ദേവനന്ദ 9 [വില്ലി]

Posted by

മനസ്സില്ല മനസ്സോടെ ആണെങ്കിലും അവരുടെ ആ അഭിപ്രായം ഞാനും അംഗീകരിച്ചു.  ദേവുവിന് എല്ലാം മറക്കാനും മറ്റൊരിടം തന്നെ ആണ് നല്ലത്… എന്ന് എനിക്കും തോന്നി.

 

” പക്ഷെ ദേവു അവളെ എങ്ങനെപറഞ്ഞു മനസിലാക്കും… ”

 

” പറയണം.  പറഞ്ഞു സമ്മതിപ്പിക്കണം….. ! ”

” എനിക്ക് കഴിയില്ലെടത്തി..  സ്വന്തം വീട്ടിൽ നിന്നിവിടെ വന്നു പൊരുത്തപ്പെടാൻ അവൾ നന്നേ കഷ്ടപ്പെട്ടതാ..  അവൾക്കിന്നെല്ലാം ഈ വീടല്ലേ.  നിങ്ങളൊക്കെ അല്ലെ.  അതൊക്കെ ഉപേക്ഷിച്ചു അവൾ പോകാൻ തയ്യാറാകുമെന്നെനിക്കു തോന്നുന്നില്ല…  ”

 

എന്റെ അഭിപ്രായം ശരിയാണെന്നു അവർക്കും തോന്നിയിരിക്കാം.

 

” എന്നാൽ ഞാൻ അവളോട് സംസാരിക്കാം.  അവളെ പറഞ്ഞു സമ്മതിപ്പിക്കാം…. ”

” പക്ഷെ ഏടത്തി അവളൊന്നും അറിഞ്ഞിട്ടില്ല…  ഒന്നും അറിയാനും പാടില്ല…. ”

 

” ഇല്ലെടാ ഇനിയും ആ പെണ്ണിന്റെ കണ്ണുനീർ കാണാൻ വയ്യ.  ഞാൻ അവളോട് സംസാരിച്ചോളാം…  ”

 

എനിക്കതിനു സമ്മതം മൂളുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.  ജീവിതവും മനസ്സും വേരുറച്ചു പോയ സ്വന്തം നാട്ടിൽ നിന്നൊരു പറിച്ചു മാറ്റം അതെത്രത്തോളം ജീവിതത്തെ ബാധിക്കും എന്നെനിക്കപോഴും അറിയില്ലായിരുന്നു.  എങ്കിലും ദേവുവിന്റെ ചുണ്ടിലെ ആ പുഞ്ചിരി.. അതങ്ങനെ തന്നെ നിലനിൽക്കാൻ ഈ യാത്ര അനിവാര്യമാണ്…….

====***====****====

 

 

” പക്ഷെ..  അമ്മ..  അമ്മ സമ്മതിച്ചോ..  ദേവുവിന്റെ അച്ഛൻ വരുന്നത് വരെ കാത്തിരിക്കാൻ അമ്മ പറഞ്ഞതല്ലേ….. ”

 

എന്റെ ചോദ്യത്തിന് ഏടത്തിയിൽ ഒരു പുഞ്ചിരിയാണ് ഉണ്ടായത്..

 

” ഒരു രഹസ്യവും ഒരുപാട് കാലത്തേക്കു മൂടി വക്കാൻ പറ്റില്ല നന്ദു.  ഒരു കാലത്തു അതും മറനീക്കി പുറത്തു വരും…. ”

 

ഏടത്തി മറച്ചു പിടിച്ച വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി.  അച്ഛനിനി ഇല്ല എന്നാ സത്യം അവരും അറിഞ്ഞിരിക്കുന്നു എന്ന്.  ജാനമ്മ എല്ലാം പറഞ്ഞിരിക്കാം.  ദയനീയ ഭാവത്തിൽ ഞാനവരെ നോക്കി.  എന്റെ കണ്ണുകൾ അവരോട് മാപ്പപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *