സൂര്യനെ പ്രണയിച്ചവൾ 3
Sooryane Pranayichaval Part 3 | Author : Smitha | Previous Parts
“ക്യാപ്റ്റൻ,”
റെജി ജോസ് വീണ്ടും വിളിച്ചു.
“ങ്ഹേ?”
ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ് ചോദിച്ചു.
“എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നാൽ?”
രാകേഷ് മാത്രം കേൾക്കേ വിമൽ മന്ത്രിച്ചു.
“ങ്ഹാ…”
പത്മനാഭൻ തമ്പി പെട്ടെന്ന് പറഞ്ഞു.
“ഇത് ഗായത്രി,”
അയാൾ ആ പെൺകുട്ടിയുടെ തോളിൽ കൈവെച്ചു.
“എൻറെ മോൾ…”
“ഹെലോ,”
രാകേഷ് വിസ്മയം വിട്ടുമാറാതെ പറഞ്ഞു.
“ഹായ്…”
രാകേഷിൻറെ നേരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
പനിനീർപ്പൂക്കളും ക്രിസാന്തിമവും ലൈലാക്കുകളും നിറഞ്ഞ ഉദ്യാനത്തിൽ നിന്ന് ഒരു കാറ്റുവന്ന് തൻറെ അകതാരിനെ തൊട്ടതുപോലെ തോന്നി രാകേഷിന് അവളുടെ ശബ്ദം കേട്ടപ്പോൾ.
വസന്തം കത്തുന്ന ഒരു മലഞ്ചെരിവിൽ ഗിത്താർ മീട്ടിപ്പാടുന്ന ഒരു ഗായികയെ അയാൾ ഒരു നിമിഷനേരത്തേക്ക് സങ്കൽപ്പിച്ചു.
പ്രണയത്തിൻറെ സൈക്കഡലിക് വർണ്ണങ്ങൾ സൂര്യവെളിച്ചം പോലെ എനിക്ക് ചുറ്റും നിറയുകയാണ് നിൻറെ ശബ്ദമിപ്പോൾ ഞാൻ ആദ്യമായി കേൾക്കുമ്പോൾ.
“നിങ്ങൾ ഇവിടെ നിൽക്കാതെ അകത്തേക്ക് വരൂ…”
വിമൽ പെട്ടെന്ന് അവരോട് പറഞ്ഞു.
“ഇന്ന് ഞങ്ങളുടെ റെജിമെൻറ്റിൻറെ ഫൗണ്ടിങ് ഡേയാണ് സാർ …”
എല്ലാവരും അകത്തേക്ക് നടക്കവേ റെജി പറഞ്ഞു.
“അതുകൊണ്ട് ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്…”
പദ്മനാഭൻ തമ്പി അത് കേട്ട് പുഞ്ചിരിച്ചു.