“..ന്റെ അമ്പുട്ടാ ഏടത്തി വെറുതെ തമാശ കാണിക്ക്യല്ലാര്ന്നോ..അതിനാണോ ഇങ്ങനെ കരയണേ..!
എന്റെ മുടിയിഴകളിലൂടെ അവര്‍ വിരലുകളോടിച്ചു.
“…ദെ ഏടത്തിയ്ക്ക് സങ്കടം വരണുണ്ട് ട്ടോ..വാ എണീറ്റെ..!
ആ ശബ്ദമൊന്നിടറിയത് പോലെ എനിക്ക് തോന്നി.
എന്റെ കണ്ണീര്‍ അവരെ സങ്കടപ്പെടുത്തുന്നുണ്ടെന്ന്‍ ആ ശബ്ദത്തിലെ ഇടര്‍ച്ചയില്‍ നിന്ന്‍ എനിക്ക് മനസ്സിലായി.
അപ്പൊ ശരിക്കും തമാശ തന്നെയായിരുന്നോ.. അവരെന്നെ വഴക്ക് പറയുകയല്ലായിരുന്നോ..?
എന്റെ മനസ്സില്‍ ആശയക്കുഴപ്പം നടന്നു.
അപ്പൊ വൈകുന്നേരം നടന്നതൊക്കെ അവര്‍ മറന്നോ..അതോ അതൊരു അറിവില്ലായ്മയായി കണക്കാക്കി ക്ഷമിച്ചതാവുമോ.
ചിന്തകള്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ സ്വയമറിയാതെ എന്റെ കരച്ചില്‍ അടങ്ങി.
ഏട്ടത്തിയമ്മയുടെ വിരലുകള്‍ അപ്പോഴും എന്റെ മുടിയിഴകളില്‍ ചിത്രങ്ങള്‍ തീര്‍ക്കുകയാണ്.
“വാ എണീയ്ക്ക് ..എന്നിട്ട് നല്ല കുട്ടിയായി മുഖമൊക്കെ കഴുകി വന്നേ..നമുക്കൊന്നിച്ച് കഴിക്കാം..ഏടത്തിയ്ക്കും നന്നായി വിശക്കണുണ്ട്..!”
അവരെന്റെ തോളില്‍ പിടിച്ചു ഉയര്‍ത്തി.
ഞാന്‍ എണീറ്റ് തലയും താഴ്ത്തിയിരുന്നു.
ഏട്ടത്തിയമ്മ എനിക്ക് അഭിമുഖമായാണ് ഇരിക്കുന്നത്.
“വന്ന്‍ വന്ന്‍ ഒരു തമാശപോലും പറയാന്‍ പറ്റാതായല്ലോ ന്റെ കൃഷ്ണാ..ഇവിടെ ചിലര്‍ക്കൊന്നും അത് മനസ്സിലാവണ് പോലുല്ലാലോ..!
ഭഗവാനോടുള്ള പരിവേദനം ഒരു തമാശ പോലെ പറഞ്ഞു കൊണ്ട് അവരെന്റെ മുഖം പിടിച്ചുയര്‍ത്തി .
തെല്ലൊരു മടിയോടെ ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി.
അവിടെ ഒരു കുസൃതി നിറഞ്ഞ പുഞ്ചിരി നിരഞ്ഞിരിപ്പുണ്ടായിരുന്നു. അത് മാത്രേ എനിക്കാമുഖത്ത് കാണാന്‍ കഴിഞ്ഞുള്ളൂ.
ഞാന്‍ ഭയന്നത് പോലെ ദേഷ്യമോ,വെറുപ്പോ,ഈര്‍ഷ്യയോ,
കുറ്റപ്പെടുത്താലോ,പരിഹാസമോ ഒന്നുമില്ല.
എന്റെ മനസ്സില്‍ ഒരു തണുത്ത കാറ്റ് വീശി.
“സത്യം പറ.. ഏടത്തീടെ തമാശ അത്ര മോശാണോ..!”
അവരുടെ ആ നോട്ടവും ചോദ്യവും എന്നില്‍ നേരിയ ചിരി പടര്‍ത്തി.
ഞാന്‍ ‘അല്ല’ എന്ന അര്‍ത്ഥത്തില്‍ കണ്ണടച്ചു കാണിച്ചു.