വാതില്ക്കൽ അന്തംവിട്ടു നിൽക്കുന്ന എന്നെ ഏട്ടത്തി പിടിച്ചു സൈഡിലേക്ക് മാറ്റി.
“വഴി മാറി നിൽക്കെടാ…”
അവൾക്ക് കടന്നു വരാൻ ഞാൻ വഴിയൊരുക്കി കൊടുത്തു…
ഇനി നമ്മളായിട്ട് ആരുടേയും വഴി മുടക്കേണ്ട..😤
ഇതൊക്കെ കണ്ട്, സ്വന്തം വീടെന്ന പോലെ അവൾ ചെരുപ്പും ഇട്ട് അകത്തേക്ക് കയറാൻ ആഞ്ഞു. എവിടെയോ കണ്ട് മറന്ന ഒരു ധൈര്യം സംഭരിച്ച് ഞാൻ പെട്ടെന്ന് കൈ നീട്ടി അവളെ തടഞ്ഞു.
“നിൽക്ക്!”
എന്റെ ആ നീക്കം കണ്ട് ഏട്ടൻ ഒഴികെ ബാക്കി എല്ലാവരും ശ്വാസം നിലച്ചത്പോലെ എന്നെ നോക്കി. അവരുടെ കണ്ണുകളിൽ അമ്പരപ്പും ഭയവും ആവശ്യത്തിലും കൂടുതലായിരുന്നു…
അവളും എന്നെ ഒന്ന് നോക്കി. ‘എന്താ?’ എന്നൊരു ചോദ്യഭാവം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.
“ഊരാൻ…”
ഞാൻ കൂസലില്ലാതെ താഴേക്ക്, അവളുടെ കാലുകളിലേക്ക് ചൂണ്ടി പറഞ്ഞു.
അവൾക്ക് കാര്യം മനസ്സിലായില്ല….
“ചെരുപ്പ്… അത് പുറത്തിട്ടിട്ട് കയറിയാൽ മതി.” ഞാൻ വലിയ ഭാവഭേദമില്ലാതെ പറഞ്ഞു…
എന്റെയാ വാക്ക് കേട്ടതും അമ്മ എത്തിവലിഞ് തോളിനിട്ട് ഒറ്റയടി…
“അതൊന്നും വേണ്ട മേഡം… മേഡം കയറിക്കോളൂ… ഇവൻ ഓരോന്ന് പറയുന്നതാ…”
ശേഷം അമ്മ ദയനീയമായി പറഞ്ഞു.
പക്ഷെ അവൾ അമ്മ പറഞ്ഞത് കേട്ടഭാവം പോലും നടിച്ചില്ല. അവൾ എന്നെയൊന്ന് നോക്കി, സാവധാനം ആ ഹൈഹീൽ ചെരുപ്പ് ഊരി മാറ്റി വെറും കാലോടെ അകത്തേക്ക് കയറി….
അത് കണ്ടപ്പോഴുള്ള വിജയീഭാവം വിചാരിച്ചതിലും സന്ദോശമുളവാക്കുന്നതായിരുന്നു…