“ക്രൂരതയുടെ തീയിൽ വെന്തതല്ലേ നമ്മൾ? നീതിയില്ലായ്‌മ വെന്തുപൊള്ളിച്ച തീയുടലുകളല്ലേ നമ്മുടേത്? അപ്പോൾ ഈ തണുപ്പ് അത്ര അസഹ്യമല്ല,”
റിയ പറഞ്ഞു.
“എന്താ കവിത!”
ഷബ്നം റിയയുടെ കൈയ്യിൽ പിടിച്ചു.
“നിൻറെ നല്ല ഡയലോഗുകൾ ഒക്കെ നീയിങ്ങനെ സംസാരിച്ച് വേസ്റ്റ് ചെയ്യുകയാണ്. ഏതെങ്കിലും കഥാപാത്രത്തിന്റെ വായിലേക്ക് വെച്ചുകൊടുക്ക് നീയീപ്പറഞ്ഞ വാക്കുകൾ!”
“വായിലേക്ക് വെച്ചുകൊടുക്കണമെന്നുണ്ട്,”
റിയ ഷബ്‌നത്തിന്റെ കൈയ്യിൽ അമർത്തി.
“പക്ഷെ സമ്മതിക്കണ്ടേ? ഒന്ന് നിന്ന് തരേണ്ടേ?”
“എന്ത് വെച്ച് കൊടുക്കണ്ടേ എന്ന്? ആര് നിന്ന് തരേണ്ടേ എന്ന്?”
ഷബ്നം ശബ്ദം പരമാവധി താഴ്ത്തി ചോദിച്ചു.
“എല്ലാം… എന്നിൽ വിലപിടിച്ചതെന്തൊക്കെയുണ്ടോ അതെല്ലാം…അതിന് നിന്ന് തരേണ്ടയാൾ എന്റെയും നിന്റെയും കാമുകൻ …വെള്ളാരംകണ്ണുള്ള സുന്ദരൻ…രക്ഷകൻ…ഹീറോ..നട്ടെല്ലുള്ള പുരുഷൻ ….ജോയൽ…”
ഷബ്നം അവളെ ആദ്യം കാണുന്നത് പോലെ നോക്കി. അവൾ റിയയെ കൈക്ക് പിടിച്ച് നിർത്തി.
“നീയെന്താ പറഞ്ഞെ? യാ അല്ലാഹ്! നിനക്കിത്രേം പ്രേമമാണോ അവനോട് എന്റെ റിയേ?”