ദേവനന്ദ 9 [വില്ലി]

Posted by

ജാനകിയമ്മ ഉദ്ദേശിച്ചത് രാഘവനെ കുറിച്ചായിരുന്നു..

” കുറച്ചു ദിവസമായി ഇവിടെ ഇല്ല..  എവിടെയോ പോയിരിക്കുകയാണ്…. ”

അവര് വീണ്ടും കൂട്ടി ചേർത്തു…..

” ദേവുവിന് അമ്മയെ ഒന്ന് കാണണം എന്ന് പറഞ്ഞു അതാണ്…… ”

അതിനവർ ആദ്യം ഒന്ന് പുഞ്ചിരിക്കയാണ് ചെയ്തത്…

” അവൾ സ്നേഹം ഉള്ളവളാ….  സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ….  അല്ലെങ്കിൽ ഇത്രയും ഞാൻ അവളെ ദ്രോഹിച്ചിട്ടും എന്നെ തേടി വരില്ലല്ലോ …. ”

അവര് പറഞ്ഞത് നേരാണ്…  എത്രത്തോളം ഞാൻ അവളെ ദ്രോഹിച്ചിട്ടുണ്ടാകും എന്നിട്ടും ഇന്നും അവളെന്നെ സ്നേഹിക്കുകയാണ്..  ജീവന് തുല്യം….. അതേ എന്റെ ദേവു സ്നേഹമുള്ളവളാണ്.

” എന്റെ മോളെ കൈ വിടരുത് മോനെ….. ” ഒരു വിതുമ്പലോടെ അവരെന്നോട് അപേക്ഷിച്ചു.എല്ലാവർക്കും എന്നോടിപ്പോൾ ഒരേയൊരു അപേക്ഷയെ ഉള്ളു എന്നു തോന്നി.    .മറുപടി ഉണ്ടായിരുന്നില്ല എന്നിൽ..

 

” നന്ദുവേട്ട….ഒന്നിങ്ങു വന്നേ..  ”

ദേവുവിന്റെ വിളിയെത്തി അവരെ മറികടന്നു ഞാൻ മുറിക്കുള്ളിലേക്ക് കടന്നു. പണ്ടെങ്ങോ അച്ഛൻ  വാങ്ങി കൊടുത്ത സാധനങ്ങൾ മുതൽ പല നിറം മങ്ങിയ വസ്തുക്കളും ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു പെട്ടി എനിക്കായി തുറന്നു വച്ചിരിക്കുകയായിരുന്നു അവൾ …. എല്ലാ വസ്തുക്കളും അതിന്റെ സവിശേഷതകളും അവയും ദേവുവും തമ്മിൽ ഉള്ള ആത്മബന്ധവും എല്ലാം ഒരു കൊച്ചു കുട്ടിയെന്ന  പോലെ എനിക്ക് വിവരിച്ചു തന്നു അവൾ …   ആദ്യമായ് ഞാൻ തന്റെ വീട് കാണുന്നതിന്റെ കൗതുകത്തിൽ ആണവൾഎന്നെനിക്കു മനസിലായി…. എല്ലാറ്റിനും പിന്നിൽ അവളുടെ അച്ഛന്റെ ഓർമ്മകൾ ഒളിഞ്ഞു കിടന്നിരുന്നു…  അതെന്നെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു താനും..  വാതിലിൽ ചാരി നിന്ന ജാനമ്മയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല….

 

നേരം വൈകി ഇറങ്ങാൻ നേരം അവൾ അവരെ കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞു..

” അച്ഛൻ  വിളിച്ചിരുന്നോ?  ”

എല്ലാറ്റിനും ഒടുവിൽ അവളുടെ ആ ചോദ്യം എന്നെ നൊമ്പരപ്പെടുത്തി.. സങ്കടമില്ലെന്നവൾ എത്ര ആണയിട്ടു പറഞ്ഞാലും അച്ഛന്റെ ഈ അസാന്നിധ്യം അവളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു…

” ഇല്ല മോളെ…… ”

വിതുമ്പി വന്ന കണ്ണുനീർ അടക്കിപ്പിടിച്ചു അവർ മറുപടി പറഞ്ഞു…  അവരിൽ നിന്നും അടർന്നു മാറിയ ദേവു ചുവരിൽ ഉള്ള അച്ഛന്റെ നിറപുഞ്ചിരിയോടെ ഉള്ള ചിത്രത്തിലേക്ക് നോട്ടം തിരിച്ചു…

 

” തിരിച്ചു വരുമ്പോൾ എന്നോട് ദേഷ്യമായിരിക്കുവോ അച്ഛന്   ”

” മോളെ…. ”

വിതുമ്പി നിന്ന ജാനമ്മ അലറി കരഞ്ഞു പോയി ആ നിമിഷം…  ഒരു നിമിഷത്തേക്കെങ്കിക്കും ശില കണക്കെ നിന്നു പോയി ഞാനും .

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ജാനമ്മ ദേവുവിന്റെ മുഖം കൈകളിൽ കോരിയെടുത്തു…  കരയാൻ വെമ്പി നിൽക്കുകയായിരുന്നു ദേവുവിന്റെ ആ മിഴികളും…

Leave a Reply

Your email address will not be published. Required fields are marked *