“പറയൂ, എന്താ ഉണ്ടായത്. ആരാ അവിടെ.” വാഹിദ് ആതിരയെ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് കൂടുതൽ അന്വേഷണം നടത്താൻ ശ്രമിച്ചു. ആതിര പക്ഷേ മാറിയില്ല, ബലം പിടിച്ചു നിന്നു.
“പ്രേതം..അവിടെ ണ്ട്. ആ കാട്ടിൽ ണ്ട്..ചേട്ടൻ..ചേട്ടനെ കൊണ്ട് പോയി.”
അവൾ വാവിട്ടു കരഞ്ഞു കൊണ്ട് ആതിരയെ തള്ളിമാറ്റി റോഡിലൂടെ ഓടി കയറ്റം കയറി കല്ലാപുരം ഭാഗത്തേക്ക് ഇരുളിൽ മറഞ്ഞു. എന്തുചെയ്യണമെന്ന് ശങ്കിച്ചുപോയ രണ്ടുപേരും മുഖത്തോട് മുഖം നോക്കി. പിന്നെ എന്തുവേണമെന്നറിയാതെ ആ സ്ട്രീറ്റ് ലൈറ്റിൽ നിശ്ചലം നിന്നു.
“വരൂ, നമുക്ക് പോകാം.ഇവിടെയിങ്ങനെ നിൽക്കണ്ട.” ആതിര വാഹിദിന്റെ കൈയിൽ പിടിച്ചു വലിച്ചു.
“നിൽക്ക്, ഞാനൊന്ന് നോക്കട്ടെ. എന്താ സംഭവിച്ചതെന്ന് അറിയണ്ടേ.” വാഹിദ് അനങ്ങാൻ കൂട്ടാക്കാതെ നിന്നു. ആതിര അവന്റെ വാക്കുകൾ ഗൗനിക്കാതെ വാഹിദിനെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. അവൻ പിന്നെ ബാലപ്രയോഗത്തിന് ശ്രമിക്കാതെ യാന്ത്രികമായി അവൾക്കൊപ്പം വീട്ടിലേക്ക് നടന്നു.
“ധൈര്യം കാണിക്കാൻ വിഡ്ഢിത്തം ചെയ്യുകയല്ല വേണ്ടത്. കൈയിൽ ഒരു മെഴുകുതിരി വെട്ടം പോലുമില്ലാതെ പ്രേതത്തെ തപ്പി പോകുന്നതല്ല ധീരത. അത് വിഡ്ഢിത്തമാണ് മാഷേ.” നടക്കുന്നതിനിടയിൽ അവൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. തന്റെ കൈത്തണ്ടയിൽ മുറുകിയിരിക്കുന്ന ആതിരയുടെ പൂവിതൾ കൈയിൽ ചെറിയ വിറയൽ ഉണ്ടെന്ന് അവന് മനസ്സിലായി.
(അദ്ധ്യായം 8)
നേരം പുലർന്നു വരുന്നതേയുള്ളൂ. മഞ്ഞുപുതച്ച കാഞ്ഞിരകാവ് ഗ്രാമത്തിൽ പ്രഭാത വെളിച്ചം പരക്കാൻ കുറച്ച് മണിക്കൂറുകൾ കൂടി ബാക്കിയുണ്ട്. നല്ല തണുപ്പുള്ള രാത്രിയുടെ അവസാന മുഹൂർത്തങ്ങളിലേക്ക് സഞ്ചരിക്കുന്ന മണിക്കൂറുകളിൽ സുഖമായി ഉറങ്ങുന്ന ആതിരയുടെ ആലിംഗനത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വാഹിദിനു സാധിച്ചില്ല.