെ കാമുകനോ?
കബീർ! ഭാഭിയൊന്നു നിശ്വസിച്ചു. ഒരിക്കലും മറക്കില്ല. എന്നാലും ആ മുഖം മങ്ങിത്തുടങ്ങി മോനേ! ആ സ്വരത്തിലിത്തിരി സങ്കടം കലർന്നു എന്നു തോന്നിയപ്പോൾ ഞാൻ വിഷയം മാറ്റി.
എന്താണെന്നറിയില്ല, ഉള്ളിലെന്തൊക്കെയോ തിങ്ങിക്കൂടുന്നതു പോലെ! ഞാൻ ബാൽക്കണിയിൽ പോയി നിന്നു. മഴ തുടങ്ങിയപ്പോൾ റെയിൻകോട്ടും ഷൂവുമിട്ട് ഇറങ്ങി നടന്നു. ഓവർബ്രിഡ്ജുകളുടെ അടിയിൽ, വഴിയോരങ്ങളിൽ ഇത്തിരിയിടം കിട്ടുന്ന എവിടെയോ അവിടെയെല്ലാം കൂരകൾ വെച്ച് മഴവെള്ളം തേവിക്കളഞ്ഞ് ജീവന്റെ മത്സരത്തിൽ അതിജീവിക്കാൻ പണിപ്പെടുന്ന മനുഷ്യർ… അപ്പോഴാണ് ഒരു പെണ്ണു തേച്ചതിന്റെ പേരിൽ ജീവൻ കളയാൻ പോയ ഞാൻ. പടുവിഡ്ഢി. എന്നോടു തന്നെ പുച്ഛം തോന്നി.
ലാപ്പിന്റെ മുന്നിലിരുന്ന് മുംബൈ മഴയെപ്പറ്റി മലയാളത്തിൽ ഒരു പീസെഴുതി. നാട്ടിലെ ഒരു പഴയ സുഹൃത്തിനയച്ചു. ആകെയൊരുണർവു തോന്നി. എണീറ്റ് പഴയ തുണികളൊക്കെ പെറുക്കിക്കെട്ടി. രണ്ടു വലിയ പഴഞ്ചൻ സൂട്ട്കേസിൽ നിറച്ചു. പിന്നെ ഫ്ലാറ്റിൽ ആവശ്യമില്ലാത്ത സാധനങ്ങളത്രയും. അരുണാദീദിയെ വിളിച്ച് എല്ലാം ക്ലിയറു ചെയ്യാനേൽപ്പിച്ചു. പുള്ളിക്കാരിക്ക് അനാഥാലയങ്ങളുമായി നല്ല സമ്പർക്കമാണ്. ബാക്കിയുള്ള തുണികളും, പുസ്തകങ്ങളും കൊച്ചീലെ എന്റെ ഫ്ലാറ്റിലേക്ക് പാർസൽ ചെയ്തു. അപ്പോഴേക്കും തളർന്നിരുന്നു. വോഡ്ക്കയും, ദീദിയുടെ ചിക്കൻ കറിയും ചപ്പാത്തിയും അകത്താക്കി ബോധം കെട്ടുറങ്ങി.
ഹലോ….
ആഹാ… ഇന്ന് ചങ്കനായ മട്ട്ണ്ടല്ലോ! ഇന്നലെ എങ്ങനെയുണ്ടാരുന്നെടാ?എന്താ വിളിക്കാഞ്ഞേ? ഇപ്പോഴെങ്ങനെ? ചോദ്യവർഷം. എന്നാലും എന്നോടുള്ള ഒരു കരുതൽ ആ വാക്കുകളിൽ തെളിഞ്ഞിരുന്നു.
ഗുഡ്മോർണിംഗ്, ഞാൻ ചിരിച്ചു.
ഓ..വല്ല്യ ഉപചാരോന്നും വേണ്ട, കേട്ടോടാ ചെക്കാ! നിയ്യ് ചോദിച്ചതിന് സമാധാനം പറയ്! ഇത്തിരി അരിശം കലർന്ന വാക്കുകൾ!
ശരിയെന്റെ പൊന്നേ മീനുക്കുട്ടീ! ഞാനവസാനത്തൂന്നു തൊടങ്ങാം. ഇപ്പോൾ ഞാൻ വളരെ നോർമൽ. ഇനിയങ്ങോട്ടും. ഇന്നലെ എന്റെ സോഫിയ ഭാഭിയെ വിളിച്ചു സംസാരിച്ചു. പിന്നെ ഒരു ഹ്യൂമൻ ഇന്ററസ്റ്റ് സാധനമെഴുതി നാട്ടിലെ ലിറ്റിൽ മാഗസിന് അയച്ചു.
സോഫിയ….ഹം….നിയ്യ് ഫ്രീയാണെങ്കിൽ അതിനു മുമ്പുള്ള ബാക്കി കഥ പറഞ്ഞിട്ട് പുതിയ കഥാപാത്രത്തിന്റെ ജാതകമടക്കം എല്ലാ കഥേം നിക്കറിയണം!
ബാക്കി അങ്ങനെ കഥയൊന്നുമില്ല മീനാമ്മേ. ഞാൻ ചുരുക്കത്തിൽ പറയാം…
മഴയൊന്നൊതുങ്ങി വെയിലിന്റെ ചീളുകൾ തലനീട്ടിയിരുന്നു. സമയം പന്ത്രണ്ടു മണി. ഞാൻ കോർണറിലുള്ള ഇറാനി കഫേയിൽ ഒഴിഞ്ഞ മൂലയിലിരുന്ന് തണുത്ത ബിയർ മൊത്തിക്കൊണ്ടിരിപ്പായിരുന്നു. എനിക്കിവിടം ഇഷ്ട്ടമാണ്. എന്നാലും ഒരു മാറ്റം കുറച്ചുനാളത്തേക്കെങ്കിലും.. കൂടിയേ കഴിയൂ…
പതിനെട്ട് കഴിഞ്ഞ് കോളേജിൽ ഡിഗ്രി പൂർത്തിയാക്കാൻ പോയത് ഇനിയൊരു തിരിച്ചുവരവില്ല എന്ന ബോദ്ധ്യത്തോടു കൂടിയായിരുന്നു. മാധവൻ വക്കീലായി എന്റെ ഗാർഡിയൻ. ചോദിച്ച കാശ് ബാങ്കിലിട്ടു തരികേം ചെയ്തു. അവധിക്കാലം മിക്കവാറും പട്ടണത്തിൽ ചെലവഴിച്ചു. ചിലപ്പോൾ ജോസഫിന്റെ വീട്ടിലും. വക്കീലങ്കിളുമായി സംസാരിക്കുമായിരുന്നു. പുള്ളിയാണ് എന്റെ താല്പര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ജേർണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ ഇതിൽ പോസ്റ്റ്ഗ്രാഡ്വേഷൻ ചെയ്യാൻ ഡെൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ പറഞ്ഞത്. ഇറങ്ങിയ ഉടനേ ടൈംസിൽ പണീം കിട്ടി.
അപ്പോ നിയ്യ് പിന്നെ രമണിയെ കണ്ടില്ലേ?