“ എന്തേ… ധൈര്യം ചോർന്ന് പോയോ..?.
ജയ കത്തിയെടുത്തിട്ടുണ്ടെങ്കിൽ നിന്നെ കുത്തിയിരിക്കും…
ഞാൻ പറയുന്നത് കേട്ട് നിനക്കിവിടെ നിൽക്കാൻ പറ്റോ…?.
പറ… എന്നിട്ട് ബാക്കി സംസാരിക്കാം…
നിന്റെയൊന്നും കീഴിൽ ജീവിക്കാൻ ഈ ജയയെ കിട്ടില്ലെടാ പട്ടീ…”
ടേബിളിലേക്ക് കമിഴ്ന്ന് കിടന്ന് കൊണ്ട് ജയ, രാമേട്ടന് നേരെ കത്തി വീശി..
അയാൾക്ക് പിന്നിലേക്ക് നീങ്ങാൻ സ്ഥലമില്ലായിരുന്നു.. ചുവരിലിടിച്ച് നിന്ന രാമേട്ടന്റെ വയറിന്റെ ഭാഗത്തുള്ള ഷർട്ട് കത്തികൊണ്ട് കീറിപ്പോയി..
ഇവൾ തന്നെ കുത്തിക്കൊല്ലുമെന്ന് അയാൾക്കുറപ്പായി..
എങ്കിലും നേരിയൊരു പ്രതീക്ഷ അയാൾക്കുണ്ടായിരുന്നു..
“ എന്നെ തല്ലിയാ ഞാനിനിയും തടയും…”
പതർച്ചയുണ്ടെങ്കിലും രാമേട്ടൻ പറഞ്ഞു..
ജയയുടെ കണ്ണിൽ നിന്ന് തീ പാറി..
“ തടയോടാ… നീ തടയോ… ?.
എങ്കിലതൊന്ന് കാണണം…
എന്നെ തടയാൻ മാത്രം നീ വളർന്നെങ്കിൽ എനിക്കതൊന്ന് കാണണം…”
പെൺപുലിയുടെ വീറോടെ ജയ ടേബിളിന്റെ അപ്പുറത്തേക്ക് ചെന്നു..
ഇത്തവണ രാമേട്ടൻ ഓടിയില്ല..
ജയ ചെന്ന് അയാളുടെ കോളറിൽ പിടിച്ച് വലിച്ച് ഹാളിന്റെ നടുവിലേക്ക് കൊണ്ട് വന്നു…
“ നിന്റെ മുന്നിൽ തോറ്റ് ജീവിക്കണേൽ ഈ ജയ ചാകണം…
ഇതിന് നിനക്ക് മാപ്പില്ല…”
ജയ വീണ്ടും കത്തി വീശി…
രാമേട്ടന്റെ വയർ തുളച്ച് അപ്പുറത്ത് കയറുന്ന മാതിരിയാണവൾ കത്തി വീശിയത്…
അത്രത്തോളം ക്രൗര്യം അവൾക്കുണ്ടായിരുന്നു..
എന്നാൽ കത്തി രാമേട്ടന്റെ ദേഹത്ത് സ്പർശിച്ചില്ല..
കത്തി നിലത്തേക്ക് തെറിച്ച് വീഴുന്നതും, സഹിക്കാനാവാത്ത വേദനയാൽ ജയ അലറിക്കൊണ്ട് നിലത്തേക്കിരിക്കുന്നതും രാമേട്ടൻ കണ്ടു..