വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

അരുണിമയുടെ വായിൽ നിന്നും അല്പം ശബ്ദം കൂടിയ ചോദ്യങ്ങൾ പുറത്തേക്ക് തള്ളപെട്ടതും അവൾക്ക് അരികെ കിടക്കുകയായിരുന്ന അനിയത്തി ഒരു ഞെരക്കത്തോടെ തിരിഞ്ഞു കിടന്നു.

അരുണിമ വായ് പൂട്ടി വച്ചു കണ്ണുകൾ ഇറുകെ അടച്ചു വച്ചു കിടന്നു.

അനന്തുവിന്റെ ഓർമകളുടെ തള്ളി ക്കയറ്റം തുടങ്ങിയതും ചെറു ചിരിയോടെ തലയിണയെ മുറുകെ പുണർന്നുകൊണ്ട് അവൾ ബെഡിൽ അമർന്നു കിടന്നു.

•••••••••••••

അനന്തു രാവിലെ തന്നെ ബുള്ളെറ്റിലേക്ക് അമർന്നിരുന്ന് മുഖം ഉയർത്തി നോക്കിയതും കണ്ണിൽ ഉടക്കിയത് ഉമ്മറത്തെ മുത്തശ്ശന്റെ ചാരു കസേരയിൽ ചായ കപ്പും പത്രവും പിടിച്ചു ഇരിക്കുന്ന ലക്ഷ്മിയെ ആയിരുന്നു.

അനന്തു ബുള്ളെറ്റിലേക്ക് കയറിയത് കണ്ട് അവളുടെ മുഖത്തേക്ക് കോപം ഇരച്ചെത്തി.

അവൾ അവനെ നോക്കി എന്തോ പറയാൻ തുനിഞ്ഞതും അത് മുൻകൂട്ടി കണ്ട് മനസിലാക്കിയ അനന്തു ബുള്ളറ്റുംകൊണ്ട്  വെടിച്ചില്ലു പോലെ പടിപ്പുര കഴിഞ്ഞു റോഡിലേക്ക് എത്തിയിരുന്നു.ലക്ഷ്മി ദുർഗയായി മാറുന്നതിനു മുൻപ് അവൻ സ്ഥലം കാലിയാക്കി.

അരുണിമയുടെ വീടായിരുന്നു അവന്റെ ലക്ഷ്യം. അന്ന് അവളെ വീട്ടിൽ കൊണ്ടു ചെന്നാക്കിയ ഓർമയിൽ അവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരിക്കുന്നു.

വളവും തിരിവും ഇറക്കവും കയറ്റവും പൊട്ടി പൊളിഞ്ഞതുമായ റോഡ് താണ്ടി അവസാനം ദേശം ഗ്രാമത്തിന്റെ അതിർത്തിയിലുള്ള അവളുടെ വീടിനു സമീപം എത്തി.

ബുള്ളറ്റ് വഴിയരികിൽ നിർത്തി വച്ച ശേഷം അന്ന് അരുണിമയെയും താങ്ങിക്കൊണ്ട് നടന്ന വഴിയിലൂടെ അവൻ നടന്നു.

അനന്തു ഒരു ചെറിയ കയറ്റം കേറി ചെന്നത് നേരെ അരുണിമയുടെ വീടിനു മുന്നിലേക്ക് ആയിരുന്നു.

അവളുടെ വീട് കണ്ടതും അനന്തു ഒന്ന് പരുങ്ങി. എന്ത് പറഞ്ഞു അങ്ങോട്ടേക്ക് കയറി ചെല്ലുമെന്നു അവൻ ചിന്തിച്ചു.

അതിലുപരി തന്നെ കാണുമ്പോൾ അവളുടെ പെരുമാറ്റം എങ്ങനാവും എന്ന ചിന്ത അവന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.

എന്നാലും ആ പൂച്ചക്കണ്ണുകൾ കൺ നിറയെ കാണാനുള്ള മോഹത്തോടെ അവൻ ഉള്ളിലേക്ക് കയറാൻ ഭാവിച്ചതും അരുണിമയുടെ അനിയത്തി വീടിനു പിന്നാമ്പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.

അനന്തുവിനെ കണ്ടതും സന്തോഷത്തോടെ അമ്മേ എന്ന് അലറിക്കൊണ്ട് അവൾ അടുക്കള വാതിലിലൂടെ കയറി പോയി.അതിന്റെ ഫലം ഉടനെ ഇവിടെ സംഭവിക്കുമെന്ന് അവന് ഉറപ്പായിരുന്നു.

വൈകാതെ തന്നെ ഒരു മുഷിഞ്ഞ നൈറ്റി അണിഞ്ഞു എത്തിയ അരുണിമയുടെ അമ്മ ആശ  വാതിൽ പടിയിൽ പിടിച്ചു കൊണ്ട് അവനെ നോക്കി.

“മോനെ ഇങ്ങട്ട് വായോ ഉള്ളിലേക്ക്  ”

“അത് അമ്മേ  ”

അനന്തു പൊടുന്നനെ സ്തബ്ധനായി

“വാ മോനെ ഉള്ളിലേക്ക് ” ആശ സ്നേഹത്തോടെ അവനെ ക്ഷണിച്ചു.

അവളുടെ പിറകിൽ മറഞ്ഞു നിന്ന് അരുണിമയുടെ അനിയത്തി അവനെ എത്തി നോക്കി. അനന്തു പുറത്ത് ചെരിപ്പ് ഊരി വച്ച ശേഷം ഉള്ളിലേക്ക് കയറി.

അരുണിമയുടെ അമ്മ വെപ്രാളത്തോടെ അവിടെ അയയിൽ കിടന്ന പഴഞ്ചൻ തുണി എടുത്തു കസേരയിൽ അമർത്തി തുടച്ചു കൊണ്ട് അവനോട് പറഞ്ഞു.

“ഇരിക്ക് മോനെ ഈടെ… വല്യ സൗകര്യം ഒന്നുല്ലപ്പാ ഞങ്ങടെ വീട്ടില്  ”

ആശ  കുണ്ഠിതത്തോടെ പറഞ്ഞു.

“അയ്യോ അതൊന്നും കുഴപ്പമില്ല അമ്മേ.. നിങ്ങളെയൊക്കെ പരിചയപ്പെടാൻ പറ്റിയത് തന്നെ സന്തോഷം  “

Leave a Reply

Your email address will not be published. Required fields are marked *