“ആര്?”
“ഒരു പെണ്‍കുട്ടി…”
റിയ വീണ്ടും നിശ്വസിച്ചുകൊണ്ട് തുടര്‍ന്നു.
“അവള്‍ മാലാഖയെപ്പോലെ സുന്ദരിയായിരുന്നു. അഴകിന്റെ മനുഷ്യരൂപം. ഒരു പെണ്ണിന് അതിനേക്കാള്‍ സൌന്ദര്യമുള്ളവളാകാന്‍ കഴിയില്ല എന്ന് ബോധ്യമാകണമെങ്കില്‍ അവളെക്കാണണം… എന്‍റെ ഒരു സിനിമയില്‍ നായകനായ കവി തന്‍റെ പ്രണയിനിയെക്കുറിച്ച് പറയുന്ന ചില ഡയലോഗ്സ് ഉണ്ട്…അത് എഴുതുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ഗായത്രിയെ ആണ്…ഇതാണ് ആ വാക്കുകള്‍: നടക്കുമ്പോള്‍ കാറ്റിനു സുഗന്ധം കൊടുക്കുന്നവള്‍, പുരുഷന്‍റെ ഓര്‍മ്മയില്‍ പ്രണയത്തിന്‍റെ മയില്‍പ്പീലി നൃത്തം നല്‍കുന്നവള്‍, കണ്ണുകള്‍ക്കരികെ വന്ന് മൃദുവായി മുട്ടിവിളിക്കുന്ന ഈറനണിഞ്ഞ മകര നിലാവ് ….”
ഷബ്നം ശ്വാസമടക്കി റിയയുടെ വാക്കുകള്‍ കേട്ടു.
“അവള്‍ ആ നിമിഷം കൊതിച്ചു അവന് വേണ്ടി….ചിത്രശലഭങ്ങളും സൂര്യകാന്തിപ്പൂക്കളും ഇളവെയിലും നിറഞ്ഞ ഉദ്യാനത്തെ എങ്ങനെയാണ് വസന്തം കൊതിക്കുന്നത്? അതിനേക്കാള്‍ തീവ്രമായി, തീക്ഷണമായി ….ആ നിമിഷം തന്നെ അവള്‍ അവന്‍റെ കൊതിപ്പിക്കുന്ന രൂപവും ഗന്ധവും കണ്ണുകളില്‍ മാത്രമല്ല, ഹൃദയ രക്തത്തിലലിയിച്ചു….”
റിയ പറയുന്ന ഓരോ വാക്കും ഷബ്നം അതിരില്ലാത്ത വിസ്മയത്തോടെയാണ് കേട്ടത്.
ജോയലിന്റെ ഭൂതകാലം ഏതാണ്ട് പൂര്‍ണ്ണമായും അവള്‍ക്ക് അജ്ഞാതമായിരുന്നു.
“….അതിന് ശേഷം അവരോരുക്കിയ മനുഷ്യമതില്‍ വലയത്തില്‍ പദ്മനാഭന്‍ തമ്പി സുരക്ഷിതമായി സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ പതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു…പ്രോഗ്രാമിന് ശേഷം തമ്പി ജോയലിനെ കാണണം എന്നാവശ്യപ്പെട്ടു. കൂട്ടുകാരോടൊപ്പം മാറി നില്‍ക്കുകയായിരുന്നു അവനപ്പോള്‍…അവന്‍റെ പേരും മറ്റും അദ്ദേഹം ചോദിച്ചു. മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷമുണ്ട് എന്നും ജോയലിനെപ്പോലെയുള്ള ദേശഭക്തരെയാണ് നാടിനാവശ്യം എന്നൊക്കെ എല്ലാവരുടെയും മുമ്പില്‍ പ്രശംസിച്ച് പറഞ്ഞു…”
ഷബ്നം ശ്രദ്ധയോടെ കേട്ടു.
“അപ്പോള്‍ അവരുടെ അടുത്തേക്ക് ആ പെണ്‍കുട്ടി ഓടിവന്നു.
അദ്ദേഹം അവളെ ആശ്ലേഷിച്ചു.
പിന്നെ അദ്ദേഹം ജോയലിനോട് പറഞ്ഞു:-
“ജോയല്‍, ഇത് എന്‍റെ മോളാണ്. ഗായത്രി. ഗായത്രി മേനോന്‍. ഇവിടെ ഇക്കണോമിക്സില്‍. ജോയല്‍ ജെര്‍ണലിസമല്ലേ?”
“അതേ, അച്ഛാ, ജോയല്‍ ജെര്‍ണലിസമാണ് പഠിക്കുന്നത്…”