“ഇതൊക്കെ ജോയലിനെ പൂട്ടാൻ വേണ്ടിയാ!”
റിയ അവയിലൊരെണ്ണമെടുത്തുകൊണ്ട് പറഞ്ഞു.
“ഒരു കാര്യം ചെയ്യൂ,”
മറ്റൊരാൾ അവളോട് പറഞ്ഞു.
“റിയ അടുത്തതായി സ്ക്രിപ്റ്റ് ചെയ്യാൻ പോകുന്ന സിനിമയിൽ ഇപ്പോൾ നടന്നതിന്റെ ഒരു പ്രസൻസ് കൂടി ഉൾപ്പെടുത്ത്…”
വാനിന്റെ വാതിൽക്കലേക്ക് നടക്കുകയായിരുന്ന റിയ അത് കേട്ട് പുഞ്ചിരിച്ചു.
വാതിൽക്കലെത്തി റിയ ജോയൽ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി.
“എല്ലാവരും വരൂ!”
അവൾ വിളിച്ചു പറഞ്ഞു.
സംഘം മുഴുവനും തിടുക്കത്തിൽ വാനിലേക്ക് വന്നു.
പകുതി വാനിനു ചുറ്റും ആയുധങ്ങളോടെ കാവൽ നിൽക്കുകയും പകുതിപ്പേർ വാനിനുള്ളിലേക്ക് കയറുകയും ചെയ്തു.
“ഓഹോ!”
അആയുധക്കൂമ്പാരങ്ങളിലേക്ക് നോക്കി ജോയൽ ചിരിച്ചു.
“സ്റ്റേറ്റ് പോലീസിന്റെ ആയുധപ്പുരയിൽ ഇനി ബാക്കിയെന്തെങ്കിലും കാണുമോ?”
അയാൾ സ്വയം ചോദിച്ചു.
“എനിക്ക് ഇതിനുമാത്രം വിലയൊക്കെയുണ്ടോ ഷബ്നം?”
അവൻ തന്റെ ഇടത് വശത്ത് നിന്ന പെൺകുട്ടിയോട് ചോദിച്ചു.
“ഫേസ്ബുക്കിൽ ലൈക്കുകളുടെ എണ്ണം കൂടുന്നത് പോലെ ഓരോ ദിവസവും ജോയലിന്റെ തലയ്ക്ക് വില കൂടുന്നുണ്ട്,”
ഷബ്നം പറഞ്ഞു. പിന്നെ അവളുടെ മുഖം വിഷാദാത്മകമായി.
“ലൈക്കുകളുടെ എണ്ണം പോലെയോ?”