അതങ്ങ് സ്റ്റേഷനിൽ എത്തിക്കോളും…
സാറേ…അതിനകത്ത് സ്റ്റേഷനിൽ വരെ എത്താനുള്ള പെട്രോൾ ഇല്ല…പോണ വഴി പമ്പിൽ നിന്നും ഒരു 50 രൂപയ്ക്കു അടിച്ചോളാൻ പറയണേ..ഇല്ലേൽ തള്ളേണ്ടി വരും…പെറ്റി എഴുതുമ്പോൾ അതൂടെ കൂട്ടി എഴുതിക്കോ…
പോലീസുകാര് രണ്ടും തമ്മിൽ തമ്മിൽ നോക്കി…
മെഡിക്കൽ എടുത്തു…എന്നെ സ്റ്റേഷനിൽ എത്തിച്ചു…
നീ അവടെ നിന്നോ.. രാവിലെ ആരോടേലും ജാമ്യത്തിലിറക്കാൻ വരാൻ പറ…
അടിപൊളി…അപ്പൊ ഇന്നത്തെ താമസം സ്റ്റേഷനിൽ…
ഇന്നു വരില്ല… കൂട്ടുകാരന്റെ അടുത്താ എന്ന് വീട്ടിൽ വിളിച്ചു പറഞ്ഞു…കൂട്ടുകാരനെ വിളിച്ചു രാവിലെ ജാമ്യത്തിന് വരാൻ ചട്ടം കെട്ടി…
നിന്നു കാലു കഴച്ചു…അടുത്തുള്ള ഒരു കസേര മെല്ലെ കൈകൊണ്ടു വലിച്ചടുപ്പിച്ചു…ഒച്ച കേട്ടു കോൺസ്റ്റബിൾ എന്നെ ഒരു നോട്ടം നോക്കി…കസേര അതിന്റെ യഥാസ്ഥാനത്ത് തിരിച്ചെത്തി…
സാറേ…
ഒരു പെൺശബ്ദം…
ഒന്നേ നോക്കിയുള്ളൂ…എന്റെ സകലവിധതളർച്ചയും പമ്പകടന്നു…
വനിതാപോലീസ് എന്ന് കേൾക്കുമ്പോൾ മലയാളസിനിമയിലെ സ്ഥിരം തങ്കമ്മ പോലുള്ള പേരും ഒരു 40 കഴിഞ്ഞ പ്രായവും ആജാനബാഹുവും ഒക്കെയേ നമ്മളൊക്കെ പ്രതീക്ഷിക്കൂ…പക്ഷെ ഇത്…എന്റെ പൊന്നോ…ഒരു സുന്ദരിക്കുട്ടി….ഈ യൂണിഫോമിൽ ഇത്ര സുന്ദരിയാണേൽ ഇവളൊന്ന് ഒരുങ്ങിയുറങ്ങിയാൽ എന്താകും അവസ്ഥ…
അപ്പഴാ ഫ്രണ്ടിന്റെ കാൾ…രാത്രീല് തന്നെ വരണോ എന്ന്…വേണ്ട രാവിലെ പതുക്കെ വന്നാ മതീന്ന് പറയാൻ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല..
നെഞ്ചത്ത് കുത്തിയിരിക്കണ നെയിം ബോർഡിൽ പേര് നോക്കണം എന്നുണ്ട്…പക്ഷെ എന്റെ നോട്ടം കണ്ടു തെറ്റിദ്ധരിച്ചാൽ കിട്ടണ ഇടിയെകുറിച്ചു ഓർത്തപ്പോൾ ഒരു പേടി…അവസാനം രണ്ടും കല്പ്പിച്ചു നോക്കി…