അച്ചുവാണെങ്കിൽ പാതി മയക്കത്തിൽ അവനെ ഒരു വള്ളിപ്പടർപ്പ് പോലെ വരിഞ്ഞു മുറുക്കിപ്പിടിച്ചു. അവളുടെ ശരീരത്തിന്റെ ഭാരം മുഴുവൻ അവന്റെ മേലേക്ക് ചാഞ്ഞു. ഓരോ ചുവടു വെക്കുമ്പോഴും അവൾ അവനോട് കൂടുതൽ ഒട്ടി നടന്നു. ഇടയ്ക്ക് പിച്ചും പേയും പറയുന്നതിനിടയിൽ അവൾ അവന്റെ തോളിൽ മുഖം അമർത്തി. ആ ലഹരിയിലും അവൾക്ക് അവനെ വിടാൻ തോന്നുന്നില്ലായിരുന്നു.
അവളെയും താങ്ങി റൂമിലേക്ക് നടക്കുമ്പോൾ അക്കുവിന് ശരിക്കും ഒരു വലിയ മല കയറുന്ന പ്രതീതിയായിരുന്നു. “ഇത്രയും ഭാരമുണ്ടായിരുന്നോ ഈ പെണ്ണിന്!” അവൻ പതുക്കെ പിറുപിറുത്തു.
എന്നാൽ റൂമിന്റെ വാതിൽക്കൽ എത്തിയതും കഥ മാറി. അച്ചു പെട്ടെന്ന് നടത്തം നിർത്തി ഒന്ന് വിറച്ചു. അക്കു എന്താണെന്ന് ചോദിക്കാൻ തുടങ്ങുന്നതിന് മുന്നേ തന്നെ… “ഓക്കാനിച്ചുകൊണ്ട്” അവൾ അവന്റെ മേലേക്ക് ആഞ്ഞു ശർദ്ദിച്ചു.
അക്കുവിന്റെ ഷർട്ടിലും കൈകളിലും ഒക്കെ അത് പടർന്നു. “അയ്യോ… ചേച്ചീ! ഇതെന്താ ഈ കാണിക്കുന്നത്?” അവൻ പകച്ചുപോയി.
തന്റെ വസ്ത്രം ആകെ വൃത്തികേടായെങ്കിലും, ശർദ്ദിച്ചവശയായി തന്റെ നെഞ്ചിലേക്ക് തന്നെ മുഖം ചായ്ച്ചു നിൽക്കുന്ന അച്ചുവിനെ കണ്ടപ്പോൾ അവന് ഒന്നും തോന്നാനായില്ല. ലഹരിയുടെ ആവേശമെല്ലാം പോയി അവൾ ഇപ്പോൾ വെറുമൊരു കൊച്ചു കുട്ടിയെപ്പോലെ അവന്റെ കൈകളിൽ തളർന്നു കിടക്കുകയാണ്.
കൈകളിലും ഷർട്ടിലും ആകെ നനവ് പടർന്നെങ്കിലും, അവളെ കൂടുതൽ മുറുക്കിപ്പിടിച്ച് അവൻ പതുക്കെ ബെഡിനടുത്തേക്ക് നീങ്ങി…
രണ്ടുപേരുടെയും വസ്ത്രങ്ങൾ ആകെ വൃത്തികേടായിരുന്നു. ഈ അവസ്ഥയിൽ അവളെ ബെഡിൽ കിടത്താൻ പറ്റില്ലെന്ന് അക്കുവിന് ഉറപ്പായിരുന്നു. അവൻ പതുക്കെ അവളെ താങ്ങിപ്പിടിച്ച് ബാത്റൂമിലേക്ക് കൊണ്ടുപോയി ഷവറിന് താഴെ നിർത്തി.