“ഇവൻ, വിഷ്ണു ദാസ്,”
സന്തോഷ് എഴുന്നേറ്റ് തോക്കുധാരിയായ ഒരാളുടെ തോളിൽ പിടിച്ചു.
“ലാൻസ്നായക് ആയിരുന്നു…തേർട്ടി റ്റു ബറ്റാലിയൻ ഈസ്റ്റേൺ ഫ്രണ്ടിയർ…പേരിനൊരു കോർട്ട് മാർഷൽ ചടങ്ങിന് ശേഷം വെടിവെച്ചുകൊല്ലാൻ കൊണ്ടുപോവുകയായിരുന്നു ഇവനെ. ഇവന്റെ മേജറുടെ ഓർഡർ പ്രകാരം. ഇവൻ ചെയ്ത കുറ്റം ക്യാമ്പിനടുത്ത ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്ന സ്വന്തം മേജറെ തോക്കിന്റെ പാത്തികൊണ്ട് അടിച്ച് തലപൊട്ടിച്ചത്. കൂട്ടത്തി നാല് പട്ടാളക്കാരെ വെടിവെച്ച് കൊല്ലേണ്ടി വന്നു സ്വയരക്ഷയ്ക്ക്…. വിഷ്ണു ഓടിഎത്തിയത് എന്റെ മുമ്പിൽ….”
നെൽസണും കൂട്ടുകാരും ഒന്നും മനസ്സിലാകാതെ സന്തോഷിനെ നോക്കി.
“സന്തോഷ് ചേട്ടാ, അതെനിക്കറിയാവുന്നതല്ലേ…?”
“”ഇത് സൈനുൽ അസ്‌ലം,”
നെൽസന്റെ വാക്കുകളെ അവഗണിച്ച് സന്തോഷ് മറ്റൊരാളുടെ തോളിൽ കൈവെച്ചു.
“നിനക്ക് എല്ലാം അറിയാവുന്നതല്ലേ? അങ്ങനെയല്ലേ നീയിപ്പോൾ പറഞ്ഞെ? ശരി പറ. എന്താ സൈനുൽ അസ്‌ലത്തിന്റെ ബാക് ഗ്രൗണ്ട്?”
സന്തോഷ് നെൽസണെ രൂക്ഷമായി നോക്കി.
“അസ്‌ലം പോലീസിൽ ഡിപ്പാർട്ട്മെൻറ്റിൽ ആയിരുന്നു.”
നെൽസൺ പറഞ്ഞു.
“അൽ ക്വയ്‌ദയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഒരു പാക്കിസ്ഥാനി ഏജന്റ് അസ്‌ലത്തിന്റെ അനുജനെ വശീകരിച്ച് വാഗമണ്ണിൽ ഒരു ക്യാമ്പിൽ കൊണ്ടുപോയി. ഒരു ടിപ്പിന്റെ സഹായത്താൽ പോലീസ് അവിടെയെത്തി. കൂടെ അസ്ലവുമുണ്ടായിരുന്നു. സ്വന്തം അനുജനെ ക്യാമ്പിൽ കണ്ട അസ്ലം ആകെ അമ്പരന്ന് പോയി. അവനെ വെടിവെക്കാൻ തുടങ്ങിയ സബ് ഇൻസ്പെക്റ്ററുടെ തോക്കിന് കയറിപ്പിടിച്ച് അസ്ലം അയാളെ വിലക്കി…”
നെൽസൺ പറഞ്ഞു.
“നല്ല ഡിസ്‌ക്രിപ്‌ഷൻ,”
സന്തോഷ് പരുഷമായി ചിരിച്ചു.
“അപ്പോൾ ബാക്കി നടന്നത് കൂടി അറിയാമായിരിക്കൂലോ?”
“പിന്നെ അറിയില്ലേ സന്തോഷ് ചേട്ടാ?”
നെൽസണും ചിരിച്ചു.
“പോലീസ് അന്നേരവാ അറിഞ്ഞത് അവൻ അസ്ലത്തിന്റെ സ്വന്തം അനുജൻ ആണ് എന്ന്,”
നെൽസൺ തുടർന്നു.